ബാസല്‍: ഇന്ത്യയുടെ മുന്‍നിര താരം പി.വി. സിന്ധു സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. അതേസമയം കിഡംബി ശ്രീകാന്ത് സെമിയില്‍ തോറ്റു പുറത്തായി.
സിന്ധു സെമിയില്‍ ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ട്ടിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 22-20, 21-10. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. പുരുഷന്മാരുടെ സെമിയില്‍ കിഡംബി ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ്പ് സീഡായ വിക്ടര്‍ അക്സല്‍സനോട് തോറ്റു. സ്കോര്‍: 13-21, 19-21. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ശ്രീകാന്ത് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും അവസാന നിമിഷം കാലിടറി.
അതേസമയം, സിന്ധുവിന് ആദ്യ ഗെയിമില്‍ മിയയില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. പക്ഷെ അവസാന നിമിഷങ്ങളില്‍ ശക്തമായി പൊരുതി വിജയം പിടിച്ചു. രണ്ടാം ഗെയിമില്‍ അനായാസം ജയിച്ചുകയറി. നാല്‍പ്പത്തിമൂന്ന് മിനിറ്റില്‍ മത്സരം അവസാനിച്ചു. സ്പെയിനിന്റെ കരോളിന മാരിനും തായ്ലന്‍ഡിന്റെ പോണ്പാവിയും തമ്മിലുള്ള സെമിഫൈനലിലെ വിജയിയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: