Categories: Kerala

വനിതാസ്ഥാനാര്‍ത്ഥികളുമായി ബിജെപി മുന്നില്‍; മലപ്പുറം ജില്ലയില്‍ മൂന്ന് വനിതാസ്ഥാനാര്‍ത്ഥി

Published by

തിരുവനന്തപുരം: വനിതാ സ്ഥാനാര്‍ത്ഥികളുടെ കണക്കെടുപ്പില്‍ ബിജെപി ഒന്നാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 12ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഒമ്പതും വനിതകള്‍ സ്ഥാനം പിടിച്ചപ്പോള്‍ ബിജെപിയുടെ 112 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ 14 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍.  

ഇനി കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി എന്നിങ്ങനെ മൂന്ന് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. 

കോട്ടയത്ത് മിനര്‍വ മോഹനും എറണാകുളത്ത് പദ്മജ എസ്. മേനോനും പാലായില്‍ ഡോ. ജെ. പ്രമീളാ ദേവിയും കണ്ണൂരില്‍ അ‍ഡ്വ. അര്‍ച്ചന വണ്ടിച്ചാലുമാണ് മത്സരിക്കുന്നത്.  

കണ്ണൂര്‍, കോട്ടയം, എറണാകുളം, പാല എന്നീ പ്രധാന മണ്ഡലങ്ങളില്‍ വനിതകളെയാണ് ബിജെപി കളത്തിലിറക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴില്‍ ആശാനാഥും, കൊല്ലം ജില്ലയിലെ കുത്തന്നൂരില്‍ രാജി പ്രസാദും മത്സരിക്കുന്നു. എറണാകുളം ജില്ലയില്‍ പത്മജ എസ് മേനോന് പുറമെ, കുന്നത്തുനാടില്‍ രേണുസുരേഷും പെരുമ്പാവൂരില്‍ ടി.പി. സിന്ധുമോളും രംഗത്തുണ്ട്. കോട്ടയം ജില്ലയില്‍ മിനര്‍വാ മോഹന് പുറമെ പാലായില്‍ ജെ. പ്രമീളാദേവിയും അങ്കത്തിനിറങ്ങുന്നു. തൃശൂര്‍ ജില്ലയിലെ ക്ഷേത്രനഗരി കൂടിയായ ഗുരുവായൂരില്‍ അഡ്വ. നിവേദിത പോരാട്ടവേദിയിലുണ്ട്.  

മലപ്പുറം ജില്ലയില്‍ മൂന്ന് വനിതാസ്ഥാനാര്‍ത്ഥികളുണ്ട്. പെരിന്തല്‍മണ്ണയില്‍ അഡ്വ. സുചിത്ര മറ്റടയും മഞ്ചേരിയില്‍ രശ്മിനാഥ് പിആറും കൊണ്ടോട്ടിയില്‍ ഷീബാ ഉണ്ണികൃഷ്ണനും മത്സരരംഗത്തുണ്ട്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നവ്യാ ഹരിദാസ് മാറ്റുരയ്‌ക്കുന്നു. കണ്ണൂരിലെ പേരാവൂരില്‍ സ്മിതാ ജയമോഹനും കണ്ണൂരില്‍ അഡ്വ. അര്‍ച്ചനാ വണ്ടിച്ചാലും ഇരിക്കൂരില്‍ ആനിയമ്മ രാജേന്ദ്രനും മത്സരിക്കും. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക