കഥകളിയരങ്ങില്‍ നിറഞ്ഞാടി ആസ്വാദകരെ ആനന്ദത്തിന്റെ അപരിമേയ തലങ്ങളില്‍ എത്തിച്ച ഗുരു ചേമഞ്ചേരിയുടെ വ്യക്തിജീവിതം നഷ്ടങ്ങളുടേതായിരുന്നു. മൂന്നാം വയസ്സില്‍ അമ്മയുടേയും 13-ാം വയസ്സില്‍ അച്ഛനേയും 36-ാം വയസ്സില്‍ ഭാര്യയുടേയും വിയോഗത്താല്‍ ഉലഞ്ഞുപോയ ജീവിതം. ലാളിച്ചു കൊതി തീരും മുമ്പേയായിരുന്നു ആദ്യകണ്മണിയുടെ അകാല വേര്‍പാട്. ഈ വേദനകളെയെല്ലാം കളിയരങ്ങുകളിലൂടെ അതിജീവിക്കുകയായിരുന്നു ഗുരു ചേമഞ്ചേരി.
അമ്മ കുഞ്ഞമ്മ കുട്ടിയുടെ മരണം, കുഞ്ഞിരാമന് മൂന്ന് വയസ്സുള്ളപ്പോഴായിരുന്നെങ്കിലും അതിന്റെ പൊള്ളുന്ന ഓര്‍മ്മ വാര്‍ധക്യത്തിലും വിട്ടൊഴിഞ്ഞിരുന്നില്ല. പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അമ്മ മരിച്ചത്. വീടിന് അടുത്തുള്ള കടയില്‍ നിന്നും കുഞ്ഞിരാമന് അന്ന് അച്ഛന് ചായയും വയറുനിറയെ പലഹാരങ്ങളും വാങ്ങി നല്‍കിയിരുന്നു. അമ്മയുടെ മരണം, ആ മൂന്ന് വയസ്സുകാരനെ അറിയിക്കുന്നതിന് മുമ്പേ അവന്റെ വിശപ്പടക്കി. വീട്ടില്‍ തിരികെയെത്തുമ്പോള്‍ കാണുന്നത് കത്തിച്ചുവച്ച നിലവിളക്കിന് മുന്നില്‍ ചേതനയറ്റ അമ്മയുടെ ദേഹമാണ്. മൂന്ന് വയസ്സിന് മൂത്ത ഉണ്ണിമാധവിയായിരുന്നു ഏക സഹോദരി. അമ്മയുടെ മരണശേഷം അച്ഛന് രണ്ടാമതും വിവാഹിതനായി. ആ ബന്ധത്തില്‍ രണ്ട് സഹോദരന്മാര്. നാലാം ക്ലാസ് വരെയായിരുന്നു പഠനം.
മരുമക്കത്തായം നിലനിന്നിരുന്ന പ്രദേശമായിരുന്നു ചേലിയ. അച്ഛന്റെ മരണശേഷം കുഞ്ഞിരാമനേയും സഹോദരിയേയും അച്ഛന്റെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. അമ്മ വീട്ടിലാണ് പിന്നീട് അഭയം. അവിടെ അമ്മാവന്മാര്ക്കൊപ്പം കാര്‍ഷിക വൃത്തികളില്‍ വ്യാപൃതനായി. സഹോദരിയുടെ വിവാഹശേഷം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ. അതില്‍ നിന്നും ഒട്ടൊക്കെ ആശ്വാസമായത് വീടിനടുത്തുള്ള വാര്യോം വീട്ടില്‍ കുഞ്ഞിരാമന് കിടാവിന്റെ നാടക സംഘമായിരുന്നു. നാടകത്തിലെ കഥാപാത്രങ്ങളുടെ സ്വാധീന ഫലമായി അഭിനയിക്കണമെന്നായി മോഹം. വള്ളിത്തിരുമണം എന്നായിരുന്നു ആദ്യ നാടകത്തിന്റെ പേര്. നാടകത്തിന് രംഗസജ്ജീകരണവും മറ്റും നടത്തുന്നതിന് എത്തിയ ഗോവിന്ദമേനോന്റെ ഒരു ചോദ്യമാണ് കുഞ്ഞിരാമന്റെ ജീവിത ഗതി മാറ്റിയത്. കഥകളി പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യം. ഒറ്റപ്പെടലില്‍ നിന്നും രക്ഷപെടാമല്ലോ എന്ന് കരുതിയാവണം കുഞ്ഞിരാമന് കഥകളി പഠനത്തിന് താല്പര്യമറിയിച്ചു. മേപ്പയ്യൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തിലേക്ക് നാലണയുമായി ഗോവിന്ദമേനോനൊടൊപ്പം യാത്ര പുറപ്പെട്ടു.
പാലക്കാട് സ്വദേശിയായ കരുണാകര മേനോനായിരുന്നു ഗുരുനാഥന്. പരിശീലനം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് കാരണവന്മാര് കുഞ്ഞിരാമന്റെ കഥകളി പഠനത്തെക്കുറിച്ച് അറിഞ്ഞത്. വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ എത്തിയവരെ ഗുരു സമാധാനിപ്പിച്ച് മടക്കി അയച്ചു. കുഞ്ഞിരാമന്റെ വൈഭവം തിരിച്ചറിഞ്ഞ കരുണാകരമേനോന്‍ തന്റെ അരുമ ശിഷ്യനെ കഥകളിയിലെ എല്ലാ സങ്കേതങ്ങളും പഠിപ്പിച്ചു. അതും ആറ് വര്‍ഷം കൊണ്ട്. കിരാതത്തിലെ പാഞ്ചാലിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് അരങ്ങില്‍ നിന്ന് അരങ്ങിലേക്കുള്ള പ്രയാണമായിരുന്നു. ഭഗവാന് കൃഷ്ണനായി, കുചേലനായി, ദുര്യോദനനായി, കീചകനായി, ഭീമനായി വേഷപ്പകര്‍ച്ചകള്‍. അരങ്ങില്‍ ഏറിയ കൂറും കൃഷ്ണവേഷമായിരുന്നു അവതരിപ്പിച്ചിരുന്നത്.
ഗുരു കരുണാകര മേനോന്റെ വിയോഗം ചേമഞ്ചേരിയെ വല്ലാതെ ഉലച്ചിരുന്നു. ചിറയ്ക്കല്‍ വട്ടളത്തില്ലത്ത് കുചേലവൃത്തം കഥകളി അവതരിപ്പിക്കുന്ന സമയം. ഗുരുവായിരുന്നു കുചേലന്. കൃഷ്ണനായി ചേമഞ്ചേരിയും. സതീര്‍ത്ഥ്യനായ കുചേലന് മുന്നില്‍ പദങ്ങള്‍ക്കനുസരിച്ച് ആടുന്ന കൃഷ്ണന്. കൈ കൂപ്പിയിരിക്കുന്ന കുചേലന്. പദങ്ങള്‍ കഴിഞ്ഞിട്ടും കുചേലന് അനക്കമില്ല. കുഞ്ഞിരാമന് ഗുരുവിനെ തൊട്ടതും അദ്ദേഹം തളര്‍ന്ന് ശിഷ്യന്റെ കൈകളിലേക്ക് വീണു. കിടപ്പിലായ ആശാന് ഒരാഴ്ച കഴിഞ്ഞ് മരണപ്പെട്ടു. ബന്ധുക്കളാരും അടുത്ത് ഇല്ലാതിരുന്നതിനാല്‍ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ചത് കുഞ്ഞിരാമനായിരുന്നു. മാനസികമായി ഏറെ തളര്‍ന്നുപോയ സമയമായിരുന്നു അത്. പിന്നീട് രാധാകൃഷ്ണ കഥകളിയോഗത്തില്‍ തുടരാനായില്ല. തറവാട്ടിലെത്തി കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനായി. വീണ്ടും ഒരു നിയോഗം പോലെ കഥകളിയരങ്ങിലെത്തി ജൈത്രയാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: