തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ വീണ്ടും ഇഡിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഇത് രണ്ടാം തവണയാണ് മന്ത്രി വീണ്ടും ഇഡിയെ പരസ്യമായി വെല്ലുവിളിക്കുന്നത്.
കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവരോട് മൊഴിയെടുക്കലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നത്. മാര്‍ച്ച് നാലിന് വിക്രം ജിത് സിംഗിനോടും മാര്‍ച്ച് അഞ്ചിന് കെ.എം. എബ്രഹാമിനോടും ഹാജരാകാനാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരും ഇതുവരെയും ഹാജരായിട്ടില്ല.
കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന ഇഡിയുടെ കല്‍പന അനുസരിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന് കാണട്ടെയെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിലൂടെയുള്ള ധനമന്ത്രിയുടെ വെല്ലുവിളി. ഇഡിയ്‌ക്കു മുന്നിൽ ഹാജരാകില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഇഡിയെ അറിയിച്ചിരിക്കുകയാണ്.
ഇതിനിടെ ഇഡിയ്‌ക്കെതിരെ കേസെടുക്കാനും കേരള സര്‍ക്കാര്‍ ഒരുങ്ങുകയാണ്. വാക്കാലുള്ള മൊഴി നൽകാൻ ഇന്ന് രാവിലെ പത്തു മണിയ്‌ക്ക് ഹാജരാകാനായിരുന്നു ഇഡിയുടെ സമൻസ്. ഈ ഇണ്ടാസ് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂവെന്നും തോമസ് ഐസക് പറയുന്നു.
ബിജെപിക്കാരുടെ ചരടിനൊപ്പിച്ച് തുള്ളുന്ന പാവകളാണ് ഇഡി. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും അവർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇഡിയുടെ ഉദ്യോഗസ്ഥർ. പക്ഷേ, ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലയ്‌ക്കു നിർത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ളതെന്നും അത് ഇഡി ഉദ്യോഗസ്ഥർക്കും മനസിലാകുമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ പറയുന്നു.
മൊഴിയെടുക്കാനെന്ന പേരിൽ കിഫ്ബിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥയെ നേരത്തെ ഇഡി സംഘം വിളിച്ചു വരുത്തിയെന്നും അവർ നേരിട്ട ദുരനുഭവം കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിയെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ടെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. ഇതിനെതിരേ നിയമപരമായ നടപടികൾ സർക്കാർ ആലോചിച്ചു വരികയാണെന്നും തോമസ് ഐസക് പറയുന്നു.
ചോദ്യങ്ങൾക്കൊന്നും ഒരു വ്യക്തതയുമില്ല. എന്ത് കാര്യത്തിനാണ് അന്വേഷണമെന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ സമൻസ് അയയ്‌ക്കുന്നത് എങ്ങനെ ആയിരിക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശമുണ്ട്. സുപ്രിംകോടതിയൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് കൊച്ചിയിലെ ഇഡി ഏമാന്മാരുടെ ഭാവമെന്നും തോമസ് ഐസക് ആരോപിച്ചു.
വിദേശനാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായെന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കിഫ്ബിയുടെ പാര്‍ട്ണര്‍ ബാങ്കാണ് ആക്‌സിസ് ബാങ്ക്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് ആരോപണം. ഈ സാഹചര്യത്തില് ബാങ്കിനെയും ഇഡി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: