മുംബൈ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്കോര്‍പ്പിയന്‍ അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് നാവിക സേന കമ്മിഷന് ചെയ്തു. കമ്മിഷന് ചെയ്ത അന്തര്‍വാഹിനിയെ നൂറ് ദിവസത്തോളം വീണ്ടും പരീക്ഷിക്കല്‍ തുടരും. മുംബൈ മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയില്‍ നടന്ന ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, മുന്‍ നാവികസേന മേധാവി വി.എസ്. ഷെഖാവത്ത് അടക്കമുള്ളവര്‍ പങ്കെടുത്തു.
അന്തര്‍വാഹിനിയുടെ കടലിലെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നാവികസേന ഐഎന്‍എസ് കരഞ്ചിനെ കമ്മിഷന് ചെയ്തത്. സൈന്യത്തിന്റെ ഭാഗമാക്കുന്നതിന് മുന്നോടിയായി 100 ദിവസത്തോളമാണ് പരീക്ഷണങ്ങള്‍ നടത്തിയത്.
ഫ്രഞ്ച് കമ്പനി ഡിസിഎന്‍എസുമായി 2005 ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം നിര്‍മിക്കുന്ന ആറ് കാല്‍വരി ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നാമത്തേത് ആണ് ഐഎന്‍എസ് കരഞ്ച്. സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താമെന്നതാണ് സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനിയുടെ സവിശേഷത. കൂടാതെ, മറ്റ് അന്തര്‍വാഹിനികളെ തകര്‍ക്കാനും മൈനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും സാധിക്കും. 65 മീറ്റര്‍ നീളവും 40 അടി ഉയരവുമുള്ള അന്തര്‍വാഹിനിക്ക് സമുദ്രോപരിതലത്തില്‍ 6500 നോട്ടിക്കല്‍ മൈല്‍ വേഗതയിലും കടലിനടിയില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയിലും സഞ്ചരിക്കാന്‍ സാധിക്കും.
കഴിഞ്ഞ ഏഴ് ദശകങ്ങളായി പ്രതിരോധ മേഖലയില്‍ ഇന്ത്യന്‍ നാവിക സേന സ്വയം പര്യാപ്തമായി വരികയാണെന്ന് നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. 42 കപ്പലുകളും, അന്തര്‍വാഹിനികളുമാണ് നാവിക സേന ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 40 എണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാവിക സേനയുടെ ഇതുവരെയുള്ള വളര്‍ച്ചയുടെയും, ഭാവിയിലെ ഉയര്‍ച്ചയുടേയും അടിസ്ഥാനം സ്വയം പര്യാപ്തത എന്ന തത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: