കരുനാഗപ്പള്ളി: ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണനെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായവരില്‍ കരുനാഗപ്പള്ളി സ്വദേശിയും. പുതിയകാവ് ചിറ്റുമൂല സ്വദേശി ഷാബുദീന്കുഞ്ഞ് (49) ആണ് പിടിയിലായത്. പോപ്പുലര്‍ഫ്രണ്ടിന്റെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.
ജന്മനാട് കായംകുളം കൃഷ്ണപുരമാണെങ്കിലും കരുനാഗപ്പള്ളി പുതിയകാവ്, ചിറ്റുമൂല എന്നിവിടങ്ങളില്‍ ആക്രികച്ചവടവും വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുകയും ചെയ്യലുമാണ് ഇയാളുടെ തൊഴില്‍. ഈ തൊഴിലിനെ മറയാക്കിയാണ് ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനവും. പൊതുവെ ആക്രി ഷാജി എന്നു വിളിക്കപ്പെടുന്ന ഇയാള്‍ ചിറ്റുമൂലയില്‍ സ്ഥിര താമസമാണ്.
ആദ്യകാലത്ത് എന്‍ഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പുതിയകാവ് ചിറ്റുമൂലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇയാളുടെ നീക്കങ്ങള്‍. തിരുവനന്തപുരത്ത് സുനില്‍കുമാര്‍ വധവുമായി ബന്ധപ്പെട്ടും വള്ളികുന്നം വിനോദ് വധക്കേസിനോട് അനുബന്ധിച്ചും ഇയാളുടെ വാഹനം പൊളിക്കല്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടന്നിട്ടുണ്ട്. സംഘടന ആസൂത്രണം ചെയ്യുന്ന അക്രമത്തിന് വിനിയോഗിക്കുന്ന വാഹനങ്ങള്‍ പൊളിച്ചുമാറ്റി തെളിവ് നശിപ്പിക്കുന്നത് ഇവിടെയാണെന്ന് സൂചനയുണ്ട്. തഴവയിലും, കരുനാഗപ്പള്ളിയിലും ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളിലും, കൊലപാതകങ്ങളിലുള്‍പ്പെടെ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇയാള്‍ രക്ഷപെട്ടു.
നന്ദു കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സംരക്ഷണമൊരുക്കിയതിനാണ് ഇയാളുള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രിഷാജി എന്ന ഇയാളെ ചോദ്യം ചെയ്താല്‍ കൊല്ലത്തും സമീപ ജില്ലകളിലും നടന്ന കൊലപാതകങ്ങളുടെയും, ദുരൂഹമായി വാഹനാപകട മരണങ്ങളുടേയും, അക്രമങ്ങളുടേയും ചുരുളഴിയുമെന്നും അതിന് പോലീസ് തയ്യാറാകണമെന്നും വിവിധ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: