യുഡിഎഫ് ഭരണകാലത്ത് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇന്നത്തെ മന്ത്രിമാരടക്കമുള്ളവര്‍ നിയമസഭയില്‍ അക്രമപ്പേക്കൂത്തുകള്‍ നടത്തിയതിന് എടുത്ത കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധി സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്. കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈക്കോടതി നിരസിക്കുക മാത്രമല്ല, നിയമസഭയില്‍ അക്രമം കാണിച്ച എംഎല്‍എമാര്‍ യാതൊരു പരിരക്ഷയും അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. നിയമനിര്‍മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെയും അപ്പീല്‍ പോകുമെന്നാണ് പ്രതികള്‍ പറയുന്നത്. പക്ഷേ കേസില്‍ ഒരു തരത്തിലുള്ള ഇളവും ലഭിക്കാനിടയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അതിശക്തമായ ഉത്തരവില്‍നിന്ന് മനസ്സിലാക്കേണ്ടത്.
രാജ്യത്തെ മുഴുവന്‍ നാണംകെടുത്തിയ സംഭവമാണ് 2015 ലെ ബജറ്റ് സമ്മേളനത്തില്‍ അരങ്ങേറിയത്. തെമ്മാടികളെപ്പോലെയാണ് ചില ഇടതുപക്ഷ എംഎല്‍എമാര്‍ പെരുമാറിയത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ തങ്ങള്‍ക്ക് ഇതിനൊക്കെ അവകാശമുണ്ടെന്നും, നിയമസഭയ്ക്ക് അകത്തുണ്ടാകുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നുമൊക്കെയുള്ള വാദഗതികളാണ് സിപിഎം നേതാക്കള്‍ ഉന്നയിച്ചുപോന്നത്. ഈ വാദഗതികളെ ഹൈക്കോടതി പൂര്‍ണമായും തള്ളിയിരിക്കുകയാണ്. നിയമസഭയുടെ അന്തസ്സും എംഎല്‍എമാരുടെ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ക്രിമിനല്‍ കേസുകളില്‍നിന്ന് സംരക്ഷണവും ഇളവുകളും അനുവദിച്ചിട്ടുള്ളത് ഈ കേസില്‍ ബാധകമല്ലെന്ന് അസന്ദിഗ്ധമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. നിയമസഭാ സാമാജികരും മൗലികമായ കടമകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും, കേസില്‍ പ്രതികളായവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കാനാവില്ലെന്നുമുള്ള കോടതിയുടെ വാക്കുകള്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സഭയുമായി ബന്ധമില്ലാത്തതും, നിയമപരമായി ഇളവ് അനുവദിച്ചിട്ടില്ലാത്തതുമായ കുറ്റകൃത്യങ്ങള്‍ സാധാരണ പൗരന്മാര് നടത്തിയതിനു തുല്യമാകുമെന്ന സുപ്രധാനമായ നിരീക്ഷണവും ഹൈക്കോടതി ഉത്തരവിലുണ്ട്.
ലക്ഷ്യം മാര്‍ഗ ത്തെ ന്യായീകരിക്കുമെന്ന് വിശ്വസിക്കുന്നവരാണല്ലോ കമ്യൂണിസ്റ്റുകള്‍. പാര്‍ലമെന്ററി ജനാധിപത്യത്തെ വെറും അടവുനയമായി കാണുന്ന അവര്‍ നിയമ നിര്‍മാണ സഭകളുടെ വിശുദ്ധിയെ മാനിക്കുന്നില്ല. കേരള നിയമസഭയില്‍ ഇതിനു മുന്‍പും സിപിഎമ്മുകാരായ എംഎല്‍എമാര്‍ വലിയ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സിപിഎം വിട്ടുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ച് എംഎല്‍എയായ എം.വി. രാഘവനെ സഭയ്ക്ക് അകത്തുവച്ചുതന്നെ വകവരുത്താന്‍ ശ്രമം നടന്നു. രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നത് പാര്‍ട്ടി പരിപാടിയായി കൊണ്ടുനടക്കുന്ന സിപിഎമ്മുകാര്‍ക്ക് നിയമസഭാ സാമാജികരായാല്‍പ്പോലും മറിച്ച് ചിന്തിക്കാനോ പെരുമാറാനോ കഴിയില്ല. അവസരം കിട്ടുമ്പോഴൊക്കെ രാഷ്ട്രീയ സദാചാരം പ്രസംഗിക്കുമെങ്കിലും അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് അവരില്‍നിന്ന് ഉണ്ടാവുക. കെ.എം.മാണിയെ അഴിമതിയുടെ ആള്‍രൂപമായി കണ്ടാണ് നിയമസഭയെ യുദ്ധക്കളമാക്കിയത്. ഇങ്ങനെ ചെയ്തവര്‍ തന്നെയാണ് അതേ മാണിയുടെ പാര്‍ട്ടിയെ മുന്നണിയിലെടുത്ത് ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത്! എംഎല്എക്കുപ്പായമിട്ടാല് അക്രമങ്ങള്‍ക്കു മുന്നില്‍ നിയമം വഴിമാറുമെന്ന് കരുതാനാവില്ലല്ലോ. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വന്നിരിക്കുന്ന കോടതിവിധി സിപിഎമ്മിനും സര്‍ക്കാരിനും ഇരട്ടപ്രഹരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: