ചിതല്‍പ്പുറ്റിന്റെ രൂപത്തില്‍ ആദിപരാശക്തി വാഴുന്ന സന്നിധിയാണ് കന്യാകുമാരി ജില്ലയിലെ കുളച്ചലിനു സമീപം അറബിക്കടലോരത്തുള്ള മണ്ടയ്‌ക്കാട് അമ്മന്‍കോവില്‍ (മണ്ടയ്‌ക്കാട് ദേവീക്ഷേത്രം). വസൂരി വിത്തുകള്‍ ദേവീ കോപമായി പുറത്തുവരാതിരിക്കാന്‍ ദേവിയുടെ പരിചാരകര്‍ക്കായി നടത്തുന്ന ചടങ്ങാണ് വിഖ്യാതമായ ‘മണ്ടയ്‌ക്കാട്ടു കൊട’. കുംഭമാസത്തിലെ അവസാന ചൊവ്വാഴ്ചയാണ് അമ്മകൊട മഹോത്സവം നടത്തുന്നത്.
കടല്‍ക്കരയിലുണ്ടായിരുന്ന ‘മന്തക്കാട്’ എന്നറിയപ്പെട്ട പുല്‍മേടാണ് കാലാന്തരത്തില്‍ മണ്ടയ്‌ക്കാടായി മാറിയത്. കന്നുകാലികളെ മേച്ചിരുന്ന ഇവിടെ പിന്നീടൊരു കന്നുകാലിച്ചന്തയുണ്ടായി. കാലികളെ വാങ്ങാന്‍ വിദൂരനാടുകളില്‍ നിന്നുപോലും ആളുകള്‍ ഇവിടേക്കെത്തിയിരുന്നു. ഇടയന്മാരും കച്ചവടക്കാരുമായി എത്തിയിരുന്നവര്‍ പനങ്ങകള്‍ (പനംകായ) പെറുക്കിയെടുത്ത് കട്ടയടി കളിക്കുമായിരുന്നു. ഒരിക്കല്‍ കട്ടയടിക്കിടെ പനംകായ അവിടെയുണ്ടായിരുന്ന മണ്‍പുറ്റില്‍ തട്ടി രക്തം പ്രവഹിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ് മന്തക്കാടിന്റെ ഉടമയും നാട്ടുകാരുമെത്തി. കൂട്ടത്തില്‍ ഒരാള്‍ക്ക് അരുളപ്പാടുണ്ടായി. ദേവീയുടെ പ്രതിരൂപമാണീ പുറ്റെന്നും മുറിഞ്ഞഭാഗത്ത് ചന്ദനമരച്ച് മൂടിയാല്‍ രക്തസ്രാവം നിലയ്‌ക്കുമെന്നും താന്‍ ദേവിയുടെ ഭൂതമാണന്നും അയാള്‍ തുള്ളിപ്പറഞ്ഞു. ചന്ദനമരച്ച് മുറിവടച്ചതോടെ രക്തസ്രാവം നിലച്ചു.
പ്രശ്‌നവശാല്‍ ദേവിയുടെ ചൈതന്യമാണവിടെ കണ്ടത്. മണ്‍പുറ്റ് നനയാതിരിക്കാന്‍ വസ്തു ഉടമ ഓലപ്പുരകെട്ടി അമ്പലവാസികളായ ‘കുരിക്കന്മാരെ’ പൂജാദി കര്‍മങ്ങള്‍ക്ക് ചുമതലപ്പെടുത്തി.
നാട്ടുകാരന്‍ കൂടിയായ വേലുത്തമ്പി, ദളവയായപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാരില്‍ മുതല്‍കൂട്ടി. ക്ഷേത്രം ഇപ്പോള്‍ കന്യാകുമാരി ദേവസ്വംബോര്‍ഡിനു കീഴിലാണ്. ക്ഷേത്രത്തിലെ ദൈവജ്ഞന്മാരായ ഇരുമ്പിലി ആശാന്മാരാണ് മണ്ടയ്‌ക്കാട്ടേക്കുള്ള പടിത്തരവും ആട്ടവിശേഷങ്ങളും നിര്‍ദേശിക്കുന്നത്. ദേവിയുടെ പരിചാരകരായ ‘ഭൂതങ്ങളെ’ പ്രീതിപ്പെടുത്താനായി വര്‍ഷത്തിലൊരു ‘കൊടയും’ വലിയപടുക്ക’യും ആശാന്മാര്‍ നിര്‍ദ്ദേശിച്ചു. അതാണ് ‘മണ്ടക്കാട്ടുകൊട’. ‘കൊട’ യെന്നാല്‍ കോടുക്കല്‍ എന്നര്‍ത്ഥം. പരിചാരകരെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന ‘കൊട’!
പണ്ട് വേനല്‍ക്കാലത്ത് ഇവിടെ വസൂരി പിടിപ്പെട്ട് ധാരാളംപേര്‍ മരിക്കാറുണ്ടായിരുന്നു. ദേവീകോപത്താലാണ് വസൂരി പരക്കുന്നതെന്നായിരുന്നു വിശ്വാസം. വേനലില്‍ പുറ്റിലുണ്ടാകുന്ന വിള്ളലിലൂടെ വസൂരി മണികള്‍ പുറത്തു വരും. ദേവിയുടെ പരിചാരകരായ ഭൂതങ്ങള്‍ അത് നാട്ടിലിറങ്ങി വിതറും! പുറ്റിനെ ചന്ദനം അരച്ച് അടച്ചാല്‍ മണികള്‍ പുറത്തുവരില്ല. കുംഭത്തിലെ കൊടുംചൂടില്‍ പുറ്റ് പൊട്ടി വസൂരി വിത്തുകള്‍ പുറത്തു വരാതിക്കാന്‍ കുംഭമാസത്തെ അവസാന ചൊവ്വാഴ്ച ആണ്ടുതോറും കൊടനടത്തുന്നതെന്നാണ് സങ്കല്‍പം.
കൊടയ്‌ക്കും പത്ത് ദിവസങ്ങള്‍ മുമ്പത്തെ ഞായറാഴ്ച പത്ത് ദിവസത്തെ ഉത്സവത്തിന് കൊടിയേറും. കൊടയുടെ മുമ്പത്തെ തിങ്കളാഴ്ച യാണ് വലിയ പടുക്ക. മലര്‍, അപ്പം, അട, വട, പഴം, തിരളി എന്നിവ തിരുനടയില്‍ സമര്‍പ്പിക്കുന്നതാണ് ‘വലിയ പടുക്ക. ദേവിക്കു മുന്നില്‍ ഭക്തര്‍ ചോറും വിഭവങ്ങളുമൊരുക്കുന്ന ഒടുക്ക് എന്നൊരു ചടങ്ങുമുണ്ട്.
അപ്പം, വട, തിരളി തലയിലെ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ മണ്ടപ്പുറ്റുണ്ടാക്കി ഭക്തര്‍ സമര്‍പ്പിക്കാറുണ്ട്. ദുരിതങ്ങളും മറ്റും മാറിക്കിട്ടാന്‍ ആള്‍രൂപങ്ങളും മക്കളില്ലാത്തവര്‍ക്ക് മക്കളുണ്ടാകാന്‍ തൊട്ടില്‍പ്പാലം സമര്‍പ്പണം കൈകാലുകളിലെ രോഗം മാറാന്‍ കൈകാലുകളുടെ വെള്ളി രൂപ സമര്‍പ്പണം സാധുക്കള്‍ക്ക് അന്നദാനം എന്നിവയാണ് ഇവിടത്തെ മറ്റു വഴിപാടുകള്‍.
തോവാളപ്പച്ചയെന്ന് പറയുന്ന രൂക്ഷ ഗന്ധമുള്ളപച്ചനിറത്തിലുള്ള, ‘കൊഴുന്നാ’ണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്ന പൂജാപുഷ്പം. പിച്ചക ഹാരവും ദേവിക്ക് ചാര്‍ത്തുന്നു. 2004 ലെ സുനാമിയില്‍ കുളച്ചല്‍ കൊട്ടില്‍പ്പാട് എന്നിവിടങ്ങളിലെ ദുരന്തം ആര്‍ക്കും മറക്കാനാവില്ല. പക്ഷെ, കടല്‍ക്കരയില്‍ നിന്ന് ഏറെ അകലെയല്ലാത്ത മണ്ടക്കാട് ക്ഷേത്രം സുനാമിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അമ്മയുടെ അനുഗ്രഹത്താലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: