സദാനന്ദ് ഘോഡ്ഗേരിക്കര്
ഓഹരി വിറ്റഴിക്കല്‍ (Disinvestment)എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയാണോ അതോ കാലോചിതമായ നിക്ഷേപ നയം മാത്രമാണോ? നരേന്ദ്രമോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുന്നു, രാജ്യം അദാനിക്കും അംബാനിക്കും തീറെഴുതുന്നു എന്നൊക്കെയാണ് പ്രതിപക്ഷ ആരോപണം.
വര്‍ഷം 1980. ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഉറച്ചു വിശ്വസിച്ചിരുന്നത് ‘The Government has no business to be in Business’ എന്നാണ്. ഒറ്റയടിക്ക് 670 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്ക്കരിച്ചു കൊണ്ട് കമ്പനി നടത്തിപ്പ് സര്‍ക്കാരുകളുടെ ചുമതല അല്ലെന്ന സന്ദേശം അവര്‍ ആദ്യമായി ലോകത്തിന് നല്കി. ബ്രിട്ടീഷ് ടെലികോം, ബ്രിട്ടീഷ് എയര്‍വേയ്സ്, ബ്രിട്ടീഷ് പവര്‍, ബ്രിട്ടീഷ് പെട്രോളിയം, ബ്രിട്ടീഷ് ഗ്യാസ്, ബ്രിട്ടീഷ് റെയില്‍ എന്നിവ സ്വകാര്യവല്‍ക്കരിച്ചു. അക്കാലത്ത് 30 മില്യണ്‍ ഡോളറാണ് അവര്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചത്. ആ കമ്പനികള്‍ ഒക്കെയും തന്നെ പഴയതിലും കാര്യക്ഷമമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. ബ്രിട്ടനില്‍ നിന്നും ആരംഭിച്ച സ്വകാര്യവല്‍ക്കരണത്തിന്റെ കാറ്റ് പിന്നീട് ലോകം മുഴുവന്‍ വീശിത്തുടങ്ങി. ജര്‍മ്മനിയുടെ ലയനത്തെ തുടര്‍ന്ന് 13500 കമ്പനികളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ സ്വകാര്യ മേഖലയിലേക്ക് മാറിയത്.
1980-1990. ഇന്ത്യയില്‍ ലൈസന്‍സ് രാജും പെര്‍മിറ്റ് രാജും കൊടി കുത്തി വാഴുന്ന കാലം. 20 ബാങ്കുകളും 107 ഇന്‍ഷ്വറന്‍സ് കമ്പനികളും ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ ദേശസാല്‍ക്കരിച്ചിരുന്നു. ഒട്ടുമിക്ക വന്‍കിട വ്യവസായങ്ങളും സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നു. സ്വകാര്യവല്‍ക്കരണം എന്ന ആശയം അക്കാലത്ത് ഇന്ത്യയില്‍ കേട്ടു കേള്‍വി പോലുമില്ല. വ്യവസായങ്ങളുടെ നടത്തിപ്പ് തങ്ങളുടെ ഉത്തരവാദിത്തമായി കരുതി ഒട്ടനവധി വെള്ളാനകളെ നമ്മുടെ സര്‍ക്കാരുകള്‍ സംരക്ഷിച്ചു വന്നിരുന്ന കാലം.
ലോകമെമ്പാടും വ്യവസായവല്‍ക്കരണം അതിന്റെ സുവര്‍ണ്ണ ദശയിലൂടെ കടന്നു പോയിരുന്ന കാലത്തും ഇന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായശാലകള്‍ ഭീമമായ നഷ്ടംവരുത്തിക്കൊണ്ടിരുന്നു. ജനങ്ങളുടെ നികുതി പണം കൊണ്ട് ആ നഷ്ടം നികത്തലും നിര്‍ബാധം തുടര്‍ന്നു വന്നു. വിവിധ കാരണങ്ങളാല്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് വലിയ ക്ഷതം സംഭവിച്ചു. 1990- 2004. ഈ പശ്ചാത്തലത്തിലാണ് നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആഗോളവത്ക്കരണവും ഉദാരവത്കരണവുമൊക്കെ അതിന്റെ പാരമ്യതയിലേക്കുള്ള പാതയില്‍ എത്തിക്കഴിഞ്ഞിരുന്നു. തന്റെ ആദ്യ ബജറ്റില്‍ തന്നെ മന്മോഹന് സിങ്ങ് ഡിസ്ഇന്വെസ്റ്റ്മെന്റ്പോളിസി അംഗീകരിച്ചു.
മന്മോഹന് സിംഗിന്റെ കാലത്ത് ഹരിശ്രീ കുറിച്ച ഡിസ്ഇന്‍വെസ്റ്റ്മെന്റ് തുടര്‍ന്നുള്ള 5 വര്‍ഷങ്ങളില്‍ പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചത്. ഒഎന്‍ജിസി, എച്ച്പിസിഎല്‍, ഐഒസി, സെയില്‍, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ സിങ്ക്, ഹിന്ദുസ്ഥാന്‍ കേബിള്‍സ്, ബിന്ദുസ്ഥാന് കോപ്പര്‍ തുടങ്ങി അനേകം കമ്പനികളുടെ 10 മുതല്‍ 25 ശതമാനം വരെ ഷെയര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റും കൈമാറി എന്നല്ലാതെ ഉടമസ്ഥാവകാശം ഒരിടത്തും വിറ്റിട്ടില്ല. കൂടുതല്‍ കാര്യക്ഷമമായി കമ്പനികളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ തന്നെയാണ് ഡിസ്ഇന്‍വെസ്റ്റ്മെന്റ് പോളിസി വിഭാവനം ചെയ്തിരുന്നത്. എന്നിരുന്നാലും ഇടതുപക്ഷ പിന്തുണയോടെ പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരിന് ഈ വിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നാലു വര്‍ഷം കൊണ്ട് കേവലം 6000 കോടിയുടെ ഓഹരിയാണ് വില്ക്കാന് കഴിഞ്ഞത്.
വിറ്റഴിക്കല്‍ യാഥാര്‍ഥ്യമായതും വേഗത കൈവരിച്ചതും 1999 മാര്‍ച്ച് 16ന് ശേഷമാണ്. സര്‍ക്കാര്‍ വിറ്റഴിക്കല്‍ നയം പൊളിച്ചെഴുതി. ആയുധങ്ങള്‍, രാജ്യരക്ഷാ ഉപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍, അണുശക്തി,റയില്‍വേ മേഖലകള്‍ ഒഴികെ സമസ്ത മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം 26% മുതല്‍ 51% വരെ കുറച്ചു കൊണ്ടു വരാന്‍ അനുമതി നല്കി. 1999-2004 കാലയളവില്‍ ഓഹരി വില്പനയിലൂടെ 24000 കോടിയാണ് സമാഹരിച്ചത്. 1991 ജൂണ്‍ മുതല്‍ മാര്‍ച്ച് 2004 വരെ ഓഹരി വില്പനയിലൂടെ മൊത്തം സ്വരൂപിച്ച തുക 42200 കോടി രൂപ. ലക്ഷ്യം വെച്ചതാകട്ടെ 96000 കോടിയും. യുപിഎ ഒന്നും രണ്ടും കാലത്ത് വിറ്റഴിക്കല്‍ നയം സജീവമായി തുടര്‍ന്നു.ആദ്യത്തെ 5 വര്‍ഷം കേവലം 8000 കോടി മാത്രമാണ് ഓഹരി വില്പനയിലൂടെ ലഭിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിച്ചു.2009-2014 കാലയളവില്‍ 105000 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ ഒഴുകിയെത്തിയത്.
വര്‍ഷം വരവ് തുക (കോടി)
2009-10 23553
2010-11 22763
2011-12 14035
2012-13 23857
2014-15 21321
എന്‍ടിപിസി -20,000 കോടി, കോള്‍ ഇന്ത്യ -15200 കോടി, ഒഎന്‍ജിസി -12765 കോടി, എന്‍എംഡിസി -15900 കോടി എന്നിങ്ങനെ 67000 കോടി രൂപ സംഭരിച്ചു,.
ജീവനക്കാര്‍ക്കു ഓഹരികള്‍ നല്‍കിയതിലൂടെ 1039 കോടിയോളം രൂപ ലഭിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് അടക്കം സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്കു ഓഹരി വില്പനയുടെ പ്രയോജനം കിട്ടി.
എന്‍ടിപിസി യില്‍ സര്‍ക്കാര്‍ ഓഹരി 84.5 ശതമാനം ആയിരുന്നു 2009 ല്‍. 2647 കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാരിന് കിട്ടിയത്. 2018 ല്‍ സര്‍ക്കാര്‍ ഓഹരി 63.11 ശതമാനമായി കുറഞ്ഞിട്ടും 4922 കോടി രൂപ ലാഭവിഹിതമായി ലഭിച്ചു. 2013 മെയ് രണ്ടിന് മറ്റൊരു വിപഌവകരമായ തീരുമാനം കൂടി ഉണ്ടായി.
Public Sector Enterprise Exchange Trading Fund പ്രഖ്യാപനം. 10 പൊതുമേഖലാ സ്ഥാപനങ്ങളുടെ 3% ഓഹരികള്‍ ഡിസ്ഇന്‍വെസ്റ്റ്മെന്റ് ചെയ്യാനുള്ള അധികാരം ഈ ഫണ്ടിനെ ഏല്പിച്ചു. 2016 മുതല്‍ 2020 വരെയുള്ള നാലു വര്‍ഷങ്ങളില്‍ ഈ ട്രേഡിംഗ് ഫണ്ടിലൂടെ സര്‍ക്കാരിന് ലഭിച്ചത് ഒരു ലക്ഷം കോടി രൂപയാണ്. മോദി സര്‍ക്കാര്‍ സമഗ്രമായ പദ്ധതിയാണ് പിന്നീട് നടപ്പാക്കിയത്. ഓഹരി വില്പന നയം സമൂല പരിവര്‍ത്തനത്തിന് വിധേയമാക്കി. 2016-17 ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ വകുപ്പ് ആരംഭിച്ചു. Department of Investment and Public Asset Manag-ement അഥവാ DIPAM.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ 30% ശതമാനം ലാഭവിഹിതം നിര്‍ബ്ബന്ധമാക്കിയതും 2000 കോടതിയില്‍ അധികം നെറ്റ് വാര്‍ത്ത് ഉള്ള കമ്പനികള്‍ ഷെയര്‍ ‘ബൈ ബാക്ക്’ ചെയ്യാനുള്ള ഉത്തരവാദിത്വം എന്നിവ ദീപം വകുപ്പിന്റെ ഇടപെടല്‍ കാരണം വന്നതാണ്. വളരെ കാര്യക്ഷമമായി തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിയും നിക്ഷേപങ്ങളും ഈ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഓഹരി ശതമാനം കുറഞ്ഞാലും പൊതുമേഖലയിലെ കമ്പനികളുടെ അന്തിമ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കാന് ദീപം പ്രതിജ്ഞാബദ്ധമാണ്.
വര്‍ഷം ലക്ഷ്യം പ്രത്യക്ഷ വരവ്
17-18 1,00 ,000 1,00,057
18-19 80,000 84,792
സര്‍ക്കാരിന് പൊതുമേഖലാ കമ്പനികളുടെ മേലുള്ള ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ച വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ വിജയകരമായി ഓഹരി വില്പന നടത്തിയത് മോദി സര്‍ക്കാരിന്റെ കാര്യക്ഷമതയും കുശലതയും തെളിയിക്കുന്നതാണ്.2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൂന്ന് ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചത്.
വര്‍ഷം വരവ്
2014 24348
2015 23996
2016 46247
2017 1,00,056
2018 84792
2019 50299
കഴിഞ്ഞ അഞ്ച് വര്‍ഷമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ ഇത്രയും തുക സര്‍ക്കാര്‍ സമാഹരിച്ചതിന് ശേഷം ആ കമ്പനികളില്‍ ഇപ്പോഴും ബാക്കിയുള്ള സര്‍ക്കാര്‍ ഓഹരികളുടെ ശതമാനം എത്രയാണെന്നു നോക്കാം.
കമ്പനി വരവ് സര്‍ക്കാര്‍ ഓഹരി
കോള്‍ ഇന്ത്യ 31531 72.33%
എന്‍ടിപിസി 15645 51.10%
എന്‍എംഡിസി 10907 68.29%
എച്ച്എ എല്‍ 14230 75.15%
ഐഒസിഎല്‍ 12308 53.88%
ഇടിഎഫ് 98000
ചെറുതും വലുതുമായിഏകദേശം 90 ഓളം പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ 26% മുതല്‍ 49% വരെ വിറ്റഴിച്ചത് 2014-2020 കാലയളവിലാണ്. ഇതിലൂടെ 1,87,000 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. ഇത്രയും വലിയ തോതില്‍ ഓഹരികള്‍ കൈമാറിയെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ അടിസ്ഥാനപരമായ സ്വത്വം വിട്ടുവീഴ്ചകള്‍ ഇല്ലാതെ നില നിര്‍ത്തുവാന്‍ സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥാവകാശം, ജീവനക്കാരുടെ സുരക്ഷ, ലാഭവിഹിതത്തിന്റെ വിതരണം, സാങ്കേതിക വിദ്യ , മാനേജ്മെന്റ് കാര്യക്ഷമത , സാമ്പത്തിക ആസൂത്രണം എന്നിങ്ങനെ പൊതുമേഖലയിലെ മര്‍മ്മ പ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം പഴയ പടി തുടരുന്നുമുണ്ട്.
ഓഹരി വില്പനയിലൂടെ സമാഹരിച്ച പണം മെട്രോ, റയില്‍വേ, ഗ്രാമീണ ബാങ്ക്, നാബാര്‍ഡ്,എക്സിം ബാങ്ക് എന്നിവിടങ്ങളില്‍ നിക്ഷേപം നടത്തി അടിസ്ഥാന വികസനത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍. 1991 മുതല്‍ ഓഹരി വില്പനയിലൂടെ സമാഹരിച്ച തുക:
സര്‍ക്കാര്‍ വര്‍ഷം വരവ് (കോടി)
കോണ്‍ഗ്രസ് 91-96 9960
യുഎഫ് 96-98 1280
എന്‍ഡിഎ-1 98-04 33653
യുപിഎ -1 04-09 8514
യുപിഎ -2 20-914 99365
ബിജെപി 1 14-19 2,79,619
ബിജെപി -2 19-20 50,300
2021-22 ലെ ബജറ്റില്‍ 2,10,000 കോടി രൂപയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ലക്ഷ്യമിട്ടിരുക്കുന്നത് .ഭാരതത്തില്‍ 350 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ട്. 10 മഹാരത്നം കമ്പനികള്‍ ,14 നവരത്നം കമ്പനികള്‍ , 73 മിനിരത്നം കമ്പനികള്‍ , 250 മറ്റ് കമ്പനികളും.അവയുടെ മൊത്തം വിപണിമൂല്യം 15 ലക്ഷം കോടിയോളം വരും.മോദി സര്‍ക്കാര്‍ ഒരു പൊതുമേഖലാ കമ്പനിയും വിറ്റു തുലച്ചിട്ടില്ല. മറിച്ച് മന്മോഹന് സിംഗ് ആരംഭിച്ച നയം കാര്യക്ഷമമായി നടപ്പാക്കുക മാത്രമാണ് ചെയ്തത്.
വാല്‍ക്കഷണം: ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് മോദി വില്ക്കാന് പോകുന്നു എന്ന തരത്തില്‍ കുപ്രചരണങ്ങള്‍ ഈയിടെയായി നടക്കുന്നുണ്ട്. എല്‍ഐസിയുടെ പബഌക് ഇഷ്യൂ ഈ വര്‍ഷം തന്നെ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുമുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കേവലം 10% മാത്രമാണ് വരാനിരിക്കുന്ന പബഌക് ഇഷ്യു. എല്‍ഐസിയുടെ മൂല്യം 32 ലക്ഷം കോടി രൂപയാണ്. ലോകത്തു തന്നെ ഒന്നാം നിരയില്‍ പെടുന്ന പത്തു കമ്പനികളുടെ ഗ്രൂപ്പില്‍ കയറാനുള്ള സാമ്പത്തിക ശേഷിയുള്ള സ്ഥാപനമാണ് എല്‍ഐസി. സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണവും ഉടമസ്ഥതയും തുടര്‍ന്നു കൊണ്ടുള്ള മാറ്റം സ്വാഗതാര്‍ഹമാണ്.
എല്‍ഐസിയുടെ ഐപിഒസാധാരണ നിക്ഷേപകര്‍ക്ക് വലിയ ഗുണം ചെയ്യും. നിങ്ങളുടെ പക്കല്‍ എല്‍ഐസി പോളിസി ഉണ്ടെങ്കില്‍ വളരെ ഉത്തമം. സന്തോഷിക്കാന്‍ വകയുണ്ട്. കാരണം പോളിസി ഉടമകളെ ഓഹരി ഉടമകള്‍ ആക്കാന്‍ പോവുകയാണ് സര്‍ക്കാര്‍ . അതിനാല്‍ യാതൊരു വിധ ആശങ്കയും വേണ്ട. മോദി വിരുദ്ധരുടെ കെണിയിലും പ്രചരണങ്ങളിലും കുടുങ്ങാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: