ആലപ്പുഴ: സംസ്ഥാനത്തെ സിപിഎം വിഭാഗീയതില്‍ എന്നും കേന്ദ്രബിന്ദു ആയിരുന്ന ആലപ്പുഴയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈകാര്യം ചെയ്യും. പിണറായി പക്ഷം ആസൂത്രിതമായി നടത്തിയ വെട്ടി നിരത്തല്‍ സമ്പൂര്‍ണമായെങ്കിലും കനല് ആളിക്കത്താന്‍ അധിക സമയം വേണ്ടെന്ന് മറ്റാരേക്കാളും അറിയുന്നത് പിണറായിക്ക് തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലങ്ങള്‍ പോലും കൈവിട്ടു പോകുമെന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിലാണ് അട്ടിമറി ആശങ്കയില്‍ പിണറായി വിജയന് തന്നെ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല നേരിട്ട് നോക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടും ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിനാണ് കരസ്ഥമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ എംഎല്‍എ എ.എം. ആരീഫിനെ രാജിവെപ്പിച്ച് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കഷ്ടിച്ച് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ആരീഫ് കടന്നുകൂടിയത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം സിപിഎമ്മിന് നഷ്ടമായി. സിപിഎം ഔദ്യോഗിക പക്ഷത്തു നിന്നുണ്ടായ കാലുവാരലാണ് പാര്‍ട്ടി പരാജയപ്പെടാനിടയാക്കിയത്.
ഇതിനെ തുടര്‍ന്നാണ് ജില്ലയിലെ പാര്‍ട്ടിയില്‍ സമവാക്യങ്ങള്‍ മാറിയത്. ഒടുവില്‍ അത് വളര്‍ന്ന് മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും, തോമസ് ഐസക്കിനും നിയമസഭാ സീറ്റ് നിഷേധിക്കുന്നതില്‍ വരെ കാര്യങ്ങളെത്തിച്ചു. നേരത്തെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാന കമ്മറ്റിയംഗമാണ് ഇന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ ആധിപത്യം. ഐസക്കും, സുധാകരനും കാഴ്ചക്കാരാകുകയും, രണ്ടാം നിര നേതാക്കള്‍ കാര്യക്കാരാകുകയും ചെയ്തു.
ഇതിന്റെ പ്രതിഫലനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ആലപ്പുഴയിലും അമ്പലപ്പുഴയിലും പാര്‍ട്ടി അണികളില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങള്‍. ജില്ലയില്‍ ആകെ ഇടതുപക്ഷത്തിനുണ്ടായിരുന്ന അനുകൂലമായ അന്തരീക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.
ഉറപ്പുള്ള സീറ്റുകള്‍ ഒന്നു പോലും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. സുധാകരനെയും ഐസക്കിനെയും ഒതുക്കിയതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് ആളിക്കത്താനും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനും സാദ്ധ്യതയേറെയാണ്. പതിറ്റാണ്ടുകളായി ജി. സുധാകരന് ഏതു പക്ഷത്താണോ, ആ വിഭാഗമായിരിക്കും ജില്ലയില്‍ പാര്‍ട്ടിയില്‍ ആധിപത്യം നിലനിര്‍ത്തുക എന്നതാണ് ചരിത്രം. വിഭാഗീയത ആളിക്കത്തുമോ, അതോ വീണ്ടുമൊരു വെട്ടിനിരത്തലിന് ജില്ല സാക്ഷ്യം വഹിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: