മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസിതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഉപയോഗിച്ച ടെലഗ്രാം ചാനല്‍ സൃഷ്ടിച്ചത് തിഹാര്‍ പ്രദേശത്ത്. ദല്‍ഹി പൊലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. ടെലഗ്രാം ചാനല്‍ തുടങ്ങിയ ഫോണിന്റെ സ്ഥലം കണ്ടെത്താന്‍ പൊലീസ് സ്വകാര്യ സൈബര്‍ ഏജന്‍സിയുടെ സഹായം തേടിയിരുന്നു.
തിഹാര്‍ ജയിലിന് സമീപമാണ് ഫോണിന്റെ സ്ഥലം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന് പറയുന്നു. ഫെബ്രുവരിന് 25-നാണ് ദക്ഷിണ മുംബൈയിലെ അംബാനിയുടെ വസതിയായ ‘അന്റിലിയ’യ്ക്ക് അടുത്ത് ജലാറ്റിന്‍ സ്റ്റിക്കുകളുമായി മഹീന്ദ്ര സ്കോര്‍പിയോ കാര്‍ കണ്ടെത്തിയത്. ഫെബ്രിവരി 26ന് ടെലഗ്രാം ചാനല്‍ സൃഷ്ടിച്ചുവെന്നും തുടര്‍ന്ന് 27ന് രാത്രി ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം അയച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
പണമാവശ്യപ്പെട്ടുള്ള സന്ദേശത്തില്‍ ക്രിപ്റ്റോ കറന്‍സിയുടെ രൂപത്തില്‍ നിക്ഷേപിക്കാനുള്ള ലിങ്കും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ ലിങ്ക് ലഭ്യമല്ലായിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരിക്കാമെന്നാണ് നിഗമനം. പിന്നീട് ഫെബ്രുവരി 28ന് സംഭവത്തില്‍ സംഘടനയ്ക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് മറ്റൊരു സന്ദേശവും സമൂഹമാധ്യമത്തിലെത്തി.
മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് ആണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. വാഹനം കൈവശം വച്ചിരുന്ന താനെയിലുള്ള മന്‍സുഖ് ഹിരണിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ഭീകരവിരുദ്ധ സ്ക്വാഡിന് വിട്ടുവെങ്കിലും തിങ്കളാഴ്ച എന്‍ഐഎ കേസ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: