കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയുടെ പ്രചാരണത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ പൊളിച്ചുനീക്കുന്നത് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് അലങ്കാരങ്ങളും ബോര്‍ഡുകളും പൊളിച്ചു മാറ്റുന്നതെന്നായിരുന്നു ഇവ നീക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മറുപടി.
കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വന്‍പോലീസ് സന്നാഹത്തോടെ മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്നത് അറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജി. ലിജിന്‍ ലാല്‍, എം.വി. ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് കെ.പി. ഭുവനേഷ്, മേഖലാ സെക്രട്ടറി ടി.എന്‍. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് ഡിവൈഎസ്പി സ്ഥലത്തെത്തുകയും അഴിച്ചുമാറ്റിയ കൊടിതോരണങ്ങളും ബോര്‍ഡുകളും കൊണ്ടുപോകാനായി കയറ്റിയ ലോറിയില്‍ നിന്ന് താഴെയിറക്കിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വിജയയാത്ര നാളെ ജില്ലയില്‍ പ്രവേശിക്കാനിരിക്കെ യാത്രയുടെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും കൊടിതോരണങ്ങളും പൊളിച്ചുനീക്കാന്‍ നടത്തിയനീക്കം ഭരണകൂട ഭീകരതയാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 48 മണിക്കുറുകള്‍ക്കകം രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും സ്തൂപങ്ങളും പൊതുസ്ഥലത്ത് നിന്ന് മാറ്റണമെന്നാണ് ചട്ടമെന്ന് കളക്ടര്‍ പറയുന്നു.
നാല്പത്തിയേഴാം മണിക്കൂറില്‍ പ്രവര്‍ത്തകര്‍ തന്നെ വിജയയാത്രയുടെ പ്രചാരണ സാമഗ്രികള്‍ മാറ്റുമെന്ന് ജില്ലാ കളക്ടറെ നേരിട്ട് അറിയിച്ചിരുന്നു. എന്നിട്ടും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുന്ന സമാപന സമ്മേളനത്തിന്റേതുള്പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ എടുത്തുമാറ്റാന്‍ കാട്ടിയ അമിതാവേശം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം മുനിസിപ്പാലിറ്റി പരിധിയില്‍ തന്നെ സിപിഎമ്മും, കോണ്‍ഗ്രസും സ്ഥാപിച്ച കഴിഞ്ഞ പരിപാടികളുടെ ബോര്‍ഡുകളും കൊടിതോരണങ്ങളും ഉണ്ടെന്നിരിക്കെയാണ് നാളെ നടക്കുന്ന ബിജെപി യാത്രയുടെ കൊടിതോരണങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: