മുംബൈ: ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുസ്ലിങ്ങളായ മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി.
മഹാരാഷ്‌ട്ര നിയമസഭയില്‍ ബിജെപിയെ എതിര്‍ത്തുകൊണ്ട് ഉദ്ദവ് താക്കറെ നടത്തിയ പ്രസംഗമാണ് വിവാദമാവുന്നത്. ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ ശിവസൈനികര്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ അവരെക്കുറിച്ച് അഭിമാനിക്കുന്നു എന്ന അച്ഛന്‍ ബാല്‍ താക്കറേയുടെ പ്രസ്താവന ഉദ്ദവ് താക്കറെ സഭയില്‍ അഭിമാനത്തോടെ ഉദ്ധരിച്ചിരുന്നു. എന്നാല്‍ ബാബറി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെയാണ് ഉദ്ദവ് താക്കറെ ഈ നടപടിയെ അനുകൂലിച്ച് സംസാരിച്ചതെന്നായിരുന്നു അബു ആസ്മിയുടെ ആരോപണം.
മുഖ്യമന്ത്രിയാണെന്ന കാര്യം മറന്ന്, ശിവസേന നേതാവാണ് എന്ന രീതിയിലാണ് ഉദ്ദവ് താക്കറേ പ്രതികരിച്ചതെന്നും അബു ആസ്മി പറഞ്ഞു. അബു ആസ്മിയുടെ സമാജ് വാദി പാര്‍ട്ടിയും മഹാവികാസ് അഘാദി സര്‍ക്കാരിന്റെ ഭാഗമാണ്. താക്കറെ നിയമസഭയില്‍ അമ്പലങ്ങളെക്കുറിച്ചും പള്ളികളെക്കുറിച്ചും പരാമര്‍ശിക്കുന്നത് പൊതുമിനിമം പരിപാടിയുടെ ലംഘനമാണെന്നും അബു ആസ്മി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: