ന്യൂദല്‍ഹി: ഖുറാനിലെ 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസീം റിസ്വിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലിം മതപണ്ഡിതന്. ഇസ്ലാമിക സംഘടനയായ ഷിയാന്‍-ഹൈദര്‍-ഇ-കാരാര്‍ വെല്‍ഫെയര്‍ അസോസിയേഷന് ദേശീയ പ്രസഡിന്റും മതപണ്ഡിതനുമായി ഹസ്നെന്‍ ജാഫ്രി ഡംപിയാണ് റിസ്വിയെ ശിരഛേദം ചെയ്യുന്നയാള്‍ക്ക് 20,000 രൂപയുടെ തുക പ്രഖ്യാപിച്ചത്. റിസ്വിക്ക് വധഭീഷണി പുറപ്പെടുവിക്കുന്ന ഒരു വീഡിയോ ഡംപി പുറത്തുവിട്ടതായും ഖുറാനെതിരെ സമര്‍പ്പിച്ച ഹര്‍ജിയെ അപലപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഖുറാനെ അവഹേളിച്ചതിന് വസീം റിസ്വിക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ഷിയ പുരോഹിതന് ഡംപി പറഞ്ഞു. മുന്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാനെ ഭാവിയില്‍ ബഹിഷ്കരിക്കുമെന്നും പറഞ്ഞു. ഖുറാന് മോശമായി സംസാരിച്ച് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് റിസ്വിക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്ലാമിക പുരോഹിതന് ആവശ്യപ്പെട്ടു. റിസ്വിയുടെ പ്രസ്താവന സമൂഹത്തില്‍ അക്രമത്തിന് കാരണമാകുമെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡംപി ആവശ്യപ്പെട്ടു
കഴിഞ്ഞ ദിവസമാണ് ഖുറാനിലെ 26 നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസീം റിസ്വി സുപ്രീംകോടതിയെ സമീപിച്ചത്. വിശുദ്ധ ഖുറാനിലെ ഈ വരികളാണ് തീവ്രവാദം, അക്രമം, ജിഹാദ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ഈ വിവാദ വരികള്‍ വിശുദ്ധ ഖുറാനില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് അദ്ദേഹം പൊതുതാല്പര്യ ഹര്‍ജിയില്‍ വാദിക്കുന്നത്. ‘യുദ്ധത്തിലൂടെ ഇസ്ലാമിലെ വിപുലീകരണം എന്ന ലക്ഷ്യമാക്കി ആദ്യത്തെ മൂന്നു ഖലീഫമാര്‍ പിന്നീട് വിശുദ്ധ ഖുറാനില്‍ ചേര്‍ത്തതാണ് ഈ വരികളെന്ന് അദ്ദേഹം പറയുന്നു.
‘മുഹമ്മദ് നബിയ്ക്ക് ശേഷം ആദ്യ ഖലീഫയായ ഹസ്രത്ത് അബു ബക്ക് ര്‍, രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമര്‍, മൂന്നാം ഖലീഫയായ ഹസ്രത്ത് ഉസ്മാന് എന്നിവരാണ് മുഹമ്മദ് നബിയുടെ വചനങ്ങളെ അടിസ്ഥാനമാക്കി ഖുറാന് പ്രസിദ്ധപ്പെടുത്തിയത്. ഇതാണ് പിന്നീട് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നത്,’- അദ്ദേഹം പറഞ്ഞു.
ഖലീഫമാര്‍ എഴുതിച്ചേര്‍ത്ത 26 വരികളാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും റിസ്വി പറയുന്നു. ചെറുപ്പക്കാരുടെ മുസ്ലിം തലമുറയെ വഴിതെറ്റിക്കാനും പ്രകോപിപ്പിക്കാനും മതമൗലികവാദികളാക്കാനും തീവ്രവാദികളാക്കാനും അതുവഴി ലക്ഷക്കണക്കിന് നിഷ്കളങ്കര്‍ മരിക്കാനിടയാക്കുന്നതും ഈ വരികളാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: