ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായ നീക്കത്തിന് കെ.സി. വേണുഗോപാല്‍ ആയുധമാക്കുന്നത് വിജയസാധ്യത കണ്ടെത്താന്‍ നടത്തിയ സര്‍വേ. എന്നാല്‍ കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ സര്‍വേ നടത്തിയോ എന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ദല്‍ഹിയില്‍ ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ചോദിച്ചത്.
ഇത്തരത്തില്‍ ഒരു സര്‍വേ ഉണ്ടോയെന്നും ആരാണ് ഇതു നടത്തിയതെന്നും ചെന്നിത്തല രോഷത്തോടെയാണ് വേണുഗോപാലിനോട് ഒരു ഘട്ടത്തില്‍ ചോദിച്ചത്. നേമത്ത് ഉമ്മന്‍ചാണ്ടിയും വട്ടിയൂര്‍ക്കാവില്‍ ചെന്നിത്തലയും നില്‍ക്കണമെന്ന നിര്‍ദേശവും ഈ ‘അദൃശ്യ’ സര്‍വേയുടേതാണ്. ബിജെപിയുടെ ഉറച്ച കോട്ടയില്‍ നിര്‍ത്തി രണ്ട് ഗ്രൂപ്പ് നേതാക്കളെയും വെട്ടിയൊതുക്കാനുള്ള വേണുഗോപാലിന്റെ നീക്കമാണ് ഈ ഇല്ലാത്ത സര്‍വേ എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേപം.
ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നത് കോണ്‍ഗ്രസാണ് എന്ന് കാണിക്കാന്‍ ഇരുവരും ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന തരത്തില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന് പിന്നിലും വേണുഗോപാല്‍ സ്പോണ്സര് ചെയ്ത സര്‍വേ ആണ്. പുതുപ്പള്ളി സീറ്റ് മകന് ചാണ്ടി ഉമ്മനോ മകള്‍ അച്ചു ഉമ്മനോ നല്‍കാമെന്നും ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് മത്സരിക്കണമെന്നും ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വട്ടിയൂര്‍ക്കാവ് എന്ന കെണിയില്‍ നിന്ന് രക്ഷപ്പെട്ട ചെന്നിത്തല ഹരിപ്പാട് തന്നെ ഉറപ്പിച്ചിട്ടുണ്ട്.
ഹൈക്കമാന്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള സ്ഥാനാര്‍ഥികളെ മാത്രമേ അംഗീകരിക്കാനാകൂ എന്ന നിലപാടാണ് വേണുഗോപാല്‍ സ്വീകരിച്ചത്. ഗ്രൂപ്പുകളുടെ പട്ടിക വെട്ടിയതോടെ മിക്ക മണ്ഡലങ്ങളിലും പാര്‍ട്ടിയിലെ ധാരണകള്‍ മാറി മറിയുന്ന സ്ഥിതിയുണ്ട്. ഇന്ന് വൈകിട്ട് ആറിനു ചേരുന്ന എഐസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത. മത്സരിക്കാന്‍ തയാറായി നില്ക്കുന്ന കെ. മുരളീധരന് അടക്കമുള്ള എംപിമാര്‍ക്ക് സീറ്റ് നല്‍കണോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനവും ഇന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: