ജി. രേഖ വേണുഗോപാല്‍
9495273791
നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍. മുകുന്ദന്‍ ഒന്നു നീണ്ടു നിശ്വസിച്ചു. സ്വന്തം മണ്ണില്‍. എന്തേ ഇത്ര വൈകി എന്നു ചോദിച്ചാല്‍ ഉത്തരമില്ല.
നഗരത്തില്‍ പുതുതായി വാങ്ങിയ ഫഌറ്റില്‍നിന്നും പുറത്തേക്കിറങ്ങി. കൃത്രിമത്വത്തിന്റെ അതിപ്രസരം എങ്ങും. ഏറെ മാറിയിരിക്കുന്നു നാടും നഗരവും.
മാധുരിയും കുട്ടികളും നാട്ടിലെത്താന്‍ ഇനിയും ആഴ്ചകളെടുക്കും. സ്ഥിരമാകാന്‍ അല്ല, എങ്കിലും.
തന്റെ കൂടെ ഒരകന്ന ബന്ധുവായ ശങ്കരമാമ മാത്രം.
നേരത്തെ വിളിച്ചു നിശ്ചയിച്ചതനുസരിച്ച് സുഹൃത്തായ മധുവിന്റെ നീര്‍പാറയിലെ വീട്ടിലേക്ക് യാത്ര തിരിച്ചു. കോളജുവരെ ഒന്നിച്ചു പഠിച്ച് എംഎസ്‌സി അഗ്രികള്‍ച്ചര്‍ എടുത്ത അവന്‍ ഗ്രാമത്തില്‍ കൃഷിയിലേക്കൊതുങ്ങി. താന്‍ ഹൂസ്റ്റണിലേക്കും പറന്നു.
കലുങ്കിനടുത്തുള്ള സ്റ്റോപ്പില്‍ മധു കാത്തുനിന്നിരുന്നു. വിശേഷങ്ങള്‍ കൈമാറാന്‍ ഒട്ടും താമസമുണ്ടായില്ല. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത രസനുറുങ്ങുകള്‍.
വീട്ടിലെത്തിയതറിഞ്ഞില്ല.
മുറ്റത്തുനിന്നുകൊണ്ട് മധു വിളിച്ചു പറഞ്ഞു.
”അമ്മേ, ദാ മുകുന്ദന്‍ വന്നിരിക്കുന്നു. ഞങ്ങളൊന്നു ക്ഷേത്രത്തില്‍ പോയി വരാം.”
അകത്തുനിന്നും അമ്മയുടെ ശബ്ദം കേട്ടു.
”ആകട്ടെ മക്കളെ. നിങ്ങള്‍ വരുമ്പോഴേക്കും ചായ റെഡി.”
പ്രകൃതി അതിന്റെ ഊഷ്മള സൗന്ദര്യം ആരും കവര്‍ന്നെടുക്കാതെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ഉദിച്ചുയരുന്ന കടും കാവി നിറത്തിലെ ചെങ്കതിര്‍ സൂര്യന് എന്തൊരു കാവ്യഭംഗി! ആ ചാരുത മനസ്സ് ഒപ്പിയെടുത്തു.
കാവും ക്ഷേത്രവും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച് മടങ്ങുമ്പോള്‍ മധു ക്ഷേത്രത്തിനരുകിലെ നിറയെ ആണികള്‍ തറച്ചിട്ടുള്ള വൃക്ഷം ചൂണ്ടി പറഞ്ഞു. ”നിനക്കോര്‍മയുണ്ടോ ഒരിക്കല്‍ അതില്‍ നിന്നൊരാണി വലിച്ചൂരാന്‍ നീ പുറപ്പെട്ടതും, തന്ത്രി പിടിച്ചതും, ഉണ്ടായ പുകിലും? ഇന്ന് അതോര്‍ത്തു ഞാന്‍ ചിരിക്കും, അന്ന് ഭയന്നു വിളിച്ചെങ്കിലും.”
പേരുകേട്ട ഒരു താന്ത്രികന്‍ പണ്ട് പല ബാധകളേയും ബന്ധിച്ചിട്ടുള്ള വൃക്ഷം. യക്ഷിയും ഗന്ധര്‍വനുമൊക്കെയുള്ള സ്ഥലം. തൊട്ടടുത്ത് ഒരു പനയും ഉപയോഗ ശൂന്യമായൊരു പൊട്ടക്കിണറും. ഇപ്പോഴും അങ്ങനെ തന്നെയായിരിക്കുന്നു.
വീട്ടിലെത്തി, അമ്മ ഇഡ്ഡിലിയും സാമ്പാറും ഉണക്കമുളകു ചമ്മന്തിയും തേങ്ങാചട്‌നിയുമെല്ലാം സ്‌നേഹത്തിന്റെ ചൂടോടെ തളിരു വാഴയിലയില്‍ വിളമ്പിത്തന്നത് കഴിക്കുമ്പോള്‍, മനസ്സും വയറും ഒരുപോലെ നിറഞ്ഞു.
അമ്മയോടുള്ള കുശലങ്ങള്‍ക്കുശേഷം രണ്ടുപേരും പുറത്തേക്കിങ്ങി. കഥകള്‍, ആശയങ്ങള്‍ പങ്കിട്ടു. വിപുലീകരിച്ച പുതിയ ഗ്രാമീണ വായനശാലയിലും മറക്കാതെ കയറി. മനസ്സിനു കുളിര്‍മ പകര്‍ന്ന നിമിഷങ്ങള്‍.
വീതി കുറഞ്ഞ നാട്ടുവഴിയിലൂടെ പക്ഷികളുടെ കളകൂജനം കേട്ട് നടക്കുമ്പോള്‍ മുകുന്ദനും മധുവും നഷ്ടബാല്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു.
സമയം പോയതറിഞ്ഞില്ല.
സമാധാനപരമായ, നിസ്വാര്‍ത്ഥമായ സന്തോഷം നിറഞ്ഞ ഒരു ദിനം.
ചൂട് കുത്തരിച്ചോറും സാമ്പാറും തോരനും മോരും കടുമാങ്ങയും പപ്പടവുമെല്ലാം കൂട്ടി അതിരുചികരമായ ഉച്ചയൂണ് കഴിഞ്ഞിരിക്കുമ്പോള്‍ അമ്മ ചോദിച്ചു:
”രണ്ടു ദിവസമെങ്കിലും ഇവിടെ തങ്ങിക്കൂടെ മോനേ മുകുന്ദാ, മധുവിനും എനിക്കും എന്തു സന്തോഷമാകുമെന്നോ?”
”ഇന്നുതന്നെ പോകേണ്ടതുണ്ടമ്മേ. മാധുരിയും കുട്ടികളുമായി അടുത്തുതന്നെ ഞാന്‍ വരും.” ഞാന്‍ വാക്കു കൊടുത്തു.
പടിപ്പുര വരെ എത്തി, തിരിഞ്ഞ് കൂട്ടിച്ചേര്‍ത്തു.
”ഈ കാവും ക്ഷേത്രവും, നിങ്ങളെയെല്ലാം കുറിച്ചുള്ള ഓര്‍മകളും ഞാന്‍ കൂടെകൂട്ടുന്നു അമ്മേ.”
ഫഌറ്റിലെത്തിയപ്പോള്‍ നേരിയ തലവേദനയും യാത്രാക്ഷീണവും തോന്നി. നല്ല തണുത്ത കാറ്റ് ഉറക്കം കൂടെ കൊണ്ടുവന്നു.
”അത്താഴ പഷ്ണി കിടക്കല്ലേ കുഞ്ഞേ” എന്ന ശങ്കരമാമയുടെ വാക്ക് കേള്‍ക്കാതെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോഴും തലവേദന വിട്ടകന്നിരുന്നില്ല. എങ്കിലും മാളിലേക്ക് സാധനങ്ങള്‍ വാങ്ങുവാനുറച്ച് ഇറങ്ങി.
നിരത്തില്‍ ആളുകളേക്കാള്‍ ഏറെ വാഹനങ്ങള്‍. അപരിചിതമായ മുഖങ്ങള്‍. കണ്ണുകള്‍ പരിചയമുള്ള മുഖം തിരഞ്ഞു. തന്നെ കടന്നുപോയ ഒരു മുഖത്തില്‍ കണ്ണുടക്കി. പരിചയമുണ്ടോ?
പെട്ടെന്ന് ആ മുഖം പ്രേതവസ്ത്രം, അതേ, ഒരു ആവരണംകൊണ്ടു മൂടിയതുപോലെ.
ആരോ ഉള്ളിലിരുന്ന് പ്രേരിപ്പിച്ചെന്നോണം തിരിഞ്ഞുനടന്ന് അയാളുടെ പിന്നാലെ എത്തി, തടഞ്ഞുനിര്‍ത്തി പറഞ്ഞു.
”സുഹൃത്തേ, സൂക്ഷിക്കണം. അപകടമൊന്നും പറ്റാതിരിക്കട്ടെ.”
ഒരു വിചിത്രജീവിയെ കാണും വണ്ണം തന്നെ അയാള്‍ ഒന്നു നോക്കി.
തിരിഞ്ഞു തന്റെ യാത്ര തുടരുമ്പോള്‍ അയാള്‍ പിറുപിറുക്കുന്നതു കേട്ടു.
”ഇയാള്‍ക്കെന്താ വട്ടുണ്ടോ?”
ഒരു പത്തടി പിന്നിട്ടു കാണുകയില്ല, ഒരു വലിയ ശബ്ദം കേട്ടു. ആളുകള്‍ ഓടുന്നു. തിരിഞ്ഞു നോക്കി. എന്തോ അപകടം സംഭവിച്ചിരിക്കുന്നു. ഒരു നിമിഷം സ്തംഭിച്ചു നിന്നു. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി. ഒന്നേ നോക്കിയുള്ളൂ.
അതേ, ആ മുഖം. തന്നെ കടന്നുപോയ യാത്രികന്‍. ചോരയില്‍ കുളിച്ചു കിടക്കുന്നു.
”കാര്‍ റോങ് സൈഡില്‍നിന്നാണ് വന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു,” ഒരാള്‍ പറയുന്നതു കേട്ടു.
ഹൃദയഭാരത്തോടെ, പരിഭ്രാന്തരായി ഫഌറ്റിലേക്കു മടങ്ങി.
പരിക്ഷീണനായി തിരിച്ചെത്തിയ തന്നെ കണ്ട് ശങ്കരമാമ കാരണം തിരക്കി. സംഭവം വിവരിച്ചപ്പോള്‍ പറഞ്ഞു.
”കുഞ്ഞേ ആ ഭാഗത്ത് അപകടങ്ങള്‍ പുതുതല്ല. വണ്ടികള്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ ഉള്ളുപിടയ്‌ക്കാറുണ്ട്. കുഞ്ഞു വിഷമിക്കാതെ.”
രാത്രി മാധുരി വിളിച്ചു.
”മുകുന്ദേട്ടാ, മുഡൗട്ട് പോലെ? ശബ്ദത്തിനൊരു ജീവനില്ലാത്തതുപോലെ. ഞങ്ങളെ മിസ്സ് ചെയ്യുന്നുവല്ലേ? പ്രത്യേകിച്ചും ഈ എന്നെ?” അവളുടെ ചിരി കേട്ടു.
”കിന്നരിക്കാതെ. ഒന്നെല്ലാവരും എത്രയും പെട്ടെന്ന് വരാന്‍ നോക്കൂ.” അക്ഷമനായി അവന്‍ പറഞ്ഞു.
വിട്ടുമാറാത്ത തലവേദന. നീര്‍പാറയില്‍നിന്നെത്തിയതിനുശേഷം ആരംഭിച്ചതാണ്. പുറത്തേക്കൊന്നും ഇറങ്ങിയില്ല.
രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് മുടങ്ങിയ യാത്രയ്‌ക്കായി മാളിലേക്ക് പോകാന്‍ ഒരുങ്ങി.
സാധനങ്ങള്‍ വാങ്ങി എസ്‌കലേറ്ററിനടുത്തു നില്‍ക്കുമ്പോള്‍ കണ്ടു ഒരമ്മ കൈക്കുഞ്ഞുമായി ഒരരുകില്‍ നില്‍ക്കുന്നു. ഓമനയായൊരു കുഞ്ഞ്. ആരുമൊന്ന് നോക്കിപ്പോകും. വീണ്ടുമൊന്ന് കുഞ്ഞിനെ നോക്കി. എന്ത്!~ഇപ്പോള്‍ ആ മുഖവും ഒരു വെള്ളത്തുണികൊണ്ട് മൂടിയതുപോലെ കാണപ്പെട്ടു. പരിഭ്രമത്തോടെ അവരോടറിയാതെ പറഞ്ഞുപോയി.
”ഇറങ്ങുമ്പോള്‍ സൂക്ഷിക്കണേ.”
അവര്‍ ഒന്നു ചിരിച്ചു.
താന്‍ മുന്നേ ഇറങ്ങി. താഴെ എത്തി. അറിയാതെ പിന്നിലേക്കൊന്നു നോക്കി. ഒരു മിന്നല്‍ കണക്കെ അവരുടെ കയ്യില്‍നിന്നും കുഞ്ഞ് താഴേക്കു പതിയ്‌ക്കുന്നതാണ് കണ്ടത്. ആകെ ബഹളം. അയാള്‍ ആകെ ഒന്നു വിറച്ചു തരിച്ചു നിന്നു.
ആ അമ്മയുടെ ഹൃദയം പിളര്‍ക്കുന്ന ആര്‍ത്തനാദം കാതില്‍ മുഴങ്ങുന്നു.
ഒരു കണക്കിനാണ് ഫഌറ്റിലെത്തിയത്.
മാധുരിയും കുട്ടികളും ഒന്നു വന്നെങ്കില്‍.
രണ്ടു ദിവസം കടന്നുപോയി. തന്റെ സുഹൃത്തും മാധുരിയുടെ ബന്ധുവുമായ ശ്രീധരന്‍ നായരുടെ മകന്റെ വിവാഹത്തിന് മനസ്സില്ലാഞ്ഞിട്ടുകൂടി പോകേണ്ടതായി വന്നു. മനസ്സ് തീര്‍ത്തും അസ്വസ്ഥമായിരുന്നു.
വധൂവരന്മാര്‍ ബന്ധുക്കളോടു ചേര്‍ന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന തിരക്കിലാണ്.
നല്ല ജോഡി. ഉള്ളുകൊണ്ടവര്‍ക്ക് ആശിര്‍വാദം നേര്‍ന്നു. അന്നു രാത്രി ഫ്‌ളൈറ്റിന് അവര്‍ മുംബൈയ്‌ക്ക് പോകുമത്രേ. അവരുടെ അരികിലേക്ക് കണ്ണുകള്‍ പാഞ്ഞു. ഈശ്വരാ! എന്താണ് കാണുന്നത്.
ഒരു വെള്ള മുഖാവരണം അവരുടെ മുഖങ്ങള്‍ മൂടുകയാണോ?
ആരുടെയും സൗകര്യമോ മുഖമോ നോക്കാതെ ഓടി സുഹൃത്തിന്റെ അടുത്തെത്തി പറഞ്ഞു.
”ശ്രീധരാ, ഇന്നത്തെ ഇവരുടെ യാത്ര കാന്‍സല്‍ ചെയ്യൂ. അവര്‍ ഇന്നിവിടെ തന്നെ തങ്ങട്ടെ. നാളത്തെ ഫ്‌ളൈറ്റിനാകട്ടെ യാത്ര.”
”നിനക്കെന്തു പറ്റി മുകുന്ദാ, എന്താണിത്?”
”എനിക്കു തന്നെയറിഞ്ഞു കൂടാ. ഇന്നവര്‍ യാത്ര ചെയ്യരുതെന്ന് മനസ്സു പറയുന്നു. നീ ദയവായി കേള്‍ക്കൂ.”
”നീയും നിന്റെ തോന്നലും. എന്തേ ഇങ്ങനെ? ഓരോ ഹാലുസിനേഷന്‍സ്! എന്താ ഗ്രാസ് വല്ലതും അടിച്ചോ?” സുഹൃത്ത് കളിയാക്കി.
ഒന്നും മിണ്ടാതെ വിഷമിച്ച് മടങ്ങി.
പതിവുപോലെ പിറ്റേദിവസം പത്രമെടുത്ത് വായിക്കുവാനിരുന്നു. നടുങ്ങിതെറിച്ചു. തല വാചകം തന്നെ വിമാനാപകടത്തെക്കുറിച്ചായിരുന്നു. ആരും തന്നെ രക്ഷപ്പെട്ടില്ലത്രേ.
ഈശ്വരാ, എന്താണിതെല്ലാം.
കാവും ക്ഷേത്രവും ആണികള്‍ തറച്ച വൃക്ഷവും നിശ്ചല ചിത്രങ്ങള്‍ പോലെ മനസ്സില്‍ ഇടക്കിടെ കടന്നുവരുന്നു. ഒരസ്വസ്ഥത. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന പ്രതീതി.
തനിക്കെന്താണ് സംഭവിക്കുന്നത്. മരണത്തെ മുന്‍കൂട്ടി കാണുവാന്‍ സാധിക്കുന്നതെങ്ങനെ? ഇതാണോ പ്രിമോണിഷന്‍ എന്നു പറയുന്നത്. ഏതു ശക്തിയാണിതിന്റെ പിന്നില്‍? ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണം സാധ്യമോ? ആരോടാണൊന്നു മനസ്സു തുറക്കുക? ഭയവും ആശങ്കയും അവിശ്വസനീയതയുമെല്ലാം കലര്‍ന്ന സമ്മിശ്ര വികാരം മനസ്സിനെ മഥിച്ചു.
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കൊണ്ടുനടന്ന ബാല്യവും യൗവനവും അവസാനിച്ചിട്ട് വര്‍ഷങ്ങളായി. തന്റെ മുറപ്പെണ്ണ് നന്ദിനിയുടെ അകാലമൃത്യു എല്ലാറ്റിനേയും തകിടം മറിച്ചു.
പിന്നെയങ്ങോട്ട് യാന്ത്രികമായി ജീവിതം. മാധുരി ജീവിതസഖിയായി എത്തി. പുതിയ ജീവിതവും ഹൂസ്റ്റനിലെ പുതിയ ജോലിയും.
നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍. അച്ഛനും അമ്മയും മരിച്ചിട്ടുപോലും നാട്ടിലെത്താന്‍ പറ്റിയില്ല. മാധുരിയുടെ ഗവേഷണവും കുട്ടികളുടെ പഠനവും.
ഇപ്പോള്‍… ഇതും. എന്നാണ് രാഹു തന്നെ വിഴുങ്ങുക?
എന്തുകൊണ്ടാണെന്നറിയില്ല. മനസ്സില്‍ രാമായണത്തിലെ വരികള്‍ ഓടിയെത്തി. വിളിക്കാതെ.
”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സു മോര്‍ക്ക നീ.”
ശരിക്കും ഉറക്കംവരാത്ത ദിനങ്ങളായിരുന്നു തുടര്‍ന്ന്. ഒരു സ്വപ്‌നം നിരന്തരമായി അലട്ടുന്നു. ആരുടെയൊക്കെയോ വെള്ള വസ്ത്രത്തില്‍ മൂടിയ മൃതശരീരങ്ങള്‍ കാണുന്നു. ഒന്നും വ്യക്തമല്ല.
രാവിലെ ശങ്കരമാമ കൊണ്ടു തന്ന പതിവ് ചായ കുടിച്ചുകൊണ്ട് പത്രമെടുത്ത് ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ഇരുന്നു.
താളുകള്‍ മറിച്ചു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുന്നില്ല. പത്രം മാറ്റിവച്ച് കണ്ണടച്ച് കിടക്കാമെന്ന് കരുതി പത്രം മടക്കി തുടങ്ങി.
ചലനശേഷി നഷ്ടപ്പെട്ട് പകച്ചിരുന്നു. പത്രതാളില്‍ വെള്ള വസ്ത്രത്താല്‍ മൂടിയ ഒരു നിഴല്‍ രൂപം. സൂക്ഷിച്ചു നോക്കി. അവ്യക്തമാണ്. പക്ഷേ നോക്കെ നോക്കെ ചിത്രം വ്യക്തമാകുന്നു. എങ്ങുനിന്നോ ഒരു തണുത്ത കാറ്റടിക്കുന്നുണ്ട്. മുഖാവരണം തെന്നി മാറി.
ആ മുഖം… ആ മുഖം തന്റേതല്ലേ? തല വെട്ടിപ്പൊളിയുന്ന വേദന. ശരീരം തളരുന്നു. ആ തണുത്ത കാറ്റിലും വിയര്‍ത്തൊഴുകുന്നു.
കയ്യില്‍നിന്ന് കപ്പ് വീണുടയുന്ന ശബ്ദമയാള്‍ അവ്യക്തമായി കേട്ടു. ഞെട്ടലില്‍നിന്നുണരുവാന്‍ കഴിയാതെ അയാള്‍ മെല്ലെ ചാരുകസേരയിലേക്കു ചാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: