കൊല്ലം: കൊല്ലം ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി പാര്‍ക്കിലെ കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പ്രദേശം കാടുകയറാനും തുടങ്ങി.
കൊല്ലം ബീച്ചില്‍ സായാഹ്നങ്ങളില്‍ സകുടുംബം എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പാര്‍ക്കില്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്ന പതിനഞ്ചോളം ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്. കുരുന്നുകള്‍ക്ക് ബോട്ടിംഗിനായി കൃത്രിമതടാകവും നിരവധി വിനോദോപാധികളും സജ്ജമാക്കിയിരുന്നു. തീംപാര്ക്കിനോട് കിടപിടിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഭക്ഷണശാലകളും ഐസ്ക്രീം പാര്‍ലറുകളും ബോധവല്കരണ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.
എന്നാല്‍ കൊവിഡ് കാലത്തോടെ സ്ഥിതി ദയനീയമായി. കരാറുകാരന് ഭീമമായ സാമ്പത്തിക ബാധ്യത വന്നതോടെ പാര്‍ക്ക് നടത്തിപ്പ് ഉപേക്ഷിക്കപ്പെട്ടു. മാസത്തില്‍ ഏഴുലക്ഷം രൂപയാണ് വാടകയും ചെലവുമായി കരാറുകാരന് ഉണ്ടാകുന്നത്. ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്നതിനാല്‍ വാടകയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും അതൊന്നും അനുവദിക്കപ്പെട്ടില്ല. പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ ഒട്ടും കിട്ടിയുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടയ്ക്കിടെ കണ്ടൈന്‍മെന്റ് സോണാക്കുന്നതും സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതും പ്രതികൂലമായ സമയക്രമവും പാര്‍ക്ക് നടത്തിപ്പ് പ്രയാസകരമായി തീര്‍ത്തെന്നാണ് കരാറുകാരന്റെ പക്ഷം.
എന്നാല്‍ സന്ദര്‍ശകര്‍ ഇപ്പോള്‍ സജീവമായി ബീച്ചിലെത്തുന്നുണ്ട്. പലരും പാര്‍ക്കിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ്. പ്രശ്നപരിഹാരത്തിന് ഇടപേടേണ്ട കൊല്ലം കോര്‍പ്പറേഷനാകട്ടെ നിസംഗത തുടരുകയാണ്. പാര്‍ക്കിലെ കളിയുപകരണങ്ങളെല്ലാം നശിക്കുകയാണ്. കാടുകയറിയ ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിയുന്ന മദ്യക്കുപ്പികളും മറ്റും കാണാം. അകത്തേക്ക് സുഖമായി കയറാനുള്ള വഴിയും മതിലിലെ ഇരുമ്പ് കമ്പി നശിപ്പിച്ച് ഇവര്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: