തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഖേദ പ്രകടനവുമായി കടകംപള്ളി സുരേന്ദ്രന്. 2018ലെ സംഭവങ്ങളില്‍ വിഷമമുണ്ട്. അതുണ്ടാകാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതൊക്കെ അടഞ്ഞ അധ്യായമാണ്. വിവാദങ്ങള്‍ക്കില്ലെന്നും കടകംപള്ളി അറിയിച്ചു.
അതേസമയം കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറല്ല. എന്നിട്ടാണ് പ്രസ്താവന നടത്തുന്നത്.
ദേവസ്വം മന്ത്രി ആയിരുന്നപ്പോള്‍ കടകംപള്ളി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മന്ത്രി നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ശബരിമല വിശ്വാസികള്‍ എതിരെ തിരിയുമെന്ന തിരിച്ചറിവിലാണ് കടകംപള്ളി ഇപ്പോള്‍ മലക്കം മറിയുന്നത്. ദേവസ്വം മന്ത്രിയായിരിക്കേ അവിശ്വാസികളെ മലകയറ്റാന്‍ വേണ്ട സഹായങ്ങള്‍ നല്‍കിയത് അദ്ദേഹമാണ്.
തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ജനങ്ങള്‍ കടകംപള്ളിയെ പാഠം പഠിപ്പിക്കും. ഇത് മനസ്സിലാക്കിയാണ് മന്ത്രിയിപ്പോള്‍ നിലപാട് മാറ്റിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ശബരിമലയില്‍ വിശ്വാസ വേട്ട നടന്നത്. മനീതി സംഘത്തേയും, രഹന ഫാത്തിമയേയും പതിനെട്ടാം പടിചവിട്ടിക്കാന് ശ്രമിച്ചതിന് കടകംപള്ളി മാപ്പ് പറയണമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: