ജമ്മു: കശ്മീരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വിമത നേതാക്കള്‍ യോഗം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ പൊട്ടിത്തെറി.
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചു. മറ്റൊരു വിഭാഗമാകട്ടെ, ഗുലാം നബി ആസാദിന് പിന്തുണപ്രഖ്യാപിച്ച് പ്രകടനം നടത്തി. ഇതോടെ ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിന്റെ സൂചനകള്‍ പുറത്തുവരികയാണ്. കോണ്‍ഗ്രസിന്റെ ജമ്മുകശ്മീര്‍ ഘടകത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ വികസന കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് ഷാനവാസ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനമായി എത്തി ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചത്.
എന്നാല്‍ ചൗധരിയ്ക്കെതിരെ ജെഎംഎസി കൗണ്‍സിലര്‍ ഗൗരവ് ചോപ്രയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രകടനം നടത്തി.
അതേ സമയം ഇത്രയും ആത്മാര്‍ത്ഥതയുള്ള നേതാവ് ഗുലാം നബി ആസാദിനെപ്പോലെ ഒരു നേതാവിനെ കോണ്‍ഗ്രസ് വേട്ടയാടുന്നതില്‍ ഖേദമുണ്ടെന്ന് ബിജെപി പ്രസ്താവിച്ചു. ഗാന്ധി കുടുംബത്തിന്റെ ചില അമിതമോഹങ്ങളുടെ പേരില്‍ അതിനെതിരെ സംസാരിക്കുന്ന ഗുലാം നബി ആസാദിനെപ്പോലുള്ള നേതാക്കളെ വേട്ടയാടുകയാണെന്ന് ബിജെപി വക്താവ് സംബിത് പാത്ര കുറ്റപ്പെടുത്തി.
നേരത്തെ ബംഗാളില്‍ ഇതേ പ്രശ്നത്തില്‍ വിമത സീനിയര്‍ നേതാവ് ആനന്ദ് ശര്‍മ്മയും ബംഗാള്‍ കോണ്‍ഗ്രസ് ഘടകം അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു. ബംഗാളില്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാം തീവ്രവാദ സംഘടനയായ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ ആനന്ദ് ശര്‍മ്മ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മോദിയെ പുകഴ്ത്തുന്ന ആനന്ദ് ശര്‍മ്മയ്ക്ക് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ അര്ഹതിയില്ലെന്നായിരുന്നു ആദിര്‍ രഞ്ജന്‍ ചൗധരിയുടെ മറുപടി. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു പിളര്‍പ്പിനുള്ള സാധ്യത പുറത്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: