തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് താന്‍ തലമുണ്ഡനം ചെയ്യുന്നതെന്ന് അവര്‍ പ്രതികരിച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ലതികാ സുഭാഷ് രാജിവെച്ചു.
വളരെ ചെറുപ്പത്തിലേ തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് താന്‍. ഇപ്പോള്‍ എംഎല്‍എയായി തുടരുന്ന പലരേക്കാളും സീനിയറാണ്, എന്നിട്ടും തനിക്ക് സീറ്റ് നിഷേധിക്കുകയാണെന്ന് ലതിക പറഞ്ഞു. മുതിര്‍ന്ന വനിതാ നേതാക്കളായ രമണി പി നായരെ അടക്കം നേതാക്കള്‍ അവഗണിച്ചു. മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടിയേയും മുല്ലപ്പള്ളിയേയും അറിയിച്ചതാണെന്നും ലതിക പറഞ്ഞു.
ഏറ്റുമാനൂര്‍ സീറ്റിനായാണ് ലതികാ സുഭാഷ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് സീറ്റ് മാറ്റിവെക്കുകയായിരുന്നു.സമവായം എന്ന നിലയ്ക്ക് വൈപ്പിന്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതിനുള്ള സാധ്യതകള്‍ അവസാനിച്ചതോടെ പ്രഖ്യാപിക്കുകയായിരുന്നു.
സീറ്റ് വിഭജനത്തില്‍ വനിതകള്‍ക്ക് 20 ശതമാനം സീറ്റ് മാറ്റിവെക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ കേവലം 9 പേര്‍ക്കാണ് സീറ്റ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: