കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത്. 10,000 ദിനാര്‍ വരെയാണ് പിഴ. വിദേശികളാണെങ്കില്‍ നാടുകടത്തും. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. കാല്‍നട, സൈക്കിള്‍ യാത്രകളും പാടില്ല. വൈകിട്ട് 5 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ.
ദിവാനിയകള്‍, കൃഷിയിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അനധികൃത കൂട്ടംചേരലുകളുണ്ടോ എന്ന പരിശോധനയുണ്ടാകും. നിയമലംഘകരെ പിടികൂടാന്‍ പോലീസിന് പുറമേ നാഷനല്‍ ഗാര്‍ഡ്, പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണവും ഉണ്ടാകും. പ്രത്യേക പാസ് ഉള്ളവര്‍ക്ക് കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാം. നിയമം ലംഘിക്കുന്നവരുടെ പാസ് റദ്ദാക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. മുന്‍കൂര്‍ ലഭിക്കുന്ന ബാര്‍കോഡ് അനുമതിയിലൂടെ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകും.
കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി തീരുമാനിച്ചു. പ്രഥമ ചികിത്സ, മെഡിക്കല്‍ റിവ്യു, രക്തദാനം, കോവിഡ് പരിശോധനയ്ക്ക് സ്രവം നല്കല്, കോവിഡ് വാക്സിനേഷന് സ്വീകരിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കാണ് കാര്‍ഡ് നല്‍കുക. ആവശ്യത്തിന്റെ സ്വഭാവം, പോകേണ്ട സ്ഥലത്തിന്റെ ദൂരം തുടങ്ങിയവ പരിഗണിച്ച 30 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ സമയപരിധിയുള്ളതാകും പെര്‍മിറ്റ്. https://curfew.paci.gov.kw/request/create എന്ന വെബ്സൈറ്റിലാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.
താല്‍ക്കാലിക പെര്‍മിറ്റിനായുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ നിയമനടപടിക്ക് വിധേയരാക്കും. 6 മാസം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: