മലപ്പുറം: പൊന്നാനിയിലെ സ്ഥനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ കലാപം ശക്തമാകുന്നു. പി. നന്ദകുമാറിനു പകരം ടി.എം സിദ്ദിഖിനെ സ്ഥനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഇന്ന് രാജി അടക്കമുള്ള പ്രതിഷേധത്തിലേക്ക് കടന്നു. സിപിഎമ്മിലെ ആറ് ബ്രാഞ്ച് സെക്രട്ടറിമാർ രാജി വച്ചു. എരമംഗലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നാല് അംഗങ്ങള്‍ രാജിവച്ചു. കൂടുതല്‍ ലോക്കല്‍ കമ്മിറ്റികളും രാജി ഭീഷണി മുഴക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന മുന്നറിയിപ്പ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ മഷൂദ്, നവാസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവച്ചത്. പ്രതിഷേധങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുക്കുന്നില്ലെന്ന് കണ്ടതോടെയാണ് രാജിയിലേക്ക് കടന്നത്. പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണന് ഒരിക്കല്‍ കൂടി സീറ്റ് നല്‍കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന പൊതുമാനദണ്ഡം പരിഗണിച്ച് സീറ്റ് നല്‍കിയിരുന്നില്ല. പകരം പി. നന്ദകുമാറിനെ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ നിരത്തിലിങ്ങിയിരുന്നു.
പൊന്നാനിയിലെ തീരദേശ മേഖലയിലാണ് പ്രധനമായും പ്രതിഷേധമുള്ളത്. പി.നന്ദകുമാറിന് വേണ്ടി പ്രചാരണത്തിന് തങ്ങളെ കിട്ടില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതിലും സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: