പരപ്പ: കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ വില്ലേജില്‍പ്പെട്ട 52.5 ച.മീറ്റര്‍ ഭൂമി നിയമം ലംഘിച്ച് ഹോട്ടല്‍ നടത്തുന്നതിനായി സിപിഐ പ്രവര്‍ത്തകന് പാട്ടത്തിന് നല്‍കി. പരപ്പ പുതുക്കാട്ട് ചിറയില്‍ പി.ആര്‍. പ്രസാദിനാണ് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പാട്ടത്തിന് നല്‍കിയത്.
പ്രസാദ് നേരത്തെ ഇവിടെ സ്ഥലം കൈയേറി ഹോട്ടല്‍ നടത്തിയിരുന്നു. പ്രസ്തുത സ്ഥലം വില്ലേജ് ഓഫീസിന്റെ നിര്‍മാണത്തിനായി പിന്നീട് ഏറ്റെടുത്തു. ഇതോടെ ജീവനോപാധി നഷ്ടപ്പെട്ടെന്ന് കാട്ടി പ്രസാദ് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഭൂമി നല്‍കിയിരിക്കുന്നതെന്നാണ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്. 2009-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലുള്ള ഭൂമി ഒരു കാരണവശാലും പതിച്ച് നല്‍കാനോ പാട്ടത്തിന് നല്‍കാനോ പാടില്ല. ഇതിനുള്ള അപേക്ഷ പോലും പരിഗണിക്കേണ്ടതില്ല എന്നുമാണ് നിയമം.
വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുന്‍വശം സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ സ്ഥാപിക്കാന്‍ പതിച്ചുകൊടുത്ത റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. റവന്യൂ അധികൃതര്‍ വ്യാജ രേഖകളുണ്ടാക്കിയാണ് പ്രസാദിന് ഒന്നരസെന്റ് സ്ഥലം പതിച്ച് നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പരപ്പ ടൗണിന്റെ ഹൃദയ ഭാഗത്ത് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടക്കുന്നതിന് മുമ്പാണ് വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശന കവാടം പോലും തടയുന്ന വിധത്തില്‍ സ്ഥലം പതിച്ചു നല്‍കിയത്. പരപ്പ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ട് സിപിഐ പ്രവര്‍ത്തകന് പതിച്ചു നല്‍കിയതിനു പിന്നില്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: