കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നടപടി മുഖ്യമന്ത്രിയുടെ പങ്കിനെ ആധാരമാക്കി. അത് അറിയാവുന്നതിനാലാണ് കസ്റ്റംസിനും ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആസൂത്രിതമായ കുപ്രചാരണങ്ങള്‍. ഈ നീക്കങ്ങള്‍ക്ക് സിവില്‍ സര്‍വീസിലെ ചില ഉന്നതരും സഹായം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിക്കെതിരായ നടപടികള്‍ക്ക് കോടതിയില്‍നിന്ന് അനുമതി നേടാന്‍ സഹായകമായ തെളിവുകള്‍ ഇ ഡിക്കും കസ്റ്റംസിനുമുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ ‘ശബ്ദ സന്ദേശം’ സംബന്ധിച്ച് ഇ ഡിക്ക് സ്വപ്ന നല്കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണിത്.
കേസ് കോടതിയിലെത്തിയതും വിവാദമായതും അനുഗ്രഹമായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതോടെ കസ്റ്റംസിന് കോടതിയില്‍ വിശദീകരണം നല്കാന് അവസരം ലഭിക്കും. സന്ദീപ് നായരുടെ പരാതി പ്രകാരം കോടതി ഇടപെടും. അതോടെ കേസിന്റെ പുരോഗതിയടക്കം അറിയിക്കാനുള്ള അവസരം ഇഡിക്കും ലഭിക്കും. കോടതി ഉടന്‍ വിശദീകരണം തേടുമെന്ന പ്രതീക്ഷയിലാണ് ഇ ഡിയും.
അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞു നടത്തുന്ന വിമര്‍ശനങ്ങളും പ്രചാരണങ്ങളും അവരെ സമ്മര്‍ദത്തിലാക്കാനാണ്. മുഖ്യപ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നടപടിയെടുത്തു. ചോദ്യം ചെയ്ത്, മൊഴിയെടുത്ത്, അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ശിവശങ്കറിന്റെ അറസ്റ്റിന് കോടതി ആധാരമാക്കിയത് സ്വപ്നയുടെ മൊഴിയാണ്. അതേ മൊഴിയിലെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി പിണറായിയുടേതാണ് അടുത്ത ഊഴം.
കസ്റ്റംസിനും മജിസ്ട്രേറ്റിനും സ്വപ്ന കൊടുത്ത രഹസ്യമൊഴി മുഴുവനായി കോടതിക്ക് ഇനിയും കൊടുത്തിട്ടില്ല. ഈ മൊഴിയുടെ ഉള്ളടക്കം ചില സിവില്‍ സര്‍വീസുകാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രണങ്ങളില്‍ അവരും പങ്കാളികളാണ്. സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം ശേഖരിച്ച വിവരങ്ങളില്‍ ചില ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലും അവരുണ്ട്.
സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ജയിലില്‍ അവര്‍ അറിയാതെ, അവരെ വശത്താക്കാന്‍ നടത്തിയ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതായിരുന്നു. വിചാരണക്കോടതിയില്‍, സ്വപ്നയുടെ മൊഴി വിവരം വന്ന ശേഷമായിരുന്നു അത്. അതിനു മുമ്പ്, മുഖ്യമന്ത്രിയുടെയോ ശിവശങ്കറിന്റെയോ പേര് ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ പറയരുതെന്ന താക്കീത് തല്‍പ്പര കക്ഷികള്‍ സ്വപ്നയ്ക്ക് നല്‍കിയിരുന്നു. ഈ ഭീഷണിയും സ്വപ്ന കോടതിയില്‍ പറഞ്ഞതോടെയാണ് സര്‍ക്കാരിന്റെയും ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും ആസൂത്രണങ്ങള്‍ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: