തിരുവനന്തപുരം: അഞ്ചു വര്‍ഷം മുമ്പ് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു മണ്ഡലത്തില്‍ വിജയിക്കുകയും ഏഴിടത്ത് രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇത് അതിശയോക്തി പകരുന്ന കണക്കല്ല.
കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പങ്കുവെക്കുന്നത്. 35 സീറ്റുകള്‍ പിടിച്ചാല്‍ ബിജെപി അധികാരത്തിന്റെ കടിഞ്ഞാണേന്തും എന്നാണ് സുരേന്ദ്രന്റെ വാദം. എന്നാല്‍ 30,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ 42 എ പ്ലസ് മണ്ഡലങ്ങളിലേക്കാണ് ബിജെപി വിജയം മാത്രം ലക്ഷ്യമാക്കി നീങ്ങുന്നത്. ലഭ്യമായതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ അതിനായി ഒരുക്കാനും പാര്‍ട്ടി ശ്രമിച്ചു. ഇക്കുറി പോസിറ്റീവ് ഫാക്ടറുകള്‍ ധാരാളമുണ്ട്. ഇ.ശ്രീധരനും ജേക്കബ് തോമസും ഉള്‍പ്പെടെയുള്ള ഒരു വന്‍ സ്ഥാനാര്‍ത്ഥി നിര തന്നെ ബിജെപിയില്‍ എത്തിയിരിക്കുന്നു. ഒപ്പം ഒട്ടേറെ അനുകൂലമായ പ്രചാരണ വിഷയങ്ങളും ഉണ്ട്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ ക്കടത്തും ശബരിമലയും മത്സ്യബന്ധനക്കരാറും പിഎസ് സി പിന്‍വാതില്‍ നിയമനങ്ങളും സംവരണവും എല്ലാം ഇരുമുന്നണികളെയും തുറന്നുകാണിക്കാനുള്ള അവസരമാണ്.
2016ല്‍ നേമത്ത് ഒ. രാജഗോപാലിലൂടെയാണ് ബിജെപി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത്. അതോടൊപ്പം ഏഴ് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച് വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. മഞ്ചേശ്വരത്താകട്ടെ വെറും 89 വോട്ടുകള്‍ക്ക് കെ. സുരേന്ദ്രന് വിജയം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയി. അന്ന് സുരേന്ദ്രന് 56,781 വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമമിലെ സിഎച്ച് കുഞ്ഞമ്പുവിന് ആകെ ലഭിച്ചത് 42,565 വോട്ടുകള്‍ മാത്രം.
ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍
മഞ്ചേശ്വരം – കെ. സുരേന്ദന്- 56,781 വോട്ടുകള്‍
കാസര്‍കോട്- രവീശതന്ത്രി കുണ്ടാര്‍- 56,120 വോട്ടുകള്‍
വട്ടിയൂര്‍ക്കാവ്- കുമ്മനം രാജശേഖരന്- 43700 വോട്ടുകള്‍
കഴക്കൂട്ടം- വി. മുരളീധരന് – 42,732 വോട്ടുകള്‍
ചാത്തന്നൂര്‍- ബി.ബി. ഗോപകുമാര്‍- 33,199 വോട്ടുകള്‍
പാലക്കാട്- ശോഭ സുരേന്ദ്രന്- 40,076 വോട്ടുകള്‍
മലമ്പുഴ- സി. കൃഷ്ണകുമാര്‍- 46157 വോട്ടുകള്‍
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനേക്കാള്‍ 7,622 വോട്ടുകള്‍ മാത്രം അധികം പിടിച്ച കെ. മുരളീധരന് ജയിച്ചു. പക്ഷെ മുരളീധരന്റെ 2011ലെ ഭൂരിപക്ഷം 16,167 വോട്ടുകളായിരുന്നു. കഴക്കൂട്ടത്ത് വെറും 7,347 വോട്ടുകള്‍ക്ക് മാത്രമാണ് കടകംപള്ളി സുരേന്ദ്രനോട് ബിജെപിയുടെ വി. മുരളീധരന് തോറ്റത്. അന്ന് കോണ്‍ഗ്രസിന്റെ എം.എ. വാഹിദിന് ലഭിച്ചത് വെറും 38,602 വോട്ടുകള്‍ മാത്രമാണ്.
മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെയാണ് ബിജെപിയുടെ കൃഷ്ണകുമാര്‍ നേരിട്ടത്. ഇദ്ദേഹം അന്ന് 46,157 വോട്ടുകള്‍ നേടി. അന്ന് കോണ്‍ഗ്രസിന്റെ വി.എസ്. ജോയിക്ക് ലഭിച്ചത് വെറും 35,333 വോട്ടുകള്‍ മാത്രം. 2011ല്‍ കോണ്‍ഗ്രസിലെ ലതികാ സുഭാഷ് 54,095 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ ഈ അപചയം.
അതുപോലെ 2016ല്‍ ശോഭാ സുരേന്ദ്രന് പാലക്കാട്ട് 40,076 വോട്ടുകള്‍ നേടി. അവിടെ മൂന്നാം സ്ഥാനത്തേക്ക് പോയ എന്‍.എന്‍. കൃഷ്ണദാസ് നേടിയത് വെറും 38,675 വോട്ടുകളാണ്. കാസര്‍കോട് രവീശ തന്ത്രി 56120 വോട്ടുകള്‍ നേടി എന്നാല്‍ മൂന്നാം സ്ഥാനക്കാരനായ എല്‍ഡിഎഫിലെ എഎ അമീന് ലഭിച്ചത് 21615 വോട്ടുകള്‍ മാത്രം.
കൊല്ലത്തെ ചാത്തന്നൂരില്‍ ബിജെപിയിലെ ബിബി ഗോപകുമാര്‍ 33,199 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 2016ല്‍ എട്ട് മണ്ഡലങ്ങളില്‍ 40,000ല്‍ കൂടുതല്‍ വോട്ടുകളും 27 മണ്ഡലങ്ങളില്‍ 30,000ല്‍ പരം വോട്ടുകളും ബിജെപി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: