ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും നികുതി വെട്ടിക്കുറയ്ക്കുന്നത് ധനമന്ത്രാലയം പരിഗണിക്കുന്നു. റെക്കോര്‍ഡിലെത്തിയ ഇന്ധനവില വര്‍ധനയുടെ ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചു അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പത്തുമാസംകൊണ്ട് ക്രൂഡ് ഓയില്‍ വില ഇരട്ടിയോളം എത്തിയതാണ് ഇന്ധവില വര്‍ധനയ്ക്ക് പ്രധാന കാരണം.
നിലവിലെ ചില്ലറ വില്‍പ്പന വിലയുടെ അറുപത് ശതമാനത്തോളം നികുതികളും തീരുവകളും ഉള്‍പ്പെടും. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതികളും ഇതില്‍ പെടും. കോവിഡ് പ്രതിസന്ധിക്കിടെ വരുമാനം കുറഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ രണ്ടുതവണ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. ഉപഭോക്താക്കളുടെ മേലുള്ള നികുതി ഭാരം ഫലപ്രദമായി കൂറയ്ക്കാന് ചില സംസ്ഥാനങ്ങളുമായും എണ്ണ കമ്പനികളുമായും പെട്രോളിയം മന്ത്രാലയവുമായും കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ചകള്‍ തുടങ്ങി.
വിലസ്ഥിരതയ്ക്കുവേണ്ടിയുള്ള വഴികളാണ് തേടുന്നതെന്നും മാര്‍ച്ച് പകുതിയോടെ അഭിപ്രായത്തിലെത്താനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളിലൊന്ന് പറഞ്ഞു. നികുതി ഘടനയില്‍ വീണ്ടും മാറ്റം വരുത്തുന്ന സാഹചര്യം ഒഴിവാക്കാന്‍, നികുതികള്‍ കുറയ്ക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാരിന് എണ്ണ വിലകള്‍ സ്ഥിരമായ സംഖ്യയിലേക്ക് എത്തേണ്ടതുണ്ടെന്നും ഈ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: