കുളത്തൂപ്പുഴ: കേരള സര്‍ക്കാര്‍ ഭൂരഹിതരെ അവഗണിക്കുകയാണെന്ന് വനവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍. കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതര്‍ കയറി കിടക്കാന്‍ ഇടമില്ലാതെ വിഷമിക്കുകയാണ്.
മരിച്ചു കഴിഞ്ഞാല്‍ ശവം മറവു ചെയ്യാന്‍ വീടിന്റെ തിണ്ണയും, അടുക്കളയും പൊളിക്കേണ്ടുന്ന സാഹചര്യം നിലനിക്കുമ്പോള്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള വിദേശ- സ്വദേശ കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുന്നു. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി കൈവശം വെക്കാന്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വനവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂ അവകാശ വനാവകാശ മാനിഫെസ്റ്റോ ക്യാമ്പയിന്റെ ഭാഗമായി തെന്മല, റിയ, ആര്യങ്കാവ് പ്രിയ, അമ്പനാട് എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടന്ന മാനിഫെസ്റ്റോ ക്യാമ്പയിന്റെ സമാപനം കഴുതുരുട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ല പ്രസിഡന്റ് മണി.പി. അലയമണ്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാക്കളായ വി. രമേശന്, മനോഹരന്, അച്ചന്‍കോവില്‍, സുലേഖ ബീവി, ഗംഗാധരന് കല്ലറ, ബേബി പുനലൂര്‍, ജോഷ്വ, അശോകന്. ബി തുടങ്ങിയവര്‍ സംസാരിച്ചു. വലിയ കണ്ണറ പാലത്തിനു സമീപത്തുനിന്ന് ഭൂ അവകാശ റാലി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: