തൃശൂര്‍: കുന്നംകുളം നഗരസഭയും ചൊവ്വന്നൂര്‍, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാല്‍, പോര്‍ക്കുളം, വേലൂര്‍, കടവല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് കുന്നംകുളം നിയമസഭാ മണ്ഡലം. 1957 മുതല്‍ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ തവണ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത് എല്‍ഡിഎഫ് ആണ്. 10 തവണ. എല്‍ഡിഎഫിലെ ടി.കെ കൃഷ്ണന് 3 തവണയും കെ.പി അരവിന്ദാക്ഷന്, ബാബു എം പാലിശേരി എന്നിവര്‍ 2 തവണ വീതവും വിജയിച്ചു. യുഡിഎഫിലെ കെ.പി വിശ്വനാഥന്, ടി.വി ചന്ദ്രമോഹന് എന്നിവര്‍ 2 തവണ വീതം കുന്നംകുളത്ത് നിന്ന് നിയമസഭയിലെത്തി. നിലവില്‍ മന്ത്രി കൂടിയായ സിപിഎമ്മിലെ എ.സി മൊയ്തീനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തുറക്കുളം മാര്‍ക്കറ്റ്, നഗരസഭാ ബസ് സ്റ്റാന്റ്, കരിച്ചാല്‍ കടവ് പാലം-ചെക്ക് ഡാം-കം ബ്രിഡ്ജ്, സ്റ്റേഡിയങ്ങള്‍ തുടങ്ങി മണ്ഡലത്തിലെ പ്രധാന വികസന പ്രശ്നങ്ങളെയും എംഎല്‍എയുടെ ഇടപെടലിനേയും കുറിച്ച് മുന്നണികള്‍ പറയുന്നു.
* കുന്നംകുളത്തെ തുറക്കുളം മാര്‍ക്കറ്റും ഇതിനോട് ചേര്‍ന്ന അറവുശാലയും അവഗണിച്ചുവെന്ന് ബിജെപി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്. പദ്ധതിയുടെ ഭാഗമായി യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ നടന്നിട്ടില്ല. മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമായാല്‍ * നൂറുക്കണക്കിന് തൊഴിലാളികള്‍ ഉപജീവന മാര്‍ഗമാകും.
നഗരസഭാ ബസ് സ്റ്റാന്റ് ഇതുവരെ ഉപയോഗപ്രദമാക്കാന്‍ സാധിച്ചിട്ടില്ല.അശാസ്ത്രീയമായാണ് ബസ് സ്റ്റാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി സ്തംഭനത്തിലായിരുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും യാത്രക്കാര്‍ക്ക് ഗുണം ലഭിക്കുന്നില്ല.
* ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായിരുന്നു കരിച്ചാല്‍ കടവ് പാലം-ചെക്ക് ഡാം-കം ബ്രിഡ്ജ് പദ്ധതി. രണ്ട് നിയോജക മണ്ഡലങ്ങളെ ഒന്നിപ്പിക്കുന്ന പദ്ധതിക്ക് 2017ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും യാതൊന്നും നടന്നില്ല. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ എംഎല്‍എ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തിയത്.
* ബാസ്കറ്റ് ബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന കുന്നംകുളത്ത് അന്താരാഷ്ട്ര നിലവാരമുള്ള കോര്‍ട്ടില്ല. കായിക രംഗത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഖേലോ ഇന്ത്യ പദ്ധതിയുടെ 7 കോടി രൂപ ചെലവു വരുന്ന സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുഭാഷ് പാക്കത്ത് പറഞ്ഞു.
* തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കന്‍ എംഎല്‍എ യാതൊരുവിധ നടപടിയെടുമെടുത്തില്ലെന്ന് കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജയകുമാര്‍. മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളിലൊന്നായിട്ടും മാര്‍ക്കറ്റിനെ അവഗണിച്ചു.
* കൊട്ടിഘാഷിച്ച് ഉദ്ഘാടനം നടത്തിയ നഗരസഭാ ബസ് സ്റ്റാന്റ് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം നടത്തിയത്.
* കരിച്ചാല്‍ കടവ് പാലം-ചെക്ക് ഡാം-കം ബ്രിഡ്ജ് പദ്ധതിയുടെ കാര്യത്തില്‍ എംഎല്‍എയുടെ ഭാഗത്തു ഇടപെടലൊന്നുണ്ടായില്ല. മണ്ഡലത്തിലുള്ളവര്‍ക്ക് ഏറെ ഗുണകരമായ പദ്ധതിക്ക് ഫണ്ട് ലഭിച്ചിട്ടും തുടക്കമിടാതെ തഴഞ്ഞു.
* കായിക മേഖലയില്‍ താരങ്ങള്‍ക്ക് പ്രോത്സാഹനമായ പദ്ധതികളൊന്നും നടപ്പാക്കിയില്ല. നഗരത്തില്‍ അടച്ചു പൂട്ടിയ ഗോഡൗണ്‍ പോലെയാണ് ജവഹര്‍ സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി. ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് ജയകുമാര്‍ പറഞ്ഞു.
* 20 വര്‍ഷമായി പണി തീരാതെ ചുവപ്പുനാടയില്‍ കിടന്നിരുന്ന നഗരസഭാ ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് മികച്ച ഭരണ നേട്ടമാണെന്ന് സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി എം.എന്‍ സത്യന്. 99 ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാന്റിലേക്ക് റോഡ് നിര്‍മ്മിച്ചു.
* കരിച്ചാല്‍ കടവ് പാലം-ചെക്ക് ഡാം-കം ബ്രിഡ്ജ് പദ്ധതിയ്ക്ക് ഭരണാനുമതിയായിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണങ്ങള്‍ നിര്‍മ്മാണം തടസപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതിക്ക് തുടക്കമിട്ടു.
* ബിഒടി പ്രകാരം പണി ആരംഭിച്ച് നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്ന തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും. പഴയ എഗ്രിമെന്റ് അവസാനിപ്പിച്ച് നിര്‍മ്മാണ ചുമതല നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുള്‍പ്പെടെ 4.25 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്.
* പുതിയ സ്പോര്‍ട്സ് ഡിവിഷന് കുന്നംകുളം ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അനുവദിച്ചത് കായിക താരങ്ങള്‍ക്ക് ഉപകാരപ്പെടും. ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണവും സീനിയര്‍ ഗ്രൗണ്ടിന്റെ നിര്‍മമാണവും ഉടനെ ആരംഭിക്കുമെന്നും സത്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: