ജില്ലകളുടെ ഉള്ളറിയാന്‍- തൃശൂര്‍ ജില്ല
തൃശൂര്‍ ജില്ല ഒരു കാലത്ത് യുഡിഎഫ് മണ്ഡലമായിരുന്നു. കെ. കരുണാകരനാണ് തൃശൂരിനെ യുഡിഎഫിന്റെ കുത്തകയാക്കിയത്. അന്ന് ലീഡറുടെ തട്ടകം എന്നുപോലും തൃശൂര്‍ ജില്ല അറിയപ്പെടാന്‍ തുടങ്ങി. ക്രൈസ്തവരെയും മുസ്ലിങ്ങളെയും മത്സ്യത്തൊഴിലാളികളെയും സ്ത്രീകളെയും – എല്ലാ വോട്ടുബാങ്കുകളെയും തൃപ്തിപ്പെടുത്തി മുന്നേറിയതിനാലാണ് കോണ്‍ഗ്രസിന് തൃശൂര്‍ കോട്ടയായി മാറിയത്. എന്നാല്‍ ക്രമേണ എല്‍ഡിഎഫ് അവരുടെ സ്വാധീനം ഉറപ്പിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫാണ് തൃശൂരില്‍ ഭൂരിപക്ഷം നേടുന്നത്. സിപിഎമ്മിന് പുറമെ, സിപിഐയ്ക്കും നല്ല സ്വാധീനമുള്ള മണ്ണാണ് തൃശൂര്‍. എന്തായാലും ഇക്കുറി പൂരത്തിനായി കാത്തിരിക്കുന്ന അതേ ആവേശത്തോടെയാണ് തൃശൂര്കാര് ഇത്തവണ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നത്.
2016ല്‍ ഇടതുപക്ഷം ചുവപ്പണിയിച്ച ജില്ലയാണ് തൃശൂര്‍. ആകെയുള്ള 13 മണ്ഡലങ്ങളില്‍ 12ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം മാത്രമാണ് യുഡിഎഫ് നേടിയത്. വടക്കാഞ്ചേരിയില്‍ അനില്‍ അക്കര മാത്രമാണ് യുഡിഎഫ് ടിക്കറ്റില്‍ വിജയിച്ചത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നിന്ന ജില്ലയാണ് തൃശൂര്‍. തൃശൂര്‍ നഗരസഭയില്‍ ഇരുകൂട്ടരും ഒപ്പം സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് വിമതനെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് ഇവിടെ അധികാരം പിടിച്ചെടുത്തത്.
തൃശൂര്‍
തൃശൂര്‍ നഗരത്തിന്റെ ഹൃദയമിടിപ്പായ തൃശൂര്‍ മണ്ഡലം തന്നെയാണ് ഇവിടെ പ്രധാനം. ഇക്കുറി മന്ത്രി സുനില്‍കുമാര്‍ ഉണ്ടാകില്ല. പകരം സിപി ഐ ജില്ലാ സെക്രട്ടറി കെ. വത്സരാജ്, സംസ്ഥാനകൗണ്‍സില്‍ അംഗം പി. ബാലചന്ദ്രന് എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിലുള്ളത്. 6,987 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് സുനില്‍കുമാര്‍ 2016ല്‍ ഇവിടെ ജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ ബിജെപിയ്ക്ക് വേണ്ടി ബി. ഗോപാലകൃഷ്ണന് പിടിച്ചത് 24,748 വോട്ടുകളാണ്.
കോണ്‍ഗ്രസിനായി മിക്കവാറും പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്. കഴി്ഞ്ഞ അഞ്ച് വര്‍ഷമായി തൃശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് പത്മജ.
. കാരണം തൃശൂര്‍ ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ നല്കുന്ന മണ്ഡലമാണ്. തൃശൂര്‍ ജില്ലയിലും ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ ബിജെപിയ്ക്കുണ്ട്. ഇവിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോളിളക്കം സൃഷ്ടിച്ച സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയായി വന്നാലും അത്ഭുതപ്പെടാനില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സുരേഷ് ഗോപി 37641 വോട്ട് നേടിയെന്ന് മാത്രമല്ല, സിപിഐയുടെ രാജാജിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
എന്‍ഡിഎ വലിയ പ്രതീക്ഷകളോടെ കാണുന്ന ജില്ലയാണ് തൃശൂര്‍.ഇവിടെ അഞ്ച് സീറ്റെങ്കിലും പിടിക്കാനാവുമെന്ന് ബിജെപി കണക്കുകൂട്ടന്നു. നാട്ടിക, മണലൂര്‍, കയ്പമംഗലം, ഇരിഞ്ഞാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 30,000ല്‍പരം വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. തൃശൂര്‍ നിയോജകമണ്ഡലം മാത്രമല്ല, തൃശൂരിലെ മിക്ക മണ്ഡലങ്ങളിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി 40,000 വോട്ടുകള്‍ നേടി. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം തൃശൂരിന് ഏറെ പ്രധാന്യമുണ്ട്. എല്‍ഡിഎഫ് വോട്ടുകളില്‍ ശക്തമായ വിള്ളലുണ്ടാക്കാന്‍ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു. ഇക്കുറി തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നതായി അറിയുന്നു. . മുന്‍ ഡിജിപി ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും പരിഗണിക്കുന്നുണ്ട്. അദ്ദേഹം അതിരൂപതാ ആസ്ഥാനത്തെത്തി പിന്തുണ തേടിയിട്ടുള്ളതായും അറിയുന്നു.
ചേലക്കര
ചേലക്കരയില്‍ യു.ആര്. പ്രദീപ് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 2016ല്‍ ജയിച്ചു. ഇവിടെ ബിജെപിയുടെ ഷാജുമോന്‍ വട്ടേക്കാടിന് 23,845 വോട്ടുകളേ പിടിക്കാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിന്റെ തുളസിടീച്ചര്‍ക്ക് പക്ഷെ ബിജെപി വോട്ടുകളുടെ ഒഴുക്ക് തടയാന്‍ കഴിഞ്ഞില്ല
വടക്കാഞ്ചേരി.
വടക്കാഞ്ചേരിയില്‍ ഇക്കുറിയും കോണ്‍ഗ്രസ് അനില്‍ അക്കരയെ പരീക്ഷിച്ചേക്കും. സ്വര്‍ണ്ണക്കടത്ത് കേസിന്റെ നാളുകളില്‍ ഏറെ ചര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ ജനകീയ നേതാവാണ് അനില്‍ അക്കര. ഏറെ തലവേദന സൃഷ്ടിച്ച അനില്‍ അക്കരയെ തോല്പിക്കുക എന്നതിനാണ് ഇടതുപക്ഷം പ്രാധാന്യം നല്‍കുന്നത് 43 വോട്ടിന് നഷ്ടമായ വടക്കാഞ്ചേരി തിരിച്ചു പിടിക്കാന്‍ യുവനേതാവ് സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ പേരിനാണ് മുന്‍തൂക്കം. ലൈഫ് മിഷന് വിവാദ പശ്ചാത്തലത്തില്‍ വടക്കാഞ്ചേരിയില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്
കുന്നംകുളം
കുന്നംകുളത്ത് ശക്തനായ സിഎംപിയുടെ സിപി ജോണിനെ തോല്പിച്ച് തിളക്കമാര്‍ന്ന വിജയം നേടിയ മന്ത്രി മൊയ്തീനെതന്നെ ഇക്കുറിയും സിപിഎം കളത്തിലിറക്കും. സി.പി. ജോണിനെ ഇക്കുറി എംഎല്‍എ ആക്കിയേ തീരു എന്ന വാശിയിലാണ് യുഡിഎഫും മുസ്ലിംലീഗും എന്നറിയുന്നു.. അങ്ങിനെയെങ്കില്‍ ജോണ്‍ കുന്നംകുളത്ത് മത്സരിക്കാന്‍ സാധ്യത കുറവാണ്.
ഗുരുവായൂര്‍
ഗുരുവായൂരില്‍ ഇക്കുറി മുസ്ലിം ലീഗിന് നല്‍കേണ്ട എന്ന ഒരഭിപ്രായം കോണ്‍ഗ്രസിലുണ്ട്. കഴിഞ്ഞ മൂന്ന് തവണയും ലീഗ് തോറ്റ മണ്ഡലമാണ്. ജനസമ്മതനായ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. 15,098 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കെ.വി. അബ്ദുള്‍ ഖാദര്‍ ജയിച്ച മണ്ഡലമാണ്.
ഒല്ലൂര്‍
ഒല്ലൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ സിപി ഐയ്ക്ക് വേണ്ടി ഇപ്പോഴത്തെ ചീഫ് വിപ്പായ കെ. രാജനാണ് ജയിച്ച ത്. ഭൂരിപക്ഷം 13,248. ഇവിടെ കോണ്‍ഗ്രസിന്റെ എം.പി. വിന്‍സെന്റാണ് തറപറ്റിയത്. ഇവിടെ കെ.രാജന് തുടര്‍ന്നേക്കും.
ഇരിങ്ങാലക്കുട.
ബിജെപി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. കഴിഞ്ഞ തവണ സിപിഎമ്മിന്റെ പ്രൊഫ. കെ.യു. അരുണന് 2,711 വോട്ടുകള്‍ക്കാണ് കയറിക്കൂടിയത്.ബിജെപിയുടെ ഡി.സി. സന്തോഷ് 30,420 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ബിജെപി ജേക്കബ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ക്രിസ്ത്യന്‍ വോട്ടുര്‍മാര്‍ ശക്തിസ്രോതസ്സായ മണ്ഡലത്തില്‍ ഇത് ബിജെപിയ്ക്ക് ഗുണം ചെയ്തേക്കും. ഇരിങ്ങാലക്കുടയില്‍ കെ.യു. അരുണന് പകരമായി സിഎംപി വിട്ട് സിപിഎമ്മിലേക്ക് വന്ന പിണറായിയുടെ വിശ്വസ്തന് എം.കെ.കണ്ണനെ പരിഗണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ തോമസ് ഉണ്ണിയാടന് തന്നെയായിരിക്കും ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി.
മണലൂര്‍
കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് മണലൂര്‍. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടയായ മണലൂരില്‍ ബിജെപിയ്ക്ക് മത്സരിച്ച എ.എന്‍. രാധാകൃഷ്ണന് പെട്ടിയിലാക്കിയത് 37,680 വോട്ടുകളാണ്. യുഡിഎഫിന്റേത് താരതമ്യേന ശക്തികുറഞ്ഞ ലീഗ് സ്ഥാനാര്‍ത്ഥിയായതിനാല്‍ സിപിഎമ്മിന്റെ മുരളി പെരുനെല്ലി 19,325 വോട്ടുകള്‍ക്ക് ജയിച്ചു. ഇവിടെ പെരുനെല്ലി ഇക്കുറിയും തുടര്‍ന്നേക്കും.
നാട്ടിക
നാട്ടികയിലും ഇതുതന്നെയായിരുന്നു സ്ഥിതി. എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസിന്റെ ടി.വി. ബാബു 33,650 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് തീരെ ദുര്‍ബലനായ കോണ്‍ഗ്രസിന്റെ കെ.വി.ദാസനായതിനാല്‍ സിപി ഐയുടെ ഗീതാ ഗോപി 26,777 വോട്ടുകള്‍ക്ക് ജയിച്ചു.
പുതുക്കാട്
പുതുക്കാട് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 38,478 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കിലും ബിജെപിയുടെ എ. നാഗേഷ് ശക്തമായ ത്രികോണമത്സരത്തിന് ഇവിടെ കളമൊരുക്കിയിരുന്നു. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിന്റെ സുന്ദരന്‍ കുന്നത്തുള്ളിയ്ക്ക് നാഗേഷിനേക്കാള്‍ വെറും 5,135 വോട്ടുകളുടെ വ്യത്യാസമേയുള്ളൂ.
ചാലക്കുടി
സിപിഎമ്മിന്റെ ബി.ഡി ദേവസ്സി 26,648 വോട്ടുകള്‍ക്കാണ് ചാലക്കുടിയില്‍ കഴിഞ്ഞ തവണ ജയിച്ചത്. ചാലക്കുടിയില്‍ ബി.ഡി. ദേവസ്യയെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സാധ്യത. ബിഡിജെഎസിന്റെ ഉണ്ണി പൊരുതിയെങ്കിലും ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് കരുത്തുള്ള മണ്ഡലത്തില്‍ വെറും 26,229 വോട്ടുകളേ പിടിക്കാനായുള്ളൂ. എന്‍ഡിഎ പിടിച്ച ഹിന്ദുവോട്ടുകളുടെ നഷ്ടത്തില്‍ കോണ്‍ഗ്രസിന്റെ ടി.യു. രാധാകൃഷ്ണന് അടിതെറ്റി എന്നേ പറയാനാവൂ.
കയ്പമംഗലം
കയ്പമംഗലത്ത് കഴിഞ്ഞ തവണ സിപിഐയുടെ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ 33,440 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ചത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മണ്ഡലത്തില്‍ ആഴത്തില്‍ വേരുകളില്ലാത്ത ആര്‍എസ്പിയുടേതാണ് ഈ സീറ്റ്. കഴിഞ്ഞ തവണ ആര്‍എസ്പിയുടെ മുഹമ്മദ് നഹാസിന് ലഭിച്ചത് വെറും 33384 വോട്ടുകളാണ്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച ഉണ്ണികൃഷ്ണന് തഷ്ണാത്ത് 30041 വോട്ടുകള്‍ നേടിയ മണ്ഡലമാണ്..
കൊടുങ്ങല്ലൂര്‍
വിആര്‍ സുനില്‍കുമാര്‍ 22,791 വോട്ടുകള്‍ക്ക് ജയിച്ചെങ്കിലും ബിജെപിയുടെ ശക്തമായ മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. ഇവിടെ കോണ്‍ഗ്രസിന്റെ കെ.പി. ധനപാലന് തകര്‍ന്നടിഞ്ഞത് എന്‍ഡിഎ പിടിച്ച വോട്ടുകള്‍ മൂലമാണ്. ബിഡിജെഎസിന്റെ സംഗീത വിശ്വനാഥന് പിടിച്ചത് 32,793 വോട്ടുകളാണ്. ഇക്കുറിയും എന്‍ഡിഎ കൊടുങ്ങല്ലൂരില്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. ഭരണ വിരുദ്ധവികാരം കൂടി ആളിക്കത്തിയാല്‍ ബിജെപിയ്ക്ക് ഇവിടെ ജയിച്ചുകയറാം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തു തെളിയിച്ച മേഖലയാണ് കൊടുങ്ങല്ലൂര്‍. നഗരസഭയില്‍ വെറും ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എന്‍ഡിഎയ്ക്ക് ഭരണം കൈവിട്ടുപോയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: