ന്യൂദല്‍ഹി: വീണ്ടും സോണിയയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഹൈക്കമാന്റ് വിമത കോണ്‍ഗ്രസ് നേതാക്കളായ ജി-23നെതിരെ. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ പാര്ട്ടിപ്രചാരണത്തിനറങ്ങുന്ന പ്രചാരകരുടെ ലിസ്റ്റില്‍ നി്നും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍ തുടങ്ങിയ 23 നേതാക്കളെയും ഒഴിവാക്കി.
ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്റും ശക്തരായ വിമത നേതാക്കളും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാനാവാത്ത തലങ്ങളിലേക്ക് വളരുകയാണ്. മാര്‍ച്ച് 27ന് വോട്ടെടുപ്പ് ആരംഭിക്കുന്ന അസമില്‍ 30 സുപ്രധാന പ്രചാരകരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, രാഹുല്‍ ഗാന്ധി, എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര, മുന്‍ മന്ത്രി സല്മാന് ഖുര്‍ഷിദ്, രാജസ്ഥാന്മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ എന്നിവര്‍ സുപ്രധാന പ്രചാരകരില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നും പാര്‍ട്ടി പുനസംഘടന വേണമെന്നും ആവശ്യപ്പെട്ടാണ് 23 ദേശീയ നേതാക്കള്‍ 2020 ആഗസ്തില്‍ സോണിയാഗാന്ധിക്ക് കത്തയച്ചത്. അന്നുമുതലാണ് കോണ്‍ഗ്രസ് നേതൃത്വവും കത്തയച്ച 23 നേതാക്കളും തമ്മില്‍ ശീതയുദ്ധം തുടങ്ങിയത്. പിന്നീട് ഈ കത്തയച്ച വിമത നേതാക്കള്‍ ജി-23 എന്നാണ് അറിയപ്പെടുന്നത്. ഈയിടെ രാജ്യസഭാകാലാവധി പൂര്‍ത്തിയാക്കിയ ഗുലാം നബി ആസാദിന് കോണ്‍ഗ്രസ് വീണ്ടും രാജ്യസഭാംഗത്വം നല്‍കിയിട്ടില്ല. തുടര്‍ന്ന് കശ്മീരില്‍ ഈ വിമത നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ബംഗാളില്‍ തെരഞ്ഞെടുപ്പിന് ഇസ്ലാമിക തീവ്രവാദി സംഘടനയായ അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായി സഖ്യമുണ്ടാക്കിയ നടപടിയെ ആനന്ദ് ശര്‍മ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തിരുന്നു. ഇത് കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം തകര്ക്കലാണെന്നായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം. ഇതിനെതിരെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരി ജി-23 നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു.
സച്ചിന് പൈലറ്റ്, നവ്ജോത് സിംഗ് സിധു, മുകുള്‍ വാസ്നിക്, ജിതേന്ദ്ര സിംഗ്, വികാസ് ഉപാധ്യായ്, അനിരുദ്ധ് സിംഗ്, മോഹന്‍ പ്രകാശ്, മുന്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി നബം ടുകി, മേഘാലയ മുന്‍ മുഖ്യമന്ത്രി ഡോ. മുകുള്‍ സംഗ്മ, രാമേശ്വന് ഒറാവോണ്‍, റിപുണ്‍ ബോറ, ദേബബ്രത സൈകിയ, പബന്‍ സിംഗ് ഘടോവര്‍, ഗൗരവ് ഗൊഗോയി, പ്രദ്യുത് ബൊര്‍ദൊലോയി, സുഷ്മിത ദേവ്, റകിബുല് ഹുസൈന് എന്നിവര്‍ അസമില്‍ പ്രചാരണത്തിനിറങ്ങുന്ന നേതാക്കളില്‍ പെടുന്നു.
മാര്‍ച്ച് 27, ഏപ്രില്‍1, ഏപ്രില്‍ 6 തീയതികളിലാണ് അസമിലെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: