തിരുവനന്തപുരം: സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി മിക്ക ജില്ലകളിലും നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍. പിണറായിയുടെ തുടര്‍ഭരണസ്വപ്നം അധികാരക്കൊതിയുടെ കടിപിടിയില്‍ പല കഷണങ്ങളായി ഇപ്പോഴേ ചിതറിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ രണ്ടുതവണ ജയിച്ചവര്‍ ഇനി വേണ്ടെന്ന വ്യവസ്ഥ മുന്നില്‍വെച്ചതോടെ 22 പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവായത്. ഇതില്‍ തോമസ് ഐസക്, ജി. സുധാകരന്‍ എന്നീ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ ഇവരെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറി. പലയിടത്തും സിപിഎം സംസ്ഥാനസമിതിയുടെ തീരുമാനത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇതുപോലെ ഒഴിവാക്കപ്പെട്ട സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മണ്ഡലത്തിലും അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റുകള്‍ ഉയര്‍ന്നുവന്നു. ജി. സുധാകരന്റെ അമ്പലപ്പുഴയില്‍ പകരം സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ട എച്ച്. സലാമിനെതിരെ എസ്ഡിപിഐക്കാരനാണെന്ന കുറ്റവും സഖാക്കള്‍ ആരോപിക്കുന്നു. ഇതോടെ സിപിഎം-എസ്ഡിപി ഐ രഹസ്യബന്ധവമുണ്ടെന്ന സത്യം സഖാക്കളിലൂടെ തന്നെ പുറത്തുവന്നിരിക്കുകയാണ്.
മറ്റൊരു വലിയ പ്രതിഷേധം ഇരമ്പുന്നത് കണ്ണൂരില്‍ പി. ജയരാജന്റെ സ്ഥാനാര്‍്ഥിത്വത്തിന് വേണ്ടിയാണ്. പി.ജയരാജന് സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹി ധീരജ് കുമാര്‍ രാജിവെച്ചെന്ന് മാത്രമല്ല, ഇതേക്കുറിച്ച് പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. നാണക്കേട് ഒഴിവാക്കാന്‍ സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവന്‍ തന്നെ ഉടനെ ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും അച്ചടക്കലംഘനത്തിന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിനെതിരെ പാര്‍ട്ടിക്കും പിണറായിക്കും എതിരെ സഖാക്കള്‍ തന്നെ ആഞഞടിക്കുകയാണ്. ലോക്‌സഭയിലേക്ക് മത്സരിച്ച പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ് എന്നിവര്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി എത്രയോ ത്യാഗങ്ങള്‍ സഹിച്ച പി. ജയരാജനെ മാത്രം ഒഴിവാക്കിയതിന് പിന്നില്‍ പിണറായി വിജയനാണെന്ന ആരോപണം ശകതമാണ്. ഇത് പരസ്യമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളായി പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന പാര്‍ട്ടി വിരുദ്ധ പ്രചാരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് തോമസ് ഐസക്കും, സുധാകരനും, പി. ജയരാജനും പരസ്യമായി പറഞ്ഞുകഴിഞ്ഞെങ്കിലും ഇവരുമായി ബന്ധമുള്ള ലോബികള്‍ തന്നെയാണ് ഈ പാര്‍ട്ടി വിരുദ്ധ കാമ്പയിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. എന്തായാലും മന്ത്രിമാരായ തോമസ് ഐസക്കിനെയും സുധാകരനെയും ഒഴിവാക്കിയ തീരുമാനം അന്തിമമാണെന്ന് ഒടുവില്‍ സംശയത്തിനിടയില്ലാത്തവിധം സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതിന് പുറമെയാണ് പിണറായിയുടെ വിശ്വസ്തന്മാരുടെ ഭാര്യമാര്‍ക്ക് അനായാസും സീറ്റ് വച്ചുനീട്ടിയതിനെ ഉയരുന്ന പ്രതിഷേധം. മന്ത്രി എ.കെ. ബാലന്റെ ഭാര്യ ജമീലയ്‌ക്ക് തരൂരിലും വിജയരാഘവന്റെ ഭാര്യ ബിന്ദുവിനും സീറ്റുനല്‍കിയതിനെതിരെ സമൂഹമാധ്യമങ്ങളിലാണ് സഖാക്കള്‍ തന്നെ പ്രതികരിക്കുന്നത്. എം.എം. മണിയെപ്പോലെ കഴിവുകെട്ട മന്ത്രിക്ക് വീണ്ടും സീറ്റ് നല്‍കിയതിലും അമര്‍ഷം പുകയുന്നുണ്ട്. ഇദ്ദേഹത്തിന്റെ ക്വാളിഫിക്കേഷന്‍ പിണറായിയുടെ ഒക്കച്ചങ്ങാതി എന്നത് മാത്രം. കടന്നപ്പള്ളിയ്‌ക്കും കൊടുത്തിട്ടുണ്ട് സീറ്റ്. പിണറായിയുടെ വിശ്വസ്തനായ ശശീന്ദ്രന് സീറ്റ് നല്‍കണമെന്ന പിടിവാശിയില്‍ ചിലപ്പോള്‍ എന്‍സിപി തന്നെ യുഡിഎഫിലേക്ക് പോയേക്കുമെന്ന സ്ഥിതിയുണ്ട്.
അതുപോലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ മന്ത്രി ഇ.പി. ജയരാജനും ശക്തമായ അമര്‍ഷമുണ്ട്. പാര്‍ട്ടിയുടെ ചുമതലയിലേക്ക് മാറ്റാനാണ് ഇതെന്ന് പറയുന്നുണ്ടെങ്കിലും ജയരാജന് അത് ദഹിച്ചിട്ടില്ല. തന്റെ മട്ടന്നൂര്‍ സീറ്റ് കെ.കെ. ശൈലജയ്‌ക്ക് കൊടുത്തതിനെതിരെ ജയരാജന്‍ പ്രിയപ്പെട്ടവര്‍ക്കിടയില്‍ പ്രതികരിച്ചുകഴിഞ്ഞുവെന്നാണ് പാര്‍ട്ടിവൃത്തങ്ങളിലെ അടക്കം പറച്ചില്‍.
ജോസ് കെ മാണിയ്‌ക്ക് വേണ്ടി അര്‍ഹിക്കുന്നതിലപ്പുറം വിട്ടുവീഴ്ച ചെയ്യുന്നതിലും പിണറായിക്കെതിരെ വിമര്‍ശനമുണ്ട്. പ്രത്യേകിച്ചും എറണാകുളം ജില്ലയില്‍ നിന്നാണ് ഈ എതിര്‍പ്പ്. പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങള്‍ ജോസ് കെ മാണിക്ക് നല്‍കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
തൃശൂരില്‍ ഗുരുവായൂര്‍ സീറ്റില്‍ അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ ഒഴിവാക്കി പകരം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയും തര്‍ക്കമുണ്ട്. ഗുരുവായൂരില്‍ ബേബി ജോണ്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നതെങ്കില്‍ ചാവക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. അക്ബര്‍ മത്സരിക്കണമെന്നും ശക്തമായ നിര്‍ദേശമുണ്ട്. ഇതിലും തീരുമാനമായിട്ടില്ല.
എന്തായാലും ഇത്രയും വ്യാപകമായി പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന അവസരം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ ഗ്രൂപ്പിനെ വെട്ടിനിരത്തിയ ശേഷം തിരുവായ്‌ക്ക് എതിര്‍വായില്ലെന്ന സ്ഥിതിവിശേഷമായിരുന്നു പാര്‍ട്ടിക്കുള്ളില്‍. സ്വര്‍ണ്ണക്കള്ളക്കടത്തും ഡോളര്‍ക്കടത്തും സ്വജനപക്ഷപാതവും എല്ലാം കൂടി സഖാക്കള്‍ക്കിടയില്‍ അധികാരം മാത്രമാണ് രക്ഷാകവചം എന്ന ധാരണ പരക്കെ പരന്നിട്ടുണ്ട്. അധികാരക്കൊതി പാര്‍ട്ടിയില്‍ എല്ലാ തട്ടിലും പിടിമുറുക്കിയ സാഹചര്യത്തില്‍ പിണരായിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്ത സ്ഥിതി വന്നു. ‘എനിക്കും കിട്ടണം പണം’ എന്ന മനോഭാവം സഖാക്കളില്‍ അടിമുടി പിടിമുറുക്കിയിരിക്കുകയാണ്. എല്ലാവരും സ്വന്തം കാര്യങ്ങള്‍ സുരക്ഷിതമാക്കുമ്പോള്‍ തങ്ങളും ചോദിച്ചാലേ വേണ്ടത് കിട്ടൂ എന്ന മുതലാളിത്ത വിഭ്രാന്തിയിലാണ് എല്ലാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: