കോഴിക്കോട്: സിപിഎം സംസ്ഥാനനേതൃത്വത്തിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും പാര്‍ട്ടി വിമതരുടെ പ്രകടനം. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനം കെട്ടടങ്ങിയെന്ന് കരുതിയെങ്കിലും ബുധനാഴ്ച വൈകീട്ട് വീണ്ടും നൂറുകണക്കിന് പേര് പങ്കെടുത്ത പ്രകടനം നടന്നു.
അണികളുടെ രോഷാകുലമായ പ്രതികരണങ്ങളില്‍ അമ്പരന്നിരിക്കുകയാണ് സിപിഎം നേതൃത്വം. അനിശ്ചിതത്വമുള്ളതിനാല്‍ തല്ക്കാലം ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മറ്റ് 12 സീറ്റുകളിലും ജോസ് കെ. മാണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായാണ് പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെയാണ് കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കിയ കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുറ്റ്യാടി പഞ്ചായത്ത് ഓഫീസിന് മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. ഓരോ തവണ പ്രകടനം നടക്കുമ്പോഴും അണികളുടെ വീറും വാശിയും കൂടിവരികയാണ്. സിപിഎം നേതാക്കളാരും പ്രകടനത്തില്‍ പങ്കെടുത്തില്ല. അണികള്‍ മാത്രമാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.
കുറ്റ്യാടി കേരളാ കോണ്‍ഗ്രസിന് നല്‍കുമെന്ന സൂചനയുണ്ടായപ്പോള്‍ മുതല്‍ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ആദ്യം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. എന്നാല്‍ കുഞ്ഞമ്മദ് കുട്ടി തനിക്ക് ഈ പ്രകടനവുമായി ബന്ധമില്ലെന്ന് പരസ്യപ്രസ്താവന നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസിന്റെ കൊടി പോലും പാര്‍ട്ടി പ്രവര്ത്തകര്ക്കറിയില്ലെന്നതാണ് ഒരു പരാതി. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. എന്തായാലും പൊന്നാനിയിലും ആലപ്പുഴയിലും അമ്പലപ്പുഴയിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും പാര്‍ട്ടി അതിന് വഴങ്ങാതെ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കുറ്റ്യാടിയില്‍ മാത്രം ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് സിപിഎം.
2016ല്‍ ലീഗ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള 1901 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ കെ.കെ. ലതികയെ തോല്പിച്ച മണ്ഡലമാണ്. ഇവിടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കണമെന്നുമാണ് അണികള്‍ വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: