അഴിമതിയുടെയും നാണക്കേടിന്റെയും പ്രതീകമായിരുന്ന പാലാരിവട്ടം മേല്‍പ്പാലത്തിന് ശാപമോക്ഷം ലഭിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രിമാരല്ല. മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്ത നിര്‍മാണ പ്രവൃത്തി ഒരു രൂപ പോലും അധിക ചെലവ് വരുത്താതെ പറഞ്ഞ സമയത്തിനും വളരെ മുന്‍പ് പണിപൂര്‍ത്തിയാക്കിയത് വലിയൊരു നേട്ടമാണ്. അഴിമതി നടത്താന്‍ മാത്രമുള്ളതാണ് നമ്മുടെ നാട്ടിലെ റോഡിന്റെയും പാലത്തിന്റെയുമൊക്കെ നിര്‍മാണം. എന്നാല്‍ അങ്ങനെയൊരു ആക്ഷേപമില്ലാതെ സത്യസന്ധമായി എങ്ങനെ പണി പൂര്‍ത്തിയാക്കാമെന്നതിന്റെ ഉജ്വല മാതൃകയാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം കാഴ്ചവച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിംലീഗുകാരനായ വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം ഉദ്ഘാടനം നടന്ന് വളരെ കഴിയുന്നതിനു മുന്‍പ് തകരാറിലാവുകയും, ഗതാഗതം നിര്‍ത്തിവയ്ക്കുകയുമായിരുന്നു. ശരിയായ അനുപാതത്തില്‍ സിമന്റും കമ്പിയുമുള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാതിരുന്നതാണ് ഇതിനു കാരണം. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കണ്ടെത്തി ഇബ്രാഹിംകുഞ്ഞിനും, ഉദ്യോഗസ്ഥ മേധാവിയായിരുന്ന ടി.ഒ. സൂരജിനുമെതിരെ വിജിലന്‍സ് കേസെടുക്കുകയും ഇരുവരും ജയിലിലാവുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പ് എന്നു പറഞ്ഞാല്‍ അഴിമതിയുടെ കൂത്തരങ്ങാണ്. ആര് അധികാരത്തില്‍ വന്നാലും ഇതിന് മാറ്റമുണ്ടാവാറില്ല. പദ്ധതിയേതായാലും ശിലാസ്ഥാപനം മുതല്‍ ഉദ്ഘാടനം വരെയുള്ള കാലയളവില്‍ എങ്ങനെയൊക്കെ അഴിമതി നടത്താമോ അതൊക്കെ നടത്തിയിരിക്കും. നിര്‍മാണ കാലാവധി മനഃപൂര്‍വം നീട്ടിക്കൊണ്ടുപോവുകയും, അതുവഴി പദ്ധതിയടങ്കല്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. ഇപ്രകാരം വര്‍ധിക്കുന്ന തുക ഉദ്യോഗസ്ഥരും രാഷ്ട്രീയ-ഭരണ നേതൃത്വവും ചേര്‍ന്ന് പങ്കുവയ്ക്കുന്നു. ഇതിന് തയ്യാറുള്ളവര്‍ക്കാണ് കരാര്‍ ലഭിക്കുക. ഫലത്തില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന നഗ്നമായ ഈ വിളയാട്ടമാണ് പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലും കണ്ടത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ പാലം അപകടാവസ്ഥയിലായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായെങ്കിലും പിണറായി സര്‍ക്കാര്‍ തുടര്‍ നടപടികള്‍ വച്ചുതാമസിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയുടെ പോലും വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത് തുടങ്ങിയ അഴിമതികളുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായപ്പോള്‍ മാത്രമാണ് മന്ത്രിയായിരുന്ന ഇബ്രഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്.
കൊച്ചി മെട്രോ റെക്കോര്‍ഡു വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഇ. ശ്രീധരനെ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ ചുമതല ഏല്‍പ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് സ്വന്തം പ്രതിച്ഛായ മിനുക്കാനായിരുന്നു. നിര്‍മാണത്തിന് ഒരു പൈസ പോലും നല്‍കേണ്ടതില്ലെന്നും, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് മേല്‍പ്പാല നിര്‍മാണത്തിന്റെ ബാക്കി വന്ന തുക ഉപയോഗിക്കാമെന്നും ശ്രീധരന് പ്രഖ്യാപിച്ചത് അഴിമതിക്കുള്ള വാതിലുകള്‍ കൊട്ടിയടച്ചു. മെട്രോമാന് പറഞ്ഞ വാക്കു പാലിച്ചു. നിശ്ചിത സമയത്തിനു വളരെ മുന്‍പു തന്നെ പണി പൂര്‍ത്തീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ആത്മാര്‍ത്ഥമായും കാര്യക്ഷമമായും അധ്വാനിച്ച എഞ്ചിനീയര്‍മാരും മറ്റ് തൊഴിലാളികളും അഭിനന്ദനമര്‍ഹിക്കുന്നു. നൂറു വര്‍ഷം ഉറപ്പുള്ള പാലം പൂര്‍ത്തിയായിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. പക്ഷേ കരാറുകാരെയും മറ്റും പുകഴ്ത്തിയപ്പോള്‍ രാജ്യത്തിനു മുഴുവന്‍ മാതൃകാപരമായ ഈ നിര്‍മാണത്തിന് നേതൃത്വം നല്കിയ മെട്രോമാന്റെ പേരുപോലും പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇ. ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതാണ് ഇതിനു കാരണം. വികസനത്തിന്റെ കാര്യത്തില്‍ തരംതാണ രാഷ്ട്രീയമാണ് പിണറായി വിജയന് പിന്തുടരുന്നതെന്ന് തെളിയിക്കുന്നതായി ഈ നടപടി. എന്തായിരുന്നാലും അഴിമതി വിരുദ്ധ രാഷ്ട്രീയത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളുകയും, അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഐക്യം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന മെട്രോമാന്റെ പ്രതിച്ഛായ പാലാരിവട്ടം മേല്‍പ്പാലം വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തതോടെ ഒന്നുകൂടി വര്‍ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: