കാണ്‍പൂര്‍: അന്താരാഷ്ട്ര വനിതാദിനത്തില്‍ ഉത്തര്‍പ്രദേശിലെ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്(എസ്ആര്ടിസി) ബസ് ഡ്രൈവര്‍മാർക്കുള്ള പരിശീലനം ആരംഭിച്ചതോട പുരുഷന്മാര്ക്ക് ആധിപത്യമുള്ള മേഖലയിലേക്ക് കടന്നുകയറാനൊരുങ്ങി 24-കാരിയായ ബിരുദധാരി നാസ് ഫാത്തിമ. ജോലിയില്‍ പ്രവേശിച്ചാല്‍ നാസ് ആയിരിക്കും യുപി എസ്ആര്‍ടിസിയിലെ ആദ്യ മുസ്ലിം വനിതാ ബസ് ഡ്രൈവറെന്ന് കോര്പറേഷന് അധികൃതര്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പ്രതികരിച്ചു. കാണ്‍പൂരിലെ വികാസ് നഗറിലുള്ള മോഡല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം തുടങ്ങിയത്.
എസ്ആര്ടിസി നല്കിയ പരസ്യം കണ്ട് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 വനിതാ ഉദ്യോഗാര്‍ഥികളില്‍ ഒരാളാണ് ഫറൂഖാബാദ് കമല്‍ഗഞ്ച് സ്വദേശിയായ നാസ് ഫാത്തിമ. അച്ഛന്റെ പെട്ടെന്നുള്ള മരണത്തിനുശേഷം കുടുംബത്തെ സഹായിക്കാന്‍ ജോലി അന്വേഷിച്ചുവരികയായിരുന്നുവെന്ന് നാസ് ഫാത്തിമ പറഞ്ഞു. പരസ്യം കണ്ടാണ് ഈ ജോലിക്കായി അപേക്ഷിച്ചത്. ഇത് തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കും. ഉത്തരവാദിത്തമുള്ള ഡ്രൈവറാകാനാണ് ശ്രമം.
ഡ്രൈവിംഗിനിടയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന. സഹപ്രവര്‍ത്തകരില്‍നിന്നും സഹൃത്തുക്കളില്നിന്നും മാത്രമല്ല, കുടുംബത്തില്‍നിന്നും പൂര്‍ണ പിന്തുണയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തസ്വീറുല്‍ ഹസന്റെയും ഹദീസ ബാനുവിന്റെയും മകളാണ്. 27 പേരുടെ ആദ്യ ബാച്ചിന് ശേഷം കൂടുതല്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്ന് മോഡല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍ എസ്പി സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: