ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി എസ്ഡിപിഐ സൈബര്‍ പോരാളികളുടെ പ്രചാരണവും. സ്ഥാനാര്‍ത്ഥിയെ എസ്ഡിപിഐക്കാരനാക്കി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പാര്‍ട്ടി സഖാക്കള്‍ തന്നെ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് എസ്ഡിപിഐ സൈബര്‍ പോരാളികളെന്ന പേരില്‍ ചിലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.
ഏറെ വിവാദമായത് സഫിയ നിസാര്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുള്ള പോസ്റ്റാണ്. ‘ഇന്ഷാ അള്ളാഹ്, എസ്ഡിപിഐയുടെ അംഗീകാരം.. ജി. സുധാകരനെ ഒഴിവാക്കി സിപിഐഎം സീറ്റ് നല്കിയ എസ്ഡിപിഐയുടെ കരുത്തനായ നേതാവ് സലാമിക്ക ഇനി അമ്പലപ്പുഴ പാല്‍പ്പായസ വിതരണം നിയന്ത്രിക്കും.” എന്നതാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇത് മണ്ഡലത്തിലും പുറത്തും ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ ചിലര്‍ ബോധപൂര്‍വം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
സലാമിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വ്യാജ സമുഹമാധ്യമ അക്കൗണ്ടുകളിലൂടെ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്കി. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം സിപിഎമ്മില്‍ നിന്നു തന്നെയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ജി.സുധാകരന് പകരം അമ്പലപ്പുഴയില്‍ സലാം മല്‍സരിക്കുമെന്ന് ഉറപ്പായപ്പോഴാണ് വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജ ഐഡികള്‍ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് എല്‍ഡിഎഫ് നേതൃത്വം പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി അഡ്വ.കെ.പ്രസാദാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കിയത്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ പതിപ്പിച്ച പോസ്റ്ററിലെ ആരോപണങ്ങള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമ്പലപ്പുഴയില്‍ രാഷ്ട്രീയ വിവാദമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: