ലോലപീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം/പീലിമുടിവനമാലകള്‍ക്കപ്പുറം/പ്രീതിപ്പൊലിമതന്പൊന്തിടമ്പാം മഹാ/ജ്യോതിസ്വരൂപനെ കാണുന്നതില്ലയോ? കഥകളിയെ ജീവിതമായും, തന്നെ അതിലെ നടനായും കണ്ട് കവി പി. കുഞ്ഞിരാമന് നായര്‍ എഴുതിയ കളിയച്ഛന് എന്ന കവിതയിലെ ഈ വരികളിലൂടെയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ എന്ന കലാകാരന്റെ ജീവിതത്തെയും രൂപത്തെയും ഓര്‍ത്തെടുക്കാനാവുക. കവിയുടെ ജ്യോതിസ്വരൂപന്‍ സാക്ഷാല്‍ ശ്രീകൃഷ്ണനെ മനസ്സില്‍ കുടിയിരുത്തി നൂറ്റാണ്ടുകാലത്തോളം കലാസപര്യ നടത്തുകയും, അതുവഴി മറ്റാര്‍ക്കും കഴിയാത്തവിധം കലാപാരമ്പര്യത്തെ സമ്പുഷ്ടമാക്കുകയും ചെയ്ത ആചാര്യനാണ് ഗുരു ചേമഞ്ചേരി. കഥകളി തീര്‍ത്തും അനാഥമായിരുന്ന ഒരുകാലത്ത് ഈ കലയെ ഹൃദയത്തിന്റെ ഒത്ത നടുവില്‍ പ്രതിഷ്ഠിച്ചയാള്‍. തനതു സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥകളിയെ ജനകീയമാക്കുന്നതിന് ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് ചരിത്രപരമാണ്. ഭരതനാട്യം പോലുള്ള നൃത്തരൂപങ്ങളെ ഫോക്ലോറുമായി കൂട്ടിയോജിപ്പിച്ച്, കഥകളി മുദ്രകളെ നാടോടി നൃത്തച്ചുവടുകളുമായി ഇണക്കി ചേമഞ്ചേരി വികസിപ്പിച്ചെടുത്ത ‘കേരള നടനം’ എന്ന കലാരൂപം പുതിയൊരു നൃത്തസംസ്കാരം തന്നെ സൃഷ്ടിച്ചു. ഐക്യകേരളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചേമഞ്ചേരി അവതരിപ്പിച്ച ‘കേരള വിജയം’ വലിയ പങ്കുവഹിച്ചു. കലയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച ഈ ആചാര്യന് അതിവിപുലമായ ശിഷ്യപരമ്പരയ്ക്ക് ഉടമയായി. പത്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ തേടിയെത്തിയ ഈ മഹാഗുരുവിന്റെ വേര്‍പാട് കലാകേരളത്തിന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: