ന്യൂദല്‍ഹി: അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) എന്ന മുസ്ലിം തീവ്രവാദി സംഘടനയുമായി ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിമതനേതാവ് ആനന്ദ് ശര്‍മ്മ.
ഇത്തരം തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകളുമായി കൂട്ടുചേരുന്നത് കോണ്‍ഗ്രസിന്റെ മുഖ്യതത്വമായ ഗാന്ധിയുടെയും നെഹ്രുവിന്റെയും മതേതരത്വ ത്തിന് എതിരാണെന്നായിരുന്നു ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ കേന്ദ്ര പ്രവര്‍ത്തക സമിതിയുമായി കൂടിയാലോചിച്ച ശേഷമേ ഇത്തരം തീരുമാനമെടുക്കാവൂ എന്നും ആനന്ദ് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു.
എന്നാല്‍ കൊല്‍ക്കത്തയില്‍ ഐഎസ്എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന റാലിയില്‍ ആദിര്‍ രഞ്ജന്‍ ചൗധരി പങ്കെടുത്തതിനെയും ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു. ഇത് നാണക്കേടും വേദനാജനകവും ആണെന്നായിരുന്നു ആനന്ദ് ശര്‍മ്മയുടെ ആരോപണം.
എന്നാല്‍ ബിജെപിയെ തോല്പിക്കാന് നിശ്ചയദാര്‍ഡ്യത്തോടെ നീങ്ങുന്ന കോണ്‍ഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമായി കൂട്ടുചേര്ന്നിരിക്കുകയാണെന്നും ഐഎസ്എഫിന് സീറ്റ് കൊടുത്തിരിക്കുന്നത് സിപിഎമ്മാണെന്നുമായിരുന്നു ഇതിന് ആദിര്‍രഞ്ജന്‍ നല്കിയ മറുപടി.
ഇസ്ലാം തീവ്രവാദ ആശയങ്ങളുള്ള അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ ശക്തമായാണ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ കോണ്‍ഗ്രസ് വിമതനേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ആശിര്‍വാദത്തോടെയാണ് ബംഗാളിലെ കോണ്‍ഗ്രസ് ഈ സഖ്യത്തിന് പച്ചക്കൊടി വീശിയത്. വരും നാളുകളില്‍ കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ തന്നെ ഒരു പിളര്പ്പുണ്ടായേക്കാമെന്ന സൂചനയാണ് പുറത്ത് വരുന്നത്. രാജ്യസഭാ കാലാവധി തീര്‍ന്ന ഗുലാം നബി ആസാദിന് പകരം സീറ്റ് നല്‍കാത്തതും ഈയിടെ കശ്മീരില്‍ ജി-23 എന്ന് വിളിക്കപ്പെടുന്ന വിമതനേതാക്കള്‍ യോഗം ചേര്‍ന്ന് മോദിയുടെ സത്യസന്ധതയെ പുകഴ്ത്തിയതും അവര്‍ ബംഗാളില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി കൂട്ടുചേരാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ എതിര്‍ത്തതും മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. ഇതോടെ കോണ്‍ഗ്രസും കോണ്‍ഗ്രസിലെ സീനയറായ വിമതനേതാക്കളും പരസ്യഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: