പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജന്മനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്താനിരിക്കെയാണ് ശ്വാസം തടസം അനുഭവപ്പെട്ടത്. അട്ടപ്പാടി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.
പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനല്‍കും. കഴിഞ്ഞ വര്‍ഷം പത്ത് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ഇക്കൊല്ലമിത് രണ്ടാമത്തെ മരണമാണ്. ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുകൾ ഉൾപ്പെടുന്ന അട്ടപ്പാടിയിൽ ഏകദേശം മുപ്പതിനായിരത്തോളം ആദിവാസികളാണുള്ളത്. ഇരുള, മുഡുക, പ്രാക്തന ആദിവാസി വിഭാഗമായ കുറുമ്പ സമുദായങ്ങളിലുള്ളവർ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുഎ കോടികൾ അട്ടപ്പാടിയിലേക്ക് ഒഴുകിയിട്ടും ശുശുമരണങ്ങളിൽ കുറവുണ്ടായിട്ടില്ല.
ശിശുമരണങ്ങൾ ദേശീയതലത്തിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി കിച്ചൻ പദ്ധതി ആരംഭിച്ചിരുന്നു. കുട്ടികളിലെ പോഷകാഹാര പ്രശ്നം പരിഹരിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. 189 ഊരുകളിലായി 193 സമൂഹ അടുക്കളകളാണ് ആരംഭിച്ചത്. ഇപ്പോഴത് പലതും നിർജീവമാണ്. മാസങ്ങളായി തുറന്ന് പ്രവർത്തിച്ചിട്ട്.
നിലവിൽ ഗർഭിണികളെ തമിഴ്നാട്ടിലേക്കും പെരിന്തൽമണ്ണയിലേക്കും തൃശൂരിലേക്കുമാണ് റഫർ ചെയ്യുന്നത്. കൂടുതൽ ഗൈനക്കോളജിസ്റ്റുകളുടെയും വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: