ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ എടികെ മോഹന്‍ബഗാനും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് എടികെ മോഹന്ബഗാന് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് എടികെ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ എത്തിയത്. മൂന്ന് തവണ ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെ മോഹന്ബഗാന് നാലാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
രണ്ടാം പാദത്തില്‍ 38-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ്, 68-ാം മിനിറ്റില്‍ മന്‍വീര്‍ എന്നിവരാണ് എടികെയ്ക്കായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം സുഹൈറാണ് ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയില്‍ മോഹന്‍ ബഗാന് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം മിനിട്ടില്‍ തന്നെ ഹാവി ഹെര്‍ണാണ്ടസിലൂടെ മോഹന്‍ ബഗാന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഹാവിയുടെ ലോങ്റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 15-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ശുഭാശിഷ് ബോസ് എടുത്ത ഉഗ്രന്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരി തട്ടിയകറ്റി. 16-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിന് മികച്ച ഒരു അവസരം ഒത്തുവന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ്സ് സ്വീകരിച്ച സില്ല പന്തുമായി മുന്നോട്ടുകയറി ഷോട്ടുതിര്‍ത്തെങ്കിലും അത് പോസ്റ്റിന് വെളിയിലൂടെ പറന്നു. 23-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലൂയി മഷാഡോ ഒരു കിടിലന്‍ ഷോട്ട് വലയിലേക്കുതിര്‍ത്തു. പക്ഷേ മോഹന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യ അസാമാന്യ മികവോടെ തട്ടിയകറ്റി. 38-ാം മിനിറ്റില്‍ മോഹന്‍ ബഗാന് ലീഡ് നേടി. ഡേവിഡ് വില്യംസാണ് ടീമിനായി സ്കോര്‍ ചെയ്തത്. കാള്‍ മക്ഹ്യുവില്‍ നിന്നും പന്ത് സ്വീകരിച്ച റോയ് കൃഷ്ണ അത് നേരെ ഡേവിഡ് വില്യംസിന് നല്കി. പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് കുതിച്ച വില്യംസ് പന്ത് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരിയുടെ തലയ്ക്ക് മുകളിലൂടെ അടിച്ച് വലയില്‍ കയറ്റി. ആദ്യപകുതിയില്‍ മോഹന്ബഗാന് 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ആവേശകരമായ കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. 68-ാം മിനിറ്റില്‍ മോഹന്ബഗാന് ലീഡ് ഉയര്‍ത്തി. റോയ് കൃഷ്ണ നല്കിയ പാസ് സ്വീകരിച്ച് ബോക്സില്‍ പ്രവേശിച്ച മന്‍വീര്‍സിങ് രണ്ട് പ്രതിരോധനിരക്കാരെ വെടിയൊഴിഞ്ഞ ശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി (2-0).
74-ാം മിനിറ്റില്‍ സുഹൈറിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. പിന്നാലെ 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പുറത്തേക്കടിച്ച് ലൂയിസ് മച്ചാഡോ സമനില പിടിക്കാനുള്ള അവസരം തുലയ്ക്കുകയും ചെയ്തു. പിന്നീടും സമനിലക്കായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും മോഹന്ബഗാന് പ്രതിരോധം അവയെല്ലാം വിഫലമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: