കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഹരിതചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ വ്യത്യസ്ത തലങ്ങളില്‍ സമിതികളെ നിയോഗിച്ചതായി കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍. ഏകോപന- നീരീക്ഷണ സമിതികളായിട്ടാകും ഇവയുടെ പ്രവര്‍ത്തനം. വാര്‍ഡ്/ഡിവിഷന്‍തല കണ്‍വീനര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.
സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കുകളില്‍ സെക്രട്ടറി/ജോയിന്റ് ബിഡിഒ, മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പാലിറ്റി തലത്തിലും കണ്‍വീനര്‍മാരായാണ് നിയോഗിച്ചിട്ടുള്ളത്. കോര്‍പറേഷനില്‍ സെക്രട്ടറിയാണ് കണ്‍വീനര്‍.
പ്രചാരണത്തിനായി നിരോധിത വസ്തുക്കളുടെ ഉപയോഗം തടയുകയും പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് മുഖ്യചുമതല. ചുവരെഴുത്തിലേക്ക് കക്ഷിനേതാക്കളെയും പ്രചാരണ ചുമതലയുള്ളവരേയും പരമാവധി ആകര്‍ഷിക്കും. യോഗങ്ങള്‍, ഗൃഹസന്ദര്‍ശനം, സ്വീകരണങ്ങള്‍ എന്നിവയിലും ഹരിതചട്ടം ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ കൂടി സമിതികള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പാര്‍ട്ടി ഓഫീസുകളിലും ബൂത്തുകളിലും പാത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഹരിത ചട്ടത്തിന് അനുസൃതമാണെന്ന് ഉറപ്പ് വരുത്തും. രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രതിനിധികളുടേയും യോഗം തദ്ദേശസ്ഥാപന തലത്തില്‍ വിളിച്ച് ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച പരിശീലനം നല്‍കുന്നതിന് ശുചിത്വ മിഷന്‍ റിസോഴ്സ്‌പേഴ്സണ്‍മാരെ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: