ദക്ഷപ്രജാപതിയുടെ 27 പെണ്‍ മക്കളാണ് വൈദിക ജ്യേതിഷം ചൂണ്ടിക്കാട്ടുന്ന 27 നക്ഷത്രങ്ങള്‍. ഈ നക്ഷത്രകന്യകമാരില്‍ മൂത്തവള്‍ ‘ജ്യേഷ്ഠ’ എന്നു വിളിക്കപ്പെട്ടു. അതിന്റെ മലയാളമാണ് കേട്ട എന്നത്. ശ്രേഷ്ഠമായത് എന്ന അര്‍ത്ഥത്തില്‍ ‘ തൃ’ എന്ന പ്രയോഗം ചേര്‍ത്തപ്പോള്‍ കേട്ട തൃക്കേട്ടയായി. കാര്‍ത്തിക തൃക്കാര്‍ത്തിക ആയതുപോലെ.
ഇന്ദ്രനാണ് തൃക്കേട്ടയുടെ ദൈവം അഥവാ ദേവത. രക്തവും മജ്ജയും മാംസവും തീക്ഷ്ണ വികാരങ്ങളും ഉള്ള ഇന്ദ്രനെ, മനുഷ്യരെക്കണ്ടിട്ടാവും വിശ്വശില്‍പി സൃഷ്ടിച്ചത് എന്ന് ഒരു പണ്ഡിതന്‍ എഴുതിയിട്ടുണ്ട്. അതില്‍ സത്യമില്ലാതില്ല. ഇന്ദ്രന്റെ ദേവഭാവങ്ങളില്‍ അത്രമേല്‍ മനുഷ്യവികാരങ്ങള്‍ കലരുന്നുണ്ട്.
വജ്രായുധത്തിന്റെ കരുത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്തു. ഒരു ചെറുവിരല്‍ പോലും തനിക്കെതിരെ ഉയര്‍ത്താന്‍ ഇന്ദ്രന്‍ ആരെയും അനുവദിച്ചില്ല. അധികാരത്തിന്റെ ഏറ്റവും വലിയ ആള്‍ രൂപം എന്ന മട്ടിലായിരുന്നു ആ ജീവിതം. സ്വന്തം നിലപാടുകളുടെ ശരിതെറ്റുകള്‍ ഒരിക്കലും ഇന്ദ്രനില്‍ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിട്ടില്ല.
അമ്മയായ അദിതി മുലപ്പാലിനു പകരം ‘സോമം’ (ദേവന്മാരുടെ മദ്യം) നല്‍കിയാണ് ഇന്ദ്രനെ വളര്‍ത്തിയത്. ഋഗ്വേദത്തില്‍ അക്കാര്യം പറയുന്നുണ്ട്. പിന്നീടുള്ള കാലമത്രയും ഇന്ദ്രന്‍ സോമത്തിനോടുളള നിലയ്‌ക്കാത്ത ആര്‍ത്തിയുമായി നടന്നു. ‘ചൊട്ടയിലെ ശീലം ചുടല വരെ ‘ എന്നാണല്ലോ പറയുക. കുട്ടിക്കാലം മുതല്‍ ചില സ്വഭാവരീതികളും വ്യക്തിപരമായ ശീലങ്ങളും തൃക്കേട്ട നാളുകാരില്‍ വേരൂന്നുമെന്നും അതിനെ സമൂഹം എങ്ങനെ നോക്കിക്കണ്ടാലും അവര്‍ അതില്‍ നിന്നും പിന്മാറില്ലെന്നും ഇക്കഥയെ സാന്ദര്‍ഭികമായി വ്യാഖ്യാനിക്കാമെന്നു തോന്നുന്നു.
ആശ്രയം പ്രാപിക്കുന്നവര്‍ക്കും അഭയം തേടിയെത്തുന്നവര്‍ക്കും ഇന്ദ്രന്‍ ശരണാഗതി നല്‍കുന്നു. അവരെ എന്തു വിലകൊടുത്തും സംരക്ഷിക്കും. അവരുടെ വിഷമങ്ങള്‍ സ്വന്തം പ്രശ്‌നമായിത്തന്നെ കാണും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും മടിക്കില്ല. ഇതിന് ഒരു മറുവശവും ഉണ്ടാകുമല്ലോ? തന്റെ ശത്രുവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇന്ദ്രന്‍ മറ്റൊരാളായി മാറുന്നു. സകലമാന അടവുകളും ചുവടുകളും വേഗത്തില്‍ പുറത്തെടുക്കുകയായി.
സ്വന്തം എതിരാളിയോട് പരമാവധി നിര്‍ദ്ദാക്ഷിണ്യമായി തന്നെ പെരുമാറും ഇന്ദ്രന്‍. അപ്പോള്‍ കൂട്ടുകാരെന്നോ കുടുംബാംഗങ്ങളെന്നോ ഇളമുറക്കാരെന്നോ പരിഗണനയില്ല. ശത്രുവായിക്കഴിഞ്ഞാല്‍ പിന്നെ പടനീക്കവും പോര്‍വിളിയും മാത്രം. മുഖം നോക്കില്ല, മനസ്സ് കാണില്ല. സ്‌നേഹിക്കുന്നവരെ അങ്ങേയറ്റം സ്‌നേഹിക്കുക എന്നതു പോലെ തന്നെയാണ് ഈ പ്രവൃത്തിയും. അതും തൃക്കേട്ടക്കാരില്‍ കാണാനാവുന്ന വ്യക്തമായ ‘ഇന്ദ്രഭാവം’ തന്നെയാണ്.
ഇന്ദ്രന്റെ മറ്റുള്ള ചില ഗുണവശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ല. അതും തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അവരുടെ കഴിവുകള്‍ മുഴുവനായും ലോകം അറിയുന്നില്ല. നാം മനുഷ്യര്‍ അല്ലെങ്കിലും എപ്പോഴും അങ്ങനെയാണല്ലോ നമുക്ക് ആവശ്യമുള്ളതിലേക്ക് മാത്രം കണ്ണയക്കുന്നു. അവയെ മാത്രം പുകഴ്‌ത്തുന്നു. അല്ലാത്തവയെ പുറം കൈ കൊണ്ട് പിന്നിലാക്കാനും തമസ്‌ക്കരിക്കാനും നമുക്കൊരു മടിയുമില്ല. തൃക്കേട്ടക്കാരുടെ ജീവിതത്തില്‍ അങ്ങനെ ചില നിരാകരണങ്ങളും അരങ്ങേറപ്പെടാം.
എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്(98460 23343)
പ്രതികരിക്കാൻ ഇവിടെ എഴുതുക: