അപ്രധാനമായ ഒന്നിനെക്കുറിച്ച് അനാവശ്യമായി ബഹളം വയ്ക്കുന്നതിനെ വിശേഷിപ്പിക്കാന്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാറുള്ളതാണ് ഷേക്സ്പിയറുടെ ‘മച്ച് ഡ്യു എബൗട്ട് നതിങ്’ എന്ന വാചകം. ആശയക്കുഴപ്പമുണ്ടാക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന, അസംബന്ധം തുടങ്ങിയവയെക്കുറിച്ചാണ് ഈ പേരിലുള്ള നാടകത്തില്‍ പറയുന്നത്. ഇതുതന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയാചാര്യന് ശ്രീ എം മുന്‍കയ്യെടുത്ത് ആര്‍എസ്എസ്-സിപിഎം നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ഇപ്പോള്‍ ചിലര്‍ സൃഷ്ടിച്ചിരിക്കുന്ന വിവാദം. 2019 ല്‍ ഇങ്ങനെയൊരു ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ദിനേശ് നാരായണന് എന്ന മാധ്യമപ്രവര്‍ത്തകന്റെ ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ് വലിയ വെളിപ്പെടുത്തലായി തല്‍പ്പരകക്ഷികള്‍ അവതരിപ്പിക്കുന്നത്. ഈ പുസ്തകം ഇറങ്ങിയിട്ടുതന്നെ ഒരു വര്‍ഷം കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദന് കാര്യബോധമില്ലാതെ പ്രതികരിച്ചതും, ചര്‍ച്ച നടന്നതായി പാര്‍ട്ടി നേതാവ് പി.ജയരാജന് സ്ഥിരീകരിച്ചതുമാണ്, ഇപ്പോള്‍ അരുതാത്തതെന്തോ നടന്നിരിക്കുന്നു, തങ്ങളത് കണ്ടുപിടിച്ചിരിക്കുന്നു എന്ന മട്ടില്‍ ഒരു വിവാദം കുത്തിപ്പൊക്കി തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
തിരുവനന്തപുരത്തും കണ്ണൂരിലുമായി ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടുള്ളതിന്റെ വിവരങ്ങള്‍ രണ്ടു വര്‍ഷത്തോളമായി പൊതുമണ്ഡലത്തിലുണ്ട്. ഇക്കാര്യം അന്നുതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും, ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് എസ്. സേതുമാധവനും പി. ഗോപാലന് കുട്ടി മാസ്റ്ററും എം. രാധാകൃഷ്ണനും വത്സന് തില്ലങ്കേരിയുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. സ്വാഭാവികമായും ആര്‍എസ്എസ് നേതൃത്വത്തിന്റെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു ചര്‍ച്ച. കാരണം സംഘര്‍ഷത്തിനല്ല, സമാധാനത്തിനുവേണ്ടിയാണ് ആര്‍എസ്എസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ആര്‍എസ്എസ് നേതാക്കളായ ഡി.ബി. ഠേംഗ്ഡി, പി. പരമേശ്വരന്, ആര്.ഹരി, അഡ്വ. ടി.വി. അനന്തന് തുടങ്ങിയവരും, സിപിഎം നേതാക്കളായ രാമമൂര്‍ത്തി, ടി.കെ. രാമകൃഷ്ണന്. ഇ.കെ. നായനാര്‍, എം.എം. ലോറന്‍സ് തുടങ്ങിയവരും മുന്‍കാലത്ത് ഇത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളവരാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടന്നിട്ടുണ്ട്. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തിരുന്നു. ദിനേശ് നാരായണന്റെ പുസ്തകത്തില്‍ തന്നെ പറയുന്ന ഈ പശ്ചാത്തലത്തെക്കുറിച്ച് അറിയാത്തവരാണ് ഇപ്പോള്‍ എന്തോ വെളിപാടുണ്ടായതുപോലെ 2019 ലെ ചര്‍ച്ച എന്തോ അത്യാഹിതമായി ചിത്രീകരിക്കുന്നത്!
കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനു കാരണം മറ്റ് സംഘടനകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎമ്മിന്റെ നയമാണെന്ന നിലപാടാണ് ആര്‍എസ്എസിന് എക്കാലത്തുമുള്ളത്. സിപിഎമ്മിനെപ്പോലെ പിന്നീട് മുസ്ലിം തീവ്രവാദികളും വന്നു. ഈ സ്വേച്ഛാധിപത്യത്തിനെതിരെ ജീവന്‍കൊണ്ടു പൊരുതിയാണ് 300 ലേറെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലിദാനികളായത്. അപ്പോള്‍പോലും സമാധാന ശ്രമങ്ങളെ കലവറയില്ലാതെ സ്വാഗതം ചെയ്യാന്‍ ആര്‍എസ്എസ് തയ്യാറായിട്ടുണ്ട്. തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ ശ്രീ എം ഇത്തരമൊരു ചര്‍ച്ചയ്ക്ക് ശ്രമിച്ചപ്പോള്‍ അതിനോട് സഹകരിക്കേണ്ടത് തങ്ങളുടെ കടമയായാണ് ആര്‍എസ്എസ് കണ്ടത്. ഭാരതത്തിന്റെ മഹാപാരമ്പര്യത്തില്‍ വിശ്വസിക്കുകയും, അതിനനുസരിച്ച് ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്നയാളാണ് ശ്രീ എം. മുസ്ലിമായി പിറന്ന ഒരാള്‍ ഇങ്ങനെയൊരു പാത തെരഞ്ഞെടുത്തതില്‍, ഭാരതത്തോട് വിദ്വേഷം പുലര്‍ത്തുന്ന ഇസ്ലാമിക മതമൗലികവാദികള്‍ അമര്‍ഷംകൊള്ളുന്നത് സ്വാഭാവികം. ശ്രീ എമ്മിന്റെ സമാധാന ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് ദുഷ്ടലാക്കാണുള്ളത്. മുന്നണി രാഷ്ട്രീയത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ മുതലെടുത്ത് തങ്ങളുടെ മത രാഷ്ട്രീയം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള വിധ്വംസക ശക്തികള്‍ ഓരോ തെരഞ്ഞെടുപ്പിലും അവസരവാദപരമായി അതിനുള്ള വഴികള്‍ തേടുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ മതപരമായ ധ്രുവീകരണമുണ്ടാക്കി തങ്ങളുടെ ചേരിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന ഈ മതഭ്രാന്തന്മാരുടെ മുഖംമൂടി വലിച്ചുകീറുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: