പത്തനാപുരം: കാട്ടുപന്നികളോടും പാമ്പുകളോടും പടവെട്ടി ചെറ്റക്കുടിലില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുകയാണ് ഒരു വനവാസി കുടുംബം. പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുര്യോട്ടുമല ആദിവാസി കോളനിയിലാണ് രാജേഷും കുടുംബവും ദുരിതത്തില്‍ കഴിയുന്നത്. മലമ്പണ്ടാരം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജേഷിന് രണ്ട് വര്‍ഷം മുമ്പാണ് വനവാസി കോളനിയില്‍ ഭൂമി ലഭിച്ചത്. അന്നുമുതല്‍ ടാര്‍പ്പോളിനും പ്ലാസ്റ്റിക്കും മേഞ്ഞ താല്‍ക്കാലിക ഷെഡിലാണ് താമസം.
ഭക്ഷണം പാകം ചെയ്യലും ഊണും ഉറക്കവുമെല്ലാം നല്ലൊരു കാറ്റടിച്ചാല്‍ പറക്കുന്ന ഈ ചെറിയ കുടിലിനുള്ളിലാണ്. മൂന്നും, നാലും വയസുള്ള പെണ്കുഞ്ഞുങ്ങളും ഒന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്കുഞ്ഞുങ്ങളുമായാണ് കുടുംബം ഇവിടെ കഴിയുന്നത്. കാട്ടുപന്നികളും ഇഴജന്തുക്കളും കുടിലിലേയ്ക്ക് ഇടയ്ക്കിടെ അതിഥികളായി എത്താറുണ്ട്. ഭീതി തോന്നുന്ന അത്തരം രാത്രികളിലെല്ലാം നാല് കുഞ്ഞുങ്ങളെയും മാറോടണച്ച് ഉറക്കമൊഴിക്കലാണ് ഇവരുടെ പതിവ്.
രാജേഷിന്റെ അച്ഛന് രാജനും കുടുംബത്തിനും വീടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിതി നിര്‍മ്മിച്ച് നല്കിയ വീട് ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. തകര്‍ച്ച കാരണം അവിടേക്ക് കടക്കരുതെന്ന് കുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുകാരണം രാജേഷിന്റെ കുടിലിലാണ് അവരുടെയും താമസം. കുടുസ്സ് കുടിലില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും ഉടനേ വീട് ലഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിയുന്നു. ഇത്തവണയും വീടില്ലാത്തകരുടെ പട്ടികയില്‍ രാജേഷും കുടുംബവും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് അതിനേക്കാള്‍ വൈരുധ്യം.
കൂലിക്ക് ഓട്ടോറിക്ഷ ഓടിച്ചാണ് രാജേഷ് കുടുംബം പോറ്റുന്നത്. പ്രാഥമികാവശ്യം നിറവേറാന്‍ ഇതുവരെയും ഒരു ശൗചാലയം പോലുമില്ലെന്ന് ഇവര്‍ പറയുന്നു. സമീപത്തുള്ള വനവാസി കുടുംബങ്ങളുടെയും സ്ഥിതിയും ഇതുതന്നെയാണ്. പട്ടിക ജാതി വികസന ഓഫീസില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കിട്ടുന്നതിനാല്‍ പട്ടിണിയില്ലെന്നും കുടുംബം പറയുന്നു. വെള്ളമെടുക്കാന്‍ കിണറില്ല. കുടിവെള്ള പദ്ധതിയുടെ പൊതു ടാപ്പില്‍ വെള്ളമെത്തിയാല്‍ തലച്ചുമടായി കൊണ്ടുവരണം. ചിലപ്പോള്‍ ദിവസങ്ങളോളം വെള്ളം മുടങ്ങും. അന്നേരവും ദുരിതമാണ്. സമൃദ്ധിയുടെ നാളുകള്‍ അവകാശപ്പെടുന്ന നാട്ടില്‍ രാജേഷ് ഒരു പ്രതിനിധിയാണ്. തലചായ്ക്കാന്‍ വീടും പ്രാഥമികാവശ്യത്തിന് ശൗചാലയവും ഇല്ലാത്ത ആയിരങ്ങളുടെ പ്രതിനിധി. ലൈഫ് മിഷന് പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം വീട് ലഭിച്ചെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്താണ് ഈ എട്ടംഗ കുടുംബത്തിന്റെ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: