കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം എൻസിപിയിൽ പൊട്ടിത്തെറിയിലേക്ക്. മന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും ഏലത്തൂരിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ് പ്രകാശ് രാജിവച്ചു. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പാർട്ടിയുടെ യുവജന വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്.
ശശീന്ദ്രൻ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് എൻവൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു പ്രമേയം. എൻസിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണമെന്നാണ് ആവശ്യം. അണികളുടെ വക പോസ്റ്റർ പ്രതിഷേധവും അരങ്ങേറി. എലത്തൂരിന് പുറമെ പാവങ്ങാടും എ.കെ ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള്‍ വേണം എലത്തൂരില്‍ എന്നാണ് പോസ്റ്ററിലെ ആവശ്യം. എല്‍.ഡി.എഫ് വരണമെങ്കില്‍ ശശീന്ദ്രന്‍ മാറണമെന്നും പോസ്റ്ററില്‍ പറയുന്നു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് വേണ്ടി എന്‍.സിപിയുടെ ജില്ലാഘടകം ചേര്‍ന്നപ്പോള്‍ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റർ പ്രതിഷേധം സി.പി.എമ്മിലാണ് ആദ്യം ഉണ്ടായതെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ സ്ഥാനാർഥികൾക്കെതിരെയും വിവിധ മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ മന്ത്രി എ.കെ ബാലന് പകരം ഭാര്യ പി.കെ ജമീലയെ സ്ഥാനാർഥി ആക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഇന്നലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം ജമീലയെ സ്ഥാനാർഥിയാക്കുന്നതിൽ നിന്നും പിൻവാങ്ങി. കുറ്റ്യാടിയിൽ സി.പി.എം മണ്ഡലം കേരള കോൺഗ്രസിന് വിട്ടു നൽകുന്നതിനെതിരെയായിരുന്നു അണികളുടെ പ്രതിഷേധം.
ഇന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്റര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: