അഹമ്മദാബാദ്: നിരാശാജനകമായ തുടക്കത്തിനുശേഷം വിജയവഴിയിലേക്ക് തിരിച്ചുകയറാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ പട. ആദ്യ ടി 20യില്‍ ഇംഗ്ലണ്ടിന് മുന്നില്‍ അനായാസം മുട്ടുമടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബാറ്റിങ് മെച്ചപ്പെടുത്തി വിജയം നേടാന്‍ ഇറങ്ങുകയാണ്. നരേന്ദ്ര മോദി സ്്റ്റേഡിയത്തില്‍ രാത്രി ഏഴിന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. മൂന്ന് മാസത്തിനുശേഷം ഇന്ത്യകളിക്കുന്ന ആദ്യ ടി 20 മത്സരമായിരുന്നു. അതിനാല്‍ പ്രധാന ടി 20 താരങ്ങളായ കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് അവസരത്തിനൊത്തുയരാനായില്ല. ഈ കുറവുകള്‍ പരിഹരിച്ച് വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.
ഒരു തോല്‍വി ഒരിക്കലും കഥയുടെ അവസാനമാകില്ല. ഒറ്റ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീം പരമ്പരയില്‍ നിന്ന് പുറത്തായെന്ന് ആര്‍ക്കും വിമര്‍ശിക്കാനും ആകില്ല. പൊരുതാനുള്ള അത്യുത്സാഹം ഞങ്ങള്‍ക്കുണ്ട്. തിരിച്ചുവരികതന്നെ ചെയ്യുമെന്ന്് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവര്‍ നിറം മങ്ങിയത് തിരിച്ചടിയായി. ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ സ്കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
ഇന്ത്യന്‍ ബാറ്റിങ് നിലവാരത്തിനടുത്തെങ്ങും എത്തിയില്ല. ഇംഗ്ലണ്ട് അനായാസം വിജയം പിടിക്കുകയും ചെയ്തെന്ന്് കോഹ്ലി പറഞ്ഞു. ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം കാഴ്ചവച്ച സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് ഇലവനില്‍ ഇടം കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് ഒന്ന് രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചതിനാല്‍ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും തന്നെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് പകരം ഓള് റൗണ്ടര്‍ രാഹുല്‍ തെവാതിയയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ലോകത്തെ മികച്ച ക്യാപ്റ്റന്മാരില് ഒരാളായ ഇയോന്‍ മോര്ഗന് നയിക്കുന്ന ഇംഗ്ലണ്ട് ടീം ശക്തരാണ്. ലോക ഒന്നാം നമ്പര്‍ ബാറ്റസ്മാനായ ഡേവിഡ് മലാന്, ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ജോസ്്് ബട്ലര്, മൊയിന്‍ അലി എന്നിവരാണ് ശക്തികേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: