‘ഇതില്‍ ഞാനങ്ങുമിങ്ങും അഴിയാക്കുരുക്കുകള്‍ ഒരുക്കിയിട്ടുണ്ട്. എളുപ്പത്തിലിത് വായിച്ചു കളയാമെന്ന് ആരും ഗ്രഹിക്കരുത്. ഗുരുവിന്റെ കാല്ക്കല് ശ്രദ്ധയോടെയിരുന്ന് പഠിച്ച് വ്യുല്പത്തി നേടിയ സമര്‍ഥനായ സഹൃദയന് ഈ കാവ്യത്തില്‍ മുങ്ങിക്കുളിച്ച് രസിക്കട്ടെ.’ സ്വകാവ്യമായ ‘നൈഷധീയ ചരിത’ത്തെ ഗ്രസിച്ചിരിക്കുന്ന ദുര്‍ഗ്രഹതയെപ്പറ്റി കവി ശ്രീഹര്ഷന് കാവ്യാന്ത്യത്തില്‍ ഇങ്ങനെ മനസ്സ് തുറക്കുന്നു.
അറിവനുഭൂതിയുടെ നിറവിലും ശാസ്ത്ര നിര്‍ദ്ധാരണ നിറത്തിലും തേജോമയമാകുന്ന നൈഷധമഹാകാവ്യം രചിച്ച ശ്രീഹര്ഷന് ഹീരന്റെയും മാമല്ലദേവിയുടെയും പുത്രനായി പിറന്ന കന്യാകുബ്ജത്തിലെ രാജാവായ വിജയചന്ദ്രന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു പിതാവ്. പൈതൃകസാഹിത്യവും ശാസ്ത്രജ്ഞാന മേഖലകളും തുറന്നു വെച്ച ദീ
പ്തമായ വഴികളില്‍ ശ്രീഹര്ഷന് സഹര്‍ഷം സഞ്ചരിക്കാന്‍ തുടങ്ങി. ഒടുങ്ങാത്ത ജിജ്ഞാസയും പഠനമനനവുമായി ആ കവിത്വസിദ്ധിയും ദര്‍ശന സാധനയും മഹിത വിദ്യയായി രൂപപ്പെട്ടു. അച്ഛന്റെ കാവ്യമാര്‍ഗത്തില്‍ ചരിച്ച മകന് ആത്മപ്രതിഭയും ജ്ഞാനസംസ്കൃതിയുമായി ആ കൊട്ടാരത്തിലെത്തി. രാജാവിന്റെ ഇംഗിതമനുസരിച്ച് ‘നൈഷധീയ ചരിത’മെന്ന മഹാകാവ്യം രചിക്കുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ സര്‍ഗസ്പന്ദനമാണീ അക്ഷരസാക്ഷ്യം.
മഹാഭാരതത്തിലെ നളദമയന്തി കഥയാണ് കൃതിയുടെ ഇതിവൃത്തം.’നൈഷധം’ എന്ന ചുരുക്കപ്പേരിലാണ് മഹാകാവ്യം പ്രശസ്തമായത്. വീണ്ടെടുത്ത 22 സര്‍ഗങ്ങളില്‍ നളദമയന്തീ സ്വയംവരം വരെയുള്ള കഥാഭാഗം മാത്രമാണുള്ളത്. കഥാഗതിയിലും സാക്ഷാത്ക്കാരത്തിലും കവിയുടെ മൗലികമായ രൂപശില്‍പ്പവിധാനവും കാവ്യ സങ്കല്‍പ്പന വൈചിത്ര്യവും ദര്‍ശിക്കാനാവും. ഭാഷാ സംസ്കൃതിയുടെയും ശാസ്ത്രനിര്‍ധാരണത്തിന്റെയും ഉയര്‍ന്ന മാനങ്ങളില്‍ രചന സാധിച്ച മാഘം പണ്ഡിതന്മാരായ സഹൃദയര്‍ക്ക് മാത്രമേ സംവേദ്യമാകൂ. നൈഷധകാവ്യം വിദ്വാന്മാര്ക്കുള്ള മരുന്നാണെന്ന അര്‍ഥത്തില്‍ ‘നൈഷധം വിദ്വദൗഷധം’ എന്ന പെരുമ നേടിയിട്ടുണ്ട്. നൈഷധം വ്യാഖ്യാനിക്കലായിരുന്നു ഒരു കാലം പാണ്ഡിത്യ ലക്ഷണമായി കരുതിയത്. മല്ലീനാഥന്റെയും നാരായണന്റെയും വ്യാഖ്യാനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.
മാഘന്റെ പ്രസിദ്ധമായ മറ്റൊരു രചന ‘ഖണ്ഡന ഖണ്ഡഖാദ്യം’ എന്ന ശാസ്ത്ര ഗ്രന്ഥമാണ്. മറുവാദം കൊണ്ടുള്ള ഒരുതരം നിരസനമാണ് കൃതിയുടെ രീതിശാസ്ത്രം. വെറും വിതണ്ഡവാദമാണ് യുക്തിയുടെ പേരില്‍ കൃതി ചര്‍ച്ച ചെയ്യുന്നതെന്ന് പണ്ഡിതന്മാര് ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ എല്ലാ അറിവുകളെയും പ്രമാണങ്ങളെയും കല്പ്പനകളെയും അസ്ഥിരമെന്നും മായികമെന്നും സമര്‍ഥിക്കാനാണ് ശ്രീഹര്‍ഷന്റെ ശ്രമം. ഈ ദര്‍ശന ചിന്തയുടെ അകക്കാമ്പില്‍ അദൈ്വത വേദാന്ത രംഗത്ത് ഈ ഗ്രന്ഥം സ്ഥാനം നേടുകയായിരുന്നു.
ശ്രീരാമോദന്തത്തില്‍ തുടങ്ങി ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതത്തിലാണ് സാമ്പ്രദായിക രീതിയിലുള്ള നമ്മുടെ സംസ്കൃത കാവ്യപഠനം പൂര്‍ണമാകുന്നത്. പൈതൃക കാവ്യ ചരിത്രത്തിന്റെ ഹൈമവത ഭൂവില്‍ പഞ്ചമഹാകാവ്യത്തിലൊന്നായി നൈഷധം വിളികൊള്ളുന്നു. സ്വര്‍ണത്തിന് സുഗന്ധമെന്ന പോലെ മഹാകവിയുടെ അപൂര്‍വമായ കവനപ്രതിഭയില്‍ ജ്ഞാനപ്രകാശം കൂടി സൂര്യ ശോഭയണിയിക്കുന്നു. പൂര്‍വസൂരികളുടെ ജ്ഞാനവിജ്ഞാന മാര്‍ഗത്തെ വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ശ്രീഹര്ഷന് ശാസ്ത്രവീഥിക്കും അദൈ്വതസരണിക്കും നല്കിയ അറിവനുഭൂതികള്‍ എന്നും ഭാരതീയ പ്രജ്ഞയുടെ നിഴലറ്റ വെളിച്ചമാണ്. ‘നരഭാരതി’യെന്ന ബിരുദ നാമം നേടി ശ്രീഹര്ഷന് പ്രശസ്തിയില്‍ ചരിച്ചു. കൊട്ടാരം വിട്ട് ഗംഗാ നദിക്കരയില്‍ തപസ്സിരുന്ന ശ്രീഹര്‍ഷന്റെ ചിത്രം കവിയുടെ മുനി സങ്കല്‍പ്പത്തില്‍ രചിക്കുന്നു. ഹര്‍ഷ പുളകിതമായ സംസ്കാര ഭാരതിയുടെ സങ്കീര്‍ത്തനമാണ് ശ്രീഹര്ഷന് മുഴക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: