ഭോപ്പാല്‍: ആറിലേറെ പുതിയ കോവിഡ് വാക്സിനുകള്‍ കൂടി ഇന്ത്യ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. രാജ്യത്ത് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന്, പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ാേഫ് ഇന്ത്യയില്‍ നിര്‍മിച്ച ഓക്സ്ഫഡ്-ആസ്ട്രസെനെകയുടെ കോവിഷീല്‍ഡ് എന്നിവ രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ഷ വര്ധന് പറഞ്ഞു.
ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനം കൊണ്ടാണ് ഇതെല്ലാം നേടാനായത്. 2020 കോവിഡ് വര്‍ഷം എന്നതിനപ്പുറം ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായും ഓര്‍മിക്കപ്പെടുമെന്നും ഭോപ്പാലിലെ എന്‍ഐആര്‍ഇഎച്ചിലെ പുതിയ ഗ്രീന്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലോക നേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ശാസ്ത്രത്തെ ബഹുമാനിക്കണം. വാക്സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. അതിനാലാണ് ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്സിന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാനഡ, ബ്രസീല്‍ തുടങ്ങി നിരവധി വികസിത രാജ്യങ്ങള്‍ നമ്മുടെ വാക്സിനുകള്‍ അത്യുത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ആദ്യം ഒരു കൊവിഡ് പരിശോധനാ കേന്ദ്രം മാത്രമാണുണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് 2412 ആയി. 23 കോടി സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. 1.84 കോടി പേര്‍ക്ക് വാക്സിന് നല്കി. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേര് വാക്സിന് സ്വീകരിച്ചു. ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സത്യത്തെ തോല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കൊവിഡ് വ്യാപനം വര്‍ധിക്കുന്നത്. വാക്സിന് എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകള്‍ കരുതി. കൊവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്നും ഹര്‍ഷ വര്ധന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: