ബത്തേരി: കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി കേരളത്തില്‍ ഇരു മുന്നണികളുടേയും ഭരണപരിഗണനയില് നിന്ന് തിരസ്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് മത്സരിക്കുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി.കെ. ജാനു. പട്ടികജാതി, വര്‍ഗ, വിഭാഗങ്ങളെ വഞ്ചിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും ചെയ്തത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച ഇരുമുന്നണികളുടേയും എംഎല്‍എമാര്‍ക്ക് സമുദായങ്ങളുടെ ന്യായമായ അവകാശങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. സിപിഎം പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഗോത്ര ജനതയെ കുടില്‍കെട്ടി സമരം നടത്താനായി ഉപയോഗിച്ചു. എന്നാല്‍ ഭരണത്തില്‍ അഞ്ചു വര്‍ഷമിരുന്നിട്ടും ഒരു തുണ്ട് ഭൂമി പോലും നല്കാന് ഇടത് സര്‍ക്കാരിന് കഴിഞ്ഞില്ല. എന്ത് നേട്ടമാണ് ഇടത് ഭരണം അധഃസ്ഥിതര്‍ക്കായി നല്‍കിയതെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. കോടികള്‍ ചെലവിട്ട് വികസനമുണ്ടാക്കിയെന്ന് പ്രചാരണം നടത്തുന്നവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങള്‍ക്ക് പകല്‍ പോലെ വ്യക്തമായ പൊള്ളുന്നയാഥാര്ത്ഥ്യങ്ങളെ പരസ്യപ്പലക കൊണ്ട് മറച്ച് വെക്കാനാവില്ല. നഗരങ്ങളില്‍ പുതിയ ഫഌറ്റുകള്‍ കെട്ടി അധഃസ്ഥിത ജനതയ്ക്ക് അവകാശപ്പെട്ട മണ്ണില്‍ നിന്ന് അവരെ ആട്ടിയോടിക്കുകയാണ്. ഫഌറ്റല്ല അവകാശപ്പെട്ട മണ്ണാണ് അധഃസ്ഥിതര്‍ക്ക് ലഭിക്കേണ്ടത്.
മുത്തങ്ങയില്‍ കുടില്‍കെട്ടി ഗോത്രമഹാസഭയാണ് പട്ടികവര്‍ഗ വിഭാഗത്തിന്റെ ഭൂ അവകാശസമരം ആരംഭിച്ചത്. എന്നാല്‍ ഇരുമുന്നണികളും പിന്നീട് ഗോത്ര സമൂഹത്തെ വഞ്ചിക്കുകയായിരുന്നു. വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഗോത്രവിഭാഗം വന്യമൃഗങ്ങളില്‍ നിന്ന് ഭീഷണി നേരിടുകയാണ്. കേരളത്തില്‍ നേട്ടമുണ്ടാക്കിയത് മുന്നണികളെ നിയന്തിക്കുന്ന ചില വിഭാഗങ്ങളാണ്. പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണം.
കേരളത്തിന്റെ ഈ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് വീണ്ടും മത്സര രംഗത്തിറങ്ങുന്നത്. എന്‍ഡിഎയ്ക്ക് മാത്രമേ കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് വിട്ടു നിന്ന കാലത്തെ സാഹചര്യമല്ല ഇന്നുള്ളത്. അത്തരം പ്രശ്നങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചു.
ഇത്തവണ കേരളത്തില്‍ വലിയ രാഷ്ടീയ മാറ്റമുണ്ടാകും. സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ മത്സരിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. വിജയമുറപ്പിച്ച് തന്നെയാണ് ഇത്തവണ മത്സരിക്കുന്നത്. വയനാടിന്റെ വികസന പിന്നാക്കാവസ്ഥക്കെതിരെ വയനാട്ടിലെജനങ്ങള് ജനാധിപത്യപരമായി പ്രതികരിക്കുമെന്നുറപ്പുണ്ട്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: