കൊല്ലം: ഇംഗ്ലീഷ് മരുന്നുകള്‍ മാര്‍ക്കറ്റ് വിലയുടെ 90 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധിയുടെ (നോഡല്‍) സമ്പൂര്‍ണ്ണകേന്ദ്രം കൊല്ലം നഗരഹൃദയത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
ചിന്നക്കടയില്‍ എക്‌സൈസ് കമ്മീഷണര്‍ ആഫീസിന് എതിര്‍വശത്തെ തങ്കം കോംപ്ലക്‌സിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. കശുവണ്ടി വ്യവസായി നന്ദകുമാറും മുന്‍ ശബരിമല മേല്‍ശാന്തി ബാലമുരളിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു രൂപയുടെ സുവിധാ സാനിറ്ററി നാപ്കിന്‍, മറ്റ് മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കുമെന്ന് നോഡല്‍ ഓഫീസര്‍ സന്ദീപ്‌സിങ് അറിയിച്ചു. ജന്‍ഔഷധി ഉല്പന്നങ്ങള്‍ മുഴുവന്‍ ലഭ്യമാകുന്ന കേന്ദ്രമായിരിക്കും ചിന്നക്കടയിലേത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ കേരളത്തിലാണ്. ജന്‍ ഔഷധി വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 600 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ക്യാമ്പ്, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് സാനിറ്ററി നാപ്കിന്‍ സൗജന്യ വിതരണം, ബോധവല്‍ക്കണ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചതായും സംസ്ഥാനത്ത് 75 ലക്ഷം പേര്‍ പ്രതിമാസം ജന്‍ഔഷധി കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുന്നതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: