75-ാം വര്‍ഷത്തെ സ്വാതന്ത്ര്യദിനം രാജ്യം ആഡംബരത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കണം. ഇതിനു വേണ്ടി രൂപീകരിച്ച സമിതി അംഗങ്ങള്‍ നല്കിയ പുതിയ ആശയങ്ങളും വൈവിധ്യമാര്‍ന്ന ചിന്തകളും പ്രശംസാര്‍ഹമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ മഹോത്സവം ഇന്ത്യയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്.
സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം, രക്തസാക്ഷികള്‍ക്കുള്ള ആദരാഞ്ജലി, സ്വതന്ത്ര ഭാരതത്തെ സൃഷ്ടിക്കാനുള്ള അവരുടെ പ്രതിജ്ഞ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ ഉത്സവം. ഈ ഉത്സവം സനാതന ഭാരതത്തിന്റെ മഹത്വത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും. ഇത് ആധുനിക ഇന്ത്യയുടെ തിളക്കവും ഉള്‍ക്കൊള്ളുന്നതായിരിക്കും. ഈ ഉത്സവം ഋഷിമാരുടെ ആത്മീയതയുടെ വെളിച്ചവും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവും ശക്തിയും പ്രതിഫലിപ്പിക്കും. 75 വര്‍ഷത്തെ നമ്മുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയണം. അടുത്ത 25 വര്‍ഷത്തേക്ക് ലോകത്തിന്റെ പ്രശ്നപരിഹാരത്തിനുള്ള ഒരു ചട്ടക്കൂടും നാം നല്‍കും.
ഒരു സങ്കല്പം ആഘോഷത്തിന്റെ രൂപമാകുമ്പോള്‍, പ്രതിജ്ഞകളും ദശലക്ഷക്കണക്കിന് പേരുടെ ഊര്‍ജ്ജവും അതില്‍ കൂട്ടി ചേര്‍ക്കപ്പെടുന്നു.സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നത് 130 കോടി ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെയാണ്. ഇതില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. ഈ പങ്കാളിത്തത്തില്‍ 130 കോടി ഭാരതീയരുടെ വികാരങ്ങളും നിര്‍ദ്ദേശങ്ങളും സ്വപ്നങ്ങളും ഉള്‍പ്പെടുന്നു.
75 വര്‍ഷത്തെ ആഘോഷം 5 പ്രമേയങ്ങളെ ആസ്പദമാക്കിയായിരിക്കും. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം, ആശയങ്ങള്‍, നേട്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടും ഈ ആഘോഷം 130 കോടി ഇന്ത്യക്കാരുടെ ആശയങ്ങളും വികാരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും.
ഇനിയും അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകളെ ആദരപൂര്‍വ്വം ജനങ്ങളിലേക്ക് എത്തിക്കണം. രാജ്യത്തിന്റെ ഓരോ തരി മണ്ണിലും ഭാരതീയരുടെ ത്യാഗം നിറഞ്ഞിരിക്കുന്നു. അവരുടെ കഥകള്‍ രാജ്യത്തിന് പ്രചോദനമേകുന്നതാണ് ആ പ്രചോദനം ഒരു ശാശ്വത ഉറവിടമാണ്. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും സംഭാവനകളും പങ്കാളിത്തവും ജനങ്ങളില്‍ എത്തിക്കണം. തലമുറകളായി രാജ്യത്തിനു വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്. അവരുടെ ചിന്തയും സംഭാവനയും ആശയങ്ങളും ദേശീയ മുന്നേറ്റങ്ങളുമായി സമന്വയിപ്പിക്കണം.
സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനായിരിക്കണം നമ്മുടെ ഊന്നല്‍. നമ്മുടെ ഭാരതത്തെ അവര്‍ സ്വപ്നം കണ്ട ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള അവസരമായി ഈ ചരിത്ര സന്ദര്‍ഭത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും മഹത്ത്വത്തിനും അനുസൃതമായിട്ടായിരിക്കും സ്വാതന്ത്ര്യത്തിന്റെ അമൃതാഘോഷം.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ ദേശീയ സമിതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ സമിതി ആഘോഷത്തിന് നേതൃത്വം നല്‍കും ഇന്നലെ ചേര്‍ന്ന ആദ്യ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി പാനലിനെ അഭിസംബോധന ചെയ്തു. ദേശീയ സമിതിയിലെ വിവിധ അംഗങ്ങളായ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ വ്യക്തികള്‍, ആത്മീയ നേതാക്കള്‍, കലാകാരന്മാര്, ചലച്ചിത്ര വ്യക്തികള്‍, കായിക വ്യക്തികള്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മുന്‍ രാഷ്ട്രപതി പ്രതിഭാ ദേവി സിംഗ് പാട്ടീല്‍, മുന്‍ പ്രധാനമന്ത്രി എച്ച്. ദേവഗൗഡ, നവീന്‍ പട്നായിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മീര കുമാര്‍, സുമിത്ര മഹാജന്, ജെ.പി. നദ്ദ, മൗലാന വാഹിദ്ദീന്‍ ഖാന് തുടങ്ങിയവര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
സമിതിയില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാപട്ടേല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ, എല്‍.കെ. അദ്വാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ലതാ മങ്കേഷ്കര്‍, എ.ആര്. റഹ്മാന്, അമര്‍ത്യാസെന്‍, സോണിയാ ഗാന്ധി, സീതാറാം യച്ചൂരി, ശരത്പവാര്‍, മമതാ ബാനര്‍ജി, മുലായം സിങ് യാദവ്, സുനില്‍ ഗാവസ്കര്‍, മേരികോം, അഭിനവ് ബിന്ദ്ര, പി.ടി. ഉഷ, പുല്ലേല ഗോപിചന്ദ്, മഹേന്ദ്രസിംഗ് ധോണി, പ്രകാശ് പദുകോണ്‍, ബാബ രാംദേവ്, ശ്രീശ്രീ രവിശങ്കര്‍, മൗലാന വഹിദുദ്ധീന് ഖാന്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ജഗ്ഗിവാസുദേവ്, പ്രിയദര്ശന്, ഹേമമാലിനി, ഹരിഹരന്, യേശുദാസ്, കെ.കെ. മുഹമ്മദ്, ഇ. ശ്രീധരന്, എസ്. ഗുരുമൂര്‍ത്തി, രത്തന്‍ ടാറ്റ, അസിം പ്രേംജി, നന്ദന് നീലേഖനി, കേന്ദ്രമന്ത്രിമാര്‍, 28 സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരക്കമുള്ള 259 അംഗ സമിതിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിപുലമായ ഒരുക്കങ്ങള്‍; നൂറുകണക്കിന് വികസനപദ്ധതികള്‍
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷാഘോഷത്തിന് – സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം- വിപുലമായ ഒരുക്കങ്ങള്‍. ആഗസ്റ്റ് 22 മുതല്‍ 75 ആഴ്ചകളിലായാണ് ആഘോഷങ്ങള്‍ നടക്കുക. സാമൂഹിക സാംസ്കാരിക ആഘോഷങ്ങളോടൊപ്പം ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും പരിപാടികള്‍.
സ്വാതന്ത്ര്യത്തിനായി പോരാടിയ അറിയപ്പെടാത്ത ആയിരങ്ങളുടെ സ്മരണകള്‍ അടയാളപ്പെടുത്തും. 2022 ആഗസ്റ്റ് 15 ന് രാഷ്ട്രത്തിനായി നിരവധി പദ്ധതികള്‍ സമര്‍പ്പിക്കപ്പെടും. ഇതിനായി വിവിധ മന്ത്രാലയങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങി. സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്ദ്ദശമുണ്ട്. ജനകേന്ദ്രിതവും ചെലവ് കുറഞ്ഞതുമായ പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന.
പദ്ധതികള്‍, പരിപാടികള്‍ സംബന്ധിച്ച വിശദമായ കലണ്ടര്‍ ഉടന്‍ പുറത്തിറങ്ങും. സ്വാതന്ത്ര്യ സമരത്തിനായി പോരാടിയ ഗോത്രവിഭാഗത്തിന്റെ മ്യൂസിയം ഗുജറാത്തിലെ റാഞ്ചിയില്‍ തയ്യാറാകും. പിന്നോക്ക വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള പതിനായിരം ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: